ശൈശവ വിവാഹത്തെ എതിര്‍ക്കുന്ന ഐക്യരാഷ്ട്രസഭ പ്രമേയത്തെ ഇന്ത്യ അനുകൂലിച്ചില്ല
തിങ്കള്‍, 14 ഒക്‌ടോബര്‍ 2013 (15:09 IST)
PRO
ശൈശവ വിവാഹത്തെ എതിര്‍ത്തുകൊണ്ട് ഐക്യരാഷ്ട്ര സഭ കൊണ്ടുവന്ന പ്രമേയത്തെ ഇന്ത്യ അനുകൂലിച്ചില്ലെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയ്ക്ക് പുറമെ ബംഗ്ലാദേശും പ്രമേയത്തെ അനുകൂലിച്ചില്ല
ശൈശവ വിവാഹം ഏറ്റവും കൂടുതലായി നടക്കുന്ന എത്യോപ്യ, തെക്കന്‍ സുഡാന്‍, സിയറ ലിയോണ്‍, ഛാഡ്, ഗ്വാട്ടിമാല, ഹോണ്ടൂറാസ് തുടങ്ങിയ 107 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചപ്പോഴാണ് ഇന്ത്യ വിരുദ്ധ നിലപാടെടുത്തത്.
ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സിലാണ് പ്രമേയത്തിന് രൂപം നല്‍കിയത്. ശൈശവ വിവാഹവും പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പ് നടത്തുന്ന നിര്‍ബന്ധ വിവാഹവും തടയുന്ന പ്രവര്‍ത്തനങ്ങള്‍ ഐക്യരാഷ്ട്ര സംഘടന പ്രധാന അജണ്ടയായി സ്വീകരിക്കണം.
വിവാഹങ്ങള്‍ മൂലം സ്ത്രീകളുടേയും കുട്ടികളുടേയും സാമ്പത്തിക, ആരോഗ്യ, സാമൂഹ്യ രംഗത്ത് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് അവരെ ബോധവത്കരിക്കണം എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് പ്രമേയത്തിൽ അവതരിപ്പിക്കപ്പെട്ടത്.