യുദ്ധം നിർത്താതെ ചർച്ചയില്ല: ഹോർമുസിൽ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് ഇറാൻ

രേണുക വേണു

ചൊവ്വ, 31 മാര്‍ച്ച് 2026 (09:17 IST)
തെഹ്‌റാന്‍: പശ്ചിമേഷ്യയിലെ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ, യുദ്ധം പൂര്‍ണ്ണമായും നിര്‍ത്തിയാല്‍ മാത്രമേ ചര്‍ച്ചകള്‍ക്ക് തയ്യാറാകൂ എന്ന കര്‍ശന നിലപാടുമായി ഇറാന്‍. രാജ്യത്തിന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലാണ്  നിലപാട് ഔദ്യോഗികമായി വ്യക്തമാക്കിയിരിക്കുന്നത്. സമാധാന ശ്രമങ്ങളുടെ മറവില്‍ ആക്രമിച്ച ചതി  മറക്കില്ലെന്നും ഇറാന്‍ സുരക്ഷ കൗണ്‍സില്‍ വ്യക്തമാക്കി.
 
യുദ്ധം അവസാനിപ്പിക്കാതെ നടത്തുന്ന ഏതൊരു ചര്‍ച്ചയും അര്‍ത്ഥശൂന്യമാണെന്ന് വ്യക്തമാക്കിയ ഇറാന്‍ ആണവവും മിസൈല്‍ പദ്ധതികളും നിയന്ത്രിക്കണമെന്ന ആവശ്യങ്ങള്‍ ഏകപക്ഷീയവും അംഗീകരിക്കാനാകാത്തതുമാണെന്നും വ്യക്തമാക്കി.അതേസമയം ഹോര്‍മുസ് നിയന്ത്രിക്കുന്നതിനുള്ള പുതിയ നടപടികളും സുരക്ഷ കൗണ്‍സില്‍ പ്രഖ്യാപിച്ചു.
 
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണഗതാഗത പാതകളില്‍ ഒന്നായ ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ നിയന്ത്രണം ശക്തമാക്കിയിട്ടുണ്ട്. പൂര്‍ണ്ണമായ അടച്ചിടല്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ശത്രുരാജ്യങ്ങളുടേതല്ലാത്ത കപ്പലുകള്‍ക്ക് മാത്രമേ കടന്നുപോകാന്‍ അനുമതി നല്‍കുകയുള്ളൂ എന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് മേഖലയില്‍ സൈനികവും സാമ്പത്തികവുമായ സമ്മര്‍ദം വര്‍ധിപ്പിക്കുന്ന നീക്കമായാണ് കണക്കാക്കുന്നത്.സംഘര്‍ഷത്തില്‍ നേരിട്ട് പങ്കാളികളായ രാജ്യങ്ങളുമായി ബന്ധമുള്ള കപ്പലുകള്‍ക്ക് കര്‍ശന പരിശോധനയും നിയന്ത്രണവും ഏര്‍പ്പെടുത്താനാണ് തീരുമാനം. 
 
ഇറാനും അമേരിക്കയും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ ഇല്ലാത്ത സാഹചര്യത്തില്‍, പാകിസ്താന്‍ ഉള്‍പ്പെടെയുള്ള ഇടനിലക്കാരുടെ മുഖാന്തിരം പരോക്ഷമായ ചര്‍ച്ചകള്‍ തുടരുന്നുണ്ട്. എങ്കിലും, ഇരുപക്ഷവും നിലപാടുകളില്‍ വിട്ടുവീഴ്ച കാണിക്കാത്തതിനാല്‍, വേഗത്തില്‍ ഒരു പരിഹാരത്തിലെത്താന്‍ സാധ്യത കുറവാണെന്നാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ വിലയിരുത്തല്‍.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍