ബാലപീഡനത്തില്‍ ആശങ്കയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ
സഭയില്‍ നടമാടുന്ന ബാലപീഡനത്തിനെതിരെ നടപടികളെടുക്കാത്ത റോമന്‍ കത്തോലിക്കാ സഭാ നേതൃത്വത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ രൂക്ഷമായി വിമര്‍ശിച്ചു. ‘പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച പുരോഹിതരുടെ പ്രവര്‍ത്തി ഏറ്റവും അധമമായതാണ്.
ജനങ്ങളില്‍നിന്നും ഇവ മറച്ചുവെച്ച ബിഷപ്പുമാര്‍ ഉത്തരം പറയാന്‍ ബാധ്യസ്ഥരാണ്’ -മാര്‍പാപ്പ പറഞ്ഞു. നടപടികള്‍ സ്വീകരിക്കാതിരിക്കുകയും പീഡനങ്ങള്‍ ബിഷപ്പുമാര്‍ മറച്ചുവെച്ചതുമാണ് മാര്‍പാപ്പയെ ചൊടിപ്പിച്ചത്. കുട്ടികളെ പീഡിപ്പിച്ച പുരോഹിതരെ സഭയില്‍നിന്നു പുറത്താക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇത്തരം തെറ്റുകള്‍ സഭ ഒരിക്കലും വെച്ചു പൊറുപ്പിക്കില്ലെന്നും വിശ്വാസികള്‍ക്കിത് ഏറെ മനക്ലേശം ഉണ്ടാക്കുമെന്നും മാര്‍പാപ്പ പറഞ്ഞു. പീഡനത്തിന് ഇരകളോട് താന്‍ മാപ്പു ചോദിക്കുന്നുവെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പൂര്‍ണമായി പീഡനങ്ങള്‍ അവസാനിപ്പിച്ച് കുട്ടികളെ സംരക്ഷിക്കുന്ന സഭാ നേതൃത്വമാണ് ആവശ്യമെന്ന് മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.