കർക്കിടക മാസത്തില്‍ മുരിങ്ങയില കഴിക്കരുതെന്ന് പറയുന്നു... എന്താണ് അതിന്റെ കാരണം ?

വെള്ളി, 28 ജൂലൈ 2017 (14:42 IST)
കർക്കിടക മാസത്തില്‍ മുരിങ്ങയില കഴിക്കരുതെന്ന് പഴമാക്കാര്‍ പറയുന്നതിന്റെ കാരണം എന്താണ് ? മറ്റുള്ള ഇലകൾക്കൊന്നും ഇല്ലാത്ത എന്തു പ്രത്യേകതയാണ് മുരിങ്ങയിലക്ക് മാത്രമായി ഉള്ളത് ? പലരും ചോദിക്കുന്ന ഒരു ചോദ്യമാണിത്. എന്നാല്‍ അറിഞ്ഞോളൂ... അതിന് വ്യക്തമായ ഒരു ഉത്തരമുണ്ട്. എന്താണെന്ന് നോക്കാം...
 
പണ്ട് കാലത്ത് കിണറിന്റെ കരയിലായിരുന്നു മുരിങ്ങ നട്ടിരുന്നത്. അതിനൊരു കാരണമുണ്ടായിരുന്നു. നില്‍ക്കുന്ന പ്രദേശത്തെ ഭൂമിയിലെ വിഷാംശമെല്ലാം വലിച്ചെടുക്കാൻ കഴിവുള്ള ഒരു വൃക്ഷമാണ് മുരിങ്ങ എന്നതുതന്നെയാണ് അതിനുള്ള കാരണമെന്നാണ് പൂര്‍വികര്‍ പറയുന്നത്.
 
അത്തരത്തില്‍ വലിച്ചെടുക്കുന്ന വിഷാംശമെല്ലാം അതിന്റെ തടിയിൽ സൂക്ഷിച്ചു വക്കുകയാണ് മുരിങ്ങ ചെയ്യുന്നത്. എന്നാൽ കടുത്ത മഴയുള്ള സമയത്ത് തടിയിലേക്ക് അധികമായി കയറുന്ന ജലം മൂലം, നേരത്തെ സൂക്ഷിച്ചു വച്ചിരിക്കുന്ന വിഷാംശത്തെ കൂടി ഉള്‍ക്കൊള്ളാൻ തടിക്കു സാധിക്കാതെ വരും. 
 
അങ്ങനെ വരുമ്പോൾ ആ വിഷത്തെ ഇലയിൽ കൂടി പുറത്തേക്ക് കളയാനാണ് മുരിങ്ങ ശ്രമിക്കുക. അപ്പോള്‍ അതിലെ ഇലകള്‍ മുഴുവൻ വിഷമയമായി മാറുകയും ചെയ്യും. ഈ വിഷം ഇലയിൽ നില നില്‍ക്കുന്നതിനാലാണ് കർക്കിടകത്തിൽ മുരിങ്ങയില കഴിക്കരുതെന്ന് പഴമക്കാര്‍ പറയുന്നത്. 

വെബ്ദുനിയ വായിക്കുക