സഹിഷ്‌ണുതയെ കുറിച്ചും സഹവര്‍ത്തിത്വത്തെ കുറിച്ചും പഠിപ്പിക്കാന്‍ കഴിവുളള രാജ്യമാണ് ഇന്ത്യ...!
വ്യാഴം, 7 മെയ് 2015 (12:53 IST)
അസഹിഷ്ണുതയും, മതപരമായ ചേരിതിരിവും വര്‍ഗീയതയും നടമാടുന്ന രാജ്യമാണ് ഇന്ത്യ എന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി രാജ്യത്ത് കേള്‍ക്കാന്‍ തുടങ്ങിയിട്ട്. ഇന്ത്യയെ അസഹിഷ്ണുതയുടെ പേരില്‍ വിമര്‍ശിക്കാന്‍ പലരും രംഗത്ത് വരികയും ചെയ്തു. എന്നാല്‍ അവര്‍ക്കെല്ലാം ചുട്ടമറുപടിയുമായി സൌദി ചിന്തകന്‍ രംഗത്ത്. ലോകത്ത് ഏറ്റവും കൂടുതല്‍ സഹിഷ്‌ണുതയുളള രാജ്യമാണ് ഇന്ത്യയെന്ന് സൗദിയിലെ പ്രശസ്‌ത കോളമിസ്‌റ്റും ചിന്തകനുമായ ഖലാഫ് അല്‍-ഹര്‍ബി പറയുന്നത്. 'സൗദി ഗസറ്റി'ല്‍ 'ഇന്‍ഡ്യ- എ കണ്‍ട്രി ദാറ്റ് റൈഡ്‌സ് എലഫന്റ്‌സ്' എന്ന പേരില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇന്ത്യ ഏറ്റവും സഹിഷ്‌ണുതയുളള രാജ്യമാണെന്ന് ഇദ്ദേഹം സ്ഥാപിക്കുന്നത്.
ഇന്ത്യയെ കുറിച്ച് പറയുമ്പോള്‍ അല്‍പ്പം അസൂയ തോന്നുന്നു. ഇന്ത്യയില്‍ നൂറിലധികം മതങ്ങളും നൂറിലധികം ഭാഷകളുമുണ്ടെങ്കിലും ജനങ്ങള്‍ സൗഹാര്‍ദത്തോടെയും സമാധാനത്തോടെയുമാണ് കഴിയുന്നത്. ഞാന്‍ ഒറ്റ മതവും ഒറ്റ ഭാഷയും ഉളള സ്‌ഥലത്തു നിന്നാണ് വരുന്നതെങ്കിലും അവിടെയെല്ലാം കൂട്ടക്കുരുതി മാത്രമാണുളളത്. ലോകം സഹിഷ്‌ണുതയെ ഏതു രീതിയില്‍ വ്യാഖ്യാനിച്ചാലും സഹിഷ്‌ണുതയെ കുറിച്ചും മതപരവും രാഷ്‌ട്രീയപരവുമായ വ്യത്യാസങ്ങള്‍ക്ക് അതീതമായുളള സഹവര്‍ത്തിത്വത്തെ കുറിച്ചും പഠിപ്പിക്കാന്‍ കഴിവുളള ഏറ്റവും പഴക്കമുളളതും പ്രാധാന്യമുളളതുമായ സ്‌കൂളാണ് ഇന്ത്യയെന്നും ഖലാഫ് എഴുതുന്നു.
പരീക്ഷണത്തിന്റെ ഭാഗമായി എല്ലാ അറബികളെയും ഇന്ത്യയിലേക്ക് അയച്ചാല്‍ അവര്‍ ഭയരഹിത മനുഷ്യസാഗരത്തില്‍ അലിഞ്ഞു ചേരും. വിഭാഗീയതയും തീവ്രവാദവും കൂടി അലിഞ്ഞില്ലാതാവുകയും സഹോദരീസഹോദരന്‍മാരെ കൊല്ലുന്നതിനെ ന്യായീകരിക്കാന്‍ ലോകത്ത് ഒന്നിനും സാധിക്കില്ലെന്ന് മനസ്സിലാവുകയും ചെയ്യുമെന്നും അദ്ദേഹം പറയുന്നു.
സൂചി മുതല്‍ റോക്കറ്റു വരെ നിര്‍മ്മിക്കാന്‍ കഴിവുളള രാജ്യം ഇന്ന് ചൊവ്വയില്‍ വരെ എത്തിയെന്നും എല്ലാവരും കൈകോര്‍ത്ത് പിടിച്ചാണ് അവിടെ രാഷ്‌ട്രനിര്‍മ്മിതി നടത്തുന്നതെന്നും ഖലാഫ് തന്റെ ലേഖനത്തില്‍ പറയുന്നു. പാവങ്ങളെ പുച്‌ഛിക്കുകയോ ധനികരെ വെറുക്കുകയോ ചെയ്യാത്ത രാജ്യമാണത്. പലരീതിയിലും ഇന്ത്യക്കാര്‍ വൈശിഷ്‌ട്യമുളളവരാണ്. അവര്‍ സമുന്നതരാണ്. അസൂയാലുക്കള്‍ക്കല്ലാതെ മറ്റാര്‍ക്കും അത് നിഷേധിക്കാനാവില്ല എന്നും ലേഖനത്തില്‍ പറയുന്നു.
വൈവിധ്യവും സഹവര്‍ത്തിത്വവുമാണ് ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ജനാധിപത്യരാജ്യങ്ങളിലൊന്നായ ഇന്ത്യയുടെ സംസ്‌കാരത്തിന്റെ ഡിഎന്‍എയെന്നും എണ്ണ യുഗത്തിനു മുമ്പ് ഇന്ത്യയെ സമ്പത്തിന്റെയും സംസ്‌കാരത്തിന്റെയും പശ്‌ചാത്തലത്തിലാണ് സൗദിക്കാര്‍ കണ്ടിരുന്നത് എന്നും പുരോഗനവാദിയായ കോളമിസ്‌റ്റ് പങ്കുവയ്‌ക്കുന്നു.