Zika Virus Alert: സിക്ക വൈറസ് കര്‍ണാകയില്‍; അറിയേണ്ടതെല്ലാം ഒറ്റനോട്ടത്തില്‍

ചൊവ്വ, 13 ഡിസം‌ബര്‍ 2022 (12:21 IST)
Zika Virus Alert: കേരളത്തിന്റെ അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍ അഞ്ച് വയസുകാരിക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചിരിക്കുകയാണ്. കേരളത്തിലും അതീവ ജാഗ്രത വേണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. എന്താണ് സിക്ക വൈറസ് എന്നും ലക്ഷണങ്ങള്‍ എന്തെല്ലാമാണെന്നും അറിഞ്ഞിരിക്കാം. 
 
ഉഗാണ്ടയിലാണ് സിക്ക വൈറസിന്റെ ഉത്ഭവം. മനുഷ്യരില്‍ അല്ല സിക്ക വൈറസ് ആദ്യം കണ്ടെത്തിയത്. ഉഗാണ്ടയില്‍ സിക്ക കാടുകളിലെ കുരങ്ങുകളില്‍ ആണ് വൈറസ് ആദ്യം കണ്ടെത്തിയത്. 2017 ലാണ് ഇന്ത്യയില്‍ ആദ്യമായി സിക്ക വൈറസ് റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തില്‍ ആദ്യമായാണ് സിക്ക വൈറസ് ബാധ ഇന്നലെ സ്ഥിരീകരിച്ചത്. സിക്ക വൈറസ് വാക്സിന്‍ കണ്ടെത്തുന്നതില്‍ പരീക്ഷണങ്ങള്‍ ഇപ്പോള്‍ നടക്കുകയാണ്. കൊതുകുജന്യ വൈറസ് രോഗമാണ് സിക്ക വൈറസ്. 
 
സിക്ക വൈറസ് ഗര്‍ഭസ്ഥ ശിശുവിനെയും ബാധിക്കും. ഗര്‍ഭകാലത്തുള്ള സിക്ക വൈറസ് ജനിക്കുന്ന കുട്ടികളുടെ അംഗ വൈകല്യത്തിന് കാരണമാകും. ഗര്‍ഭകാലത്തുള്ള സങ്കീര്‍ണതയ്ക്കും ഗര്‍ഭഛിത്രത്തിനും കാരണമായേക്കാം. കുട്ടികളിലും മുതിര്‍ന്നവരിലും സിക്ക ബാധിച്ചാല്‍ നാഡീസംബന്ധമായ പ്രശങ്ങളിലെത്തിക്കും. 
 
കൊതുകുകള്‍ വഴിയാണ് സിക്ക വൈറസ് രോഗം പടരുന്നത്. ലൈംഗികബന്ധത്തിലൂടെയും വൈറസ് പകരും. സിക്ക വൈറസ് രോഗബാധിതനായ ഒരാളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ രോഗം പകരുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ലക്ഷണങ്ങളൊന്നും ഇല്ലാത്ത ഒരാളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാലും രോഗം പകരാം. കോണ്ടം ഉപയോഗിക്കുന്നത് ലൈംഗിക ബന്ധത്തിലൂടെ സിക്ക വൈറസ് പകരാനുള്ള സാധ്യത കുറയ്ക്കും. ഗര്‍ഭസ്ഥ ശിശുവിന് രോഗം ബാധിക്കാന്‍ സാധ്യത കൂടുതലാണ്. അതായത് അമ്മയ്ക്ക് രോഗം ഉണ്ടെങ്കില്‍ കുട്ടിയ്ക്കും രോഗം പകരാം. രോഗം ബാധിച്ച ഒരാളില്‍ നിന്ന് രക്തം സ്വീകരിക്കുന്നതിലൂടെയും സിക്ക വൈറസ് പിടിപെടാനുള്ള സാധ്യത കൂടുതലാണ്. 
 
പ്രധാനമായും ഈഡിസ് ഈജിപ്തി വിഭാഗത്തിലെ കൊതുകുകള്‍ പരത്തുന്ന രോഗമാണ് സിക്ക. ഇത്തരം കൊതുകുകള്‍ പകല്‍ സമയത്താണ് കടിക്കുന്നത്. പനി, ചുവന്ന പാടുകള്‍, പേശി വേദന, സന്ധി വേദന, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. സാധാരണയായി രണ്ട് മുതല്‍ ഏഴ് ദിവസം വരെ രോഗലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കും. മൂന്ന് മുതല്‍ 14 ദിവസമാണ് സിക്ക വൈറസിന്റെ ഇന്‍കുബേഷന്‍ കാലയളവ്. സിക്ക വൈറസ് അണുബാധയുള്ള മിക്ക ആളുകള്‍ക്കും രോഗലക്ഷണങ്ങള്‍ കാണാറില്ല. മരണങ്ങള്‍ അപൂര്‍വമാണ്.
 
കൊതുകു കടിയില്‍ നിന്നും രക്ഷനേടുകയാണ് സിക്കയെ പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗം. പകല്‍ സമയത്തും വൈകുന്നേരവും കൊതുക് കടിയില്‍ നിന്ന് സംരക്ഷണം നേടുക എന്നത് വളരെ പ്രധാനമാണ്. ഗര്‍ഭിണികള്‍, ഗര്‍ഭധാരണത്തിന് തയ്യാറെടുക്കുന്ന സ്ത്രീകള്‍, കൊച്ചുകുട്ടികള്‍ എന്നിവര്‍ കൊതുക് കടിയേല്‍ക്കാതെ ശ്രദ്ധിക്കണം. കൊതുകിന്റെ ഉറവിട നശീകരണം പ്രധാനമാണ്. വെള്ളം കെട്ടിനില്‍ക്കാതെ വീടും പരിസരവും സ്ഥാപനങ്ങളും സംരക്ഷിക്കേണ്ടതാണ്. 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍