തണുപ്പ്കാലത്ത് സന്ധിവാതം കൂടാം, പ്രശ്നങ്ങൾ സംഭവിക്കാതിരിക്കാൻ ഈ വഴികൾ

ചൊവ്വ, 5 ഡിസം‌ബര്‍ 2023 (19:29 IST)
ശരീരത്തിലെ ഒന്നോ അതിലധികമോ സന്ധികള്‍ക്കുണ്ടാകുന്ന വീക്കമാണ് സന്ധിവാതം. സന്ധികളില്‍ ദൃഡമാകാനും ചലനക്ഷമത കുറയാനും സന്ധിവാതം കാരണമാകും. തണുപ്പ്കാലത്ത് സന്ധിവാതം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ രൂക്ഷമാകാറുണ്ട്. താപനിലയിലെ ഏറ്റക്കുറച്ചിലും അന്തരീക്ഷ മര്‍ദ്ദത്തിലുണ്ടാകുന്ന മാറ്റവും കൂടിയ ഈര്‍പ്പവുമെല്ലാം സന്ധിവാതം വര്‍ദ്ധിക്കുന്നതിന് കാരണമാകാം. എന്നാല്‍ ചില പൊടിക്കൈകളിലൂടെ സന്ധിവേദന വരാനുള്ള സാധ്യതകള്‍ നമുക്ക് കുറയ്ക്കാം.
 
എപ്പോഴും സജീവമായി ഇരിക്കാന്‍ ശ്രദ്ധിക്കുക. ഇത് സന്ധിവാതത്തിന്റെ ലക്ഷണങ്ങളെ ലഘൂകരിക്കും. നീന്തല്‍,സൈക്കിള്‍,നടത്തം പോലുള്ള ലഘുവായ വ്യായമങ്ങള്‍ തെരെഞ്ഞെടുക്കാം. ഉത് ശരീരത്തിന് അയവ് നല്‍കാനും പേശികളെ ബലപ്പെടുത്താനും സഹായിക്കുന്നു. തണുപ്പ് കാലത്ത് ശരീരത്തെ ചൂടാക്കി നിര്‍ത്തുന്ന വസ്ത്രങ്ങളാണ് ധരിക്കേണ്ടത്. സന്ധികള്‍ക്ക് ചൂട് പകരുന്നത് വേദന കുറയ്ക്കാനും ദൃഡത കുറയ്ക്കാനും സഹായിക്കും. ഇതിനായി ചൂടുള്ള ടവലുകളോ ഹീറ്റിംഗ് പാഡുകളോ ഉപയോഗിക്കാം.
 
അമിതമായ ശരീരഭാരം സന്ധികള്‍ക്ക് മേലെ അമിതമായ സമ്മര്‍ദ്ദം ചെലുത്തും. അതിനാല്‍ ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുന്നത് സന്ധികളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തും. ഇതിന് പുറമെ ആവശ്യത്തിന് ജലം കുടിച്ച് ശരീരത്തിലെ ജലാംശം നിലനിര്‍ത്തണം. ഇത് സന്ധികളിലെ ഘര്‍ഷണം കുറയ്കാന്‍ സഹായിക്കും. സന്ധിവാതം മൂലം ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ബുദ്ധിമുട്ട് നേരിടൂന്നവര്‍ ഊന്ന് വടികള്‍,വാക്കര്‍ എന്നിവയുടെ സഹായം തേടേണ്ടതുണ്ട്. ഇത് സന്ധികള്‍ക്ക് മേലുള്ള സമ്മര്‍ദ്ദം കുറയ്ക്കും.
 
ഇതിനെല്ലാം പുറമെ നീര്‍ക്കെട്ട് കുറയ്ക്കാനുള്ള ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇതിനായി ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ മീനുകള്‍, ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ബെറി പഴങ്ങള്‍,ഇലക്കറികള്‍,വാള്‍നട്ട് പോലുള്ളവയെല്ലാം സന്ധിവാതവുമായി ബന്ധപ്പെട്ട് നീര്‍ക്കെട്ട് കുറയ്ക്കാന്‍ സഹായിക്കും. ഇതിനെല്ലാം പുറമെ ആവശ്യത്തിനുള്ള വിശ്രമവും നിലവാരമുള്ള ഉറക്കവും സന്ധികളുടെ ആരോഗ്യത്തില്‍ നിര്‍ണായകമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍