ലോകം നാലാം തരംഗത്തിലേക്ക്? കോവിഡ് കേസുകള്‍ പെരുകുന്നു, ആഗോള തലത്തില്‍ എട്ട് ശതമാനം വര്‍ധനവ് !

വ്യാഴം, 17 മാര്‍ച്ച് 2022 (12:00 IST)
ലോകം കോവിഡ് നാലാം തരംഗത്തിലേക്ക് നീങ്ങുന്നതായി സൂചന. കോവിഡ് കേസുകള്‍ കുത്തനെ താഴ്ന്ന ശേഷം വീണ്ടും ഉയരുന്ന സ്ഥിതിയാണ് ഇപ്പോള്‍ ഉള്ളത്. ആഗോള തലത്തില്‍ കോവിഡ് കേസുകള്‍ കഴിഞ്ഞ ഒരാഴ്ചയായി വര്‍ധിക്കുകയാണ്. ഇത് ആശങ്കപ്പെടുത്തുന്ന സാഹചര്യമാണെന്ന് ലോകാരോഗ്യസംഘടന പറഞ്ഞു. ചില രാജ്യങ്ങളില്‍ പരിശോധനകളുടെ എണ്ണത്തില്‍ ഇടിവ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വൈറസിനെതിരെ ജാഗ്രത പാലിക്കണമെന്ന് രാജ്യങ്ങള്‍ക്ക് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി.
 
കോവിഡിന്റെ ഉത്ഭവ കേന്ദ്രമായ ചൈനയിലാണ് സ്ഥിതി രൂക്ഷമായിരിക്കുന്നത്. രാജ്യത്തെ പതിമൂന്ന് നഗരങ്ങളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. ചൈനയിലെ ജിലിന്‍ പ്രവിശ്യയില്‍ മൂന്നു കോടിയോളം ജനങ്ങള്‍ ലോക്ക്ഡൗണിലാണ്. ചില രാജ്യങ്ങളില്‍ പരിശോധനയില്‍ കുറവുണ്ടായിട്ടും വര്‍ദ്ധനവ് സംഭവിക്കുകയാണ്. അതിനര്‍ത്ഥം ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകള്‍ മഞ്ഞുമലയുടെ അറ്റം മാത്രമാണ് സൂചിപ്പിക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
 
മുന്‍ ആഴ്ചയെ അപേക്ഷിച്ച് ആഗോളതലത്തില്‍ പുതിയ കോവിഡ് കേസുകളില്‍ 8 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. മാര്‍ച്ച് 7 മുതല്‍ 13 വരെ 11 ദശലക്ഷം പുതിയ കേസുകളും 43,000 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍