ഇറാഖിലെ ഇന്ത്യക്കാരെ തിരിച്ചെത്തിക്കും; മലയാളി നഴ്സുമാരുടെ കാര്യം സംശയത്തില്‍
ചൊവ്വ, 1 ജൂലൈ 2014 (10:57 IST)
കടുത്ത ആക്രമണങ്ങള്‍ തുടരുന്ന ഇറാഖില്‍ നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തെിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി. ഇറാഖില്‍ കുടുങ്ങിയിരിക്കുന്ന മലയാളികളടക്കമുള്ള 600ഓളം പേരെ ഏതാനും ദിവസങ്ങള്‍ക്കകം നാട്ടിലെത്തെിക്കാനാകുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
നജഫ്, കര്‍ബല, ബസറ എന്നിവിടങ്ങളില്‍ തുടങ്ങിയ എംബസി കാമ്പ് ഓഫിസുകളുടെ ഇടപെടലിനെ തുടര്‍ന്നാണ് ഈ തീരുമാനം. നിലവിലെ സാഹചര്യത്തില്‍ തിക്രീതില്‍ കുടുങ്ങിയിരിക്കുന്ന മലയാളി നഴ്സുമാര്‍ യാത്രചെയ്യുന്നത് സുരക്ഷിതമല്ലെന്ന് മന്ത്രാലയ വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ വ്യക്തമാക്കി.
അവര്‍ക്ക് ആവശ്യമായ വെള്ളവും ഭക്ഷണവും നല്‍കാന്‍ സാഹചര്യമൊരുക്കിയെന്ന് മന്ത്രാലയ വക്താവ് അറിയിച്ചു. 31 പേരുടെ യാത്രക്കുള്ള കടലാസുകളെല്ലാം സജ്ജമായി. കര്‍ബലയില്‍നിന്ന് 30 പേരാണ് അടുത്തദിവസം എത്തുക.