ഇന്ത്യ കരുതിയിരിക്കുക; ഭയപ്പെടുത്തുന്ന പരിശീലന ദൃശ്യങ്ങള്‍ ചൈന പുറത്തുവിട്ടു - സൈനിക നീക്കം നടന്നത് ടിബറ്റില്‍

വെള്ളി, 4 ഓഗസ്റ്റ് 2017 (17:00 IST)
സിക്കിം അതിർത്തിയിൽ തുടരുന്ന സംഘർഷത്തിൽ നിലപാടു കടുപ്പിച്ചതിന് പിന്നാലെ ടിബറ്റിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ പീരങ്കികളും മിസൈലുകളും ഉപയോഗിച്ച് യുദ്ധ സമാനമായ പരിശീലനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ ചൈന പുറത്തുവിട്ടു.

സമുദ്രനിരപ്പില്‍ നിന്ന് 5100 മീറ്റര്‍ ഉയരത്തിലുള്ള ടിബറ്റിലെ ഒരു പ്രത്യേക സ്ഥലത്താണ് ചൈനീസ് സൈന്യം പരിശീലനം നടത്തിയത്. ചെറിയ ടാങ്കുകള്‍ക്കൊപ്പം ഉഗ്രശേഷിയുള്ള മിസൈലുകളും ചൈനീസ് പട്ടാളം പരീക്ഷിച്ചു. വീര്യം കുറഞ്ഞ ബോംബുകള്‍ ഉപയോഗിച്ച് സ്ഫോടനങ്ങളും നടത്തുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു.

ചൈന സെൻട്രൽ ടെലിവിഷൻ ബ്രോഡ്കാസ്റ്റ് വെള്ളിയാഴ്ചയാണ് ഈ വിഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടത്. നേരത്തെ ഇന്ത്യയോട് പരമാവധി സൗമനസ്യം കാട്ടിയിരിക്കുകയാണെന്നു പറഞ്ഞ ചൈന, സംയമനത്തിന് അതിന്റെ പരിധിയുണ്ടെന്നും മുന്നറിയിപ്പു നൽകിയിരുന്നു.

സിക്കിമിലെ ഇന്ത്യൻ അതിർത്തിയോട് ചേർന്ന ദോക് ലാ മേഖലയില്‍ ചൈനീസ് സൈന്യം നടത്തിയ റോഡ് നിർമാണം ഇന്ത്യ തടഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. റോഡ് നിര്‍മാണം ഭൂട്ടാൻ എതിർത്തതിന് പിന്നാലെ എതിര്‍പ്പുമായി ഇന്ത്യയും രംഗത്തെത്തി. തുടര്‍ന്ന് ദോക് ലാ ഭാഗത്ത് ഇന്ത്യ കൂടുതൽ സേനയെ വിന്യസിച്ചു. ഇതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. ഭൂട്ടാനും ഇന്ത്യയും  ചൈനയും ചേരുന്ന ട്രൈജംക്‌ഷനിലാണ് വിവാദമുണ്ടായിട്ടുള്ളത്.

വെബ്ദുനിയ വായിക്കുക