ലോകം ഇന്ത്യയെ ആദരവൊടെ നോക്കുന്നു, സല്‍പ്പേരില്‍ മികച്ച രാജ്യങ്ങളില്‍ നമ്മളും
ശനി, 18 ജൂലൈ 2015 (17:12 IST)
രാജ്യാന്തര തരത്തില്‍ നടത്തിയ പഠനത്തില്‍ ഇന്ത്യ സല്‍പ്പേരിലും സ്വരാജ്യത്തേക്കുറിച്ച് അഭിമാനമുള്ള പൌരന്മാരുള്ള രാജ്യമെന്ന നിലയിലും രാജ്യാന്തര തലത്തില്‍ ആദരവ് നേടുന്ന രാജ്യങ്ങളുടെ പട്ടികയിലും ഏറ്റവും മുന്നില്‍. ലോകത്തെ പ്രധാനപ്പെട്ട 55 രാജ്യങ്ങളെ തരതമ്യപ്പെടുത്തി നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ തെളിഞ്ഞത്. റെപ്യൂട്ടേഷൻ ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനമാണ് പഠനം നടത്തിയിരിക്കുന്നത്. കാര്യക്ഷമതയുള്ള സർക്കാർ, മികച്ച പരിസ്ഥിതി, വികസിച്ച സമ്പദ്‌വ്യവസ്ഥ എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയത്.
രാജ്യാന്തര തലത്തിൽ സൽപ്പേരുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് മുപത്തി മൂന്നാം സ്ഥാനമാണുള്ളത്. രാജ്യാന്തര തലത്തിൽ ഇന്ത്യയെ ആദരവോടെ കാണുന്ന ആളുകളുടെ എണ്ണത്തിൽ 7.4 ശതമാനം വളർച്ചയാണുള്ളതെന്നും, ഇന്ത്യയെക്കുറിച്ചുള്ള ഇന്ത്യക്കാരുടെതന്നെ ചിന്തയിലും കാര്യമായ വ്യത്യാസം വന്നിട്ടുണ്ടെന്നും സര്‍വ്വേ പറയുന്നു. സ്വന്തം രാജ്യത്തെക്കുറിച്ച് അഭിമാനിക്കുന്ന പൗരൻമാരുടെ എണ്ണത്തിൽ നാലാമതാണ് ഇന്ത്യ. ഓസ്ട്രേലിയ, കാനഡ, റഷ്യ എന്നീ ലോക ശക്തികള്‍ മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്.
അതേസമയം, ഇന്ത്യയുടെ അയൽരാജ്യങ്ങളായ പാക്കിസ്ഥാനും ചൈനയും പട്ടികയിലെ ഏറ്റവും താഴെയുള്ള 10 രാജ്യങ്ങളിൽപ്പെടുന്നു. പട്ടികയിൽ ചൈന 46-ാം സ്ഥാനത്തും പാക്കിസ്ഥാൻ 45-മതുമാണ്. 54-മതുള്ള ഇറാനും 55-ാമതുള്ള ഇറാഖുമാണ് പട്ടികയിലെ അവസാന സ്ഥാനക്കാർ. യുഎസ് (22), ബ്രിട്ടൻ (13), ഇറ്റലി (14), ജർമനി (15), ഫ്രാൻസ് (19) എന്നിങ്ങനെയാണ് മറ്റു പ്രധാന രാജ്യങ്ങളുടെ നില. ഏറ്റവും വലുതും കരുത്തുറ്റതുമായ രാജ്യങ്ങളെ അത്ര നല്ലവരായിട്ടൊന്നുമല്ല രാജ്യാന്തര സമൂഹം നോക്കിക്കാണുന്നതെന്നും പഠനം വിശദീകരിക്കുന്നു.
ആദരിക്കപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇവയിലൊന്നും അത്ര മുൻനിരയിലില്ല. അതേസമയം, ഏറ്റവും സന്തോഷവും സമാധാനവും പുലരുന്ന രാജ്യങ്ങൾ ആദരിക്കപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിൽ മുൻനിരയിലാണെന്നതും റിപ്പോർട്ട് എടുത്തുകാട്ടുന്നു. ലോക രാജ്യങ്ങൾക്കിടയിൽ ഏഷ്യൻ രാഷ്ട്രങ്ങൾക്കുള്ള സ്ഥാനവും ഉയർന്നുവരുന്നതായാണ് റിപ്പോർട്ട് നൽകുന്ന സൂചന. 10.8 ശതമാനം വളർച്ച രേഖപ്പെടുത്തിയ ഇറാനാണ് ഇക്കാര്യത്തിൽ മുന്നിൽ. ഇന്ത്യയും ചൈനയും യഥാക്രമം 7.4ഉം 7.9ഉം ശതമാനം വളർച്ച കൈവരിച്ചു.
പ്രമുഖ യൂറോപ്യൻ രാജ്യങ്ങൾ സല്‍പ്പേരിന്റെ കാര്യത്തില്‍ മോശം പ്രകടനമാണ് നടത്തുന്നത്. 1.3 ശതമാനം കുറവുമായി ജർമനി പട്ടികയിൽ താഴേക്കു പോയപ്പോൾ സ്പെയിൻ (6.1), പോർച്ചുഗൽ (6.1), ഇറ്റലി (5.4), അയർലൻഡ് (5.2) എന്നീ രാജ്യങ്ങളും സൽപ്പേരിന്റെ കാര്യത്തിൽ തങ്ങളുടെ സ്ഥാനം ഊട്ടിയുറപ്പിച്ചു.