മറ്റുള്ളവരുടെ ഇയര്‍ഫോണ്‍ ഉപയോഗിക്കാറുണ്ടോ?; വരാനിരിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍

റെയ്‌നാ തോമസ്

വ്യാഴം, 9 ജനുവരി 2020 (16:54 IST)
പാട്ടു കേള്‍ക്കാനും ഫോണില്‍ സംസാരിക്കാനും മിക്കവാറും എല്ലാവരും തന്നെ ഇയര്‍ഫോണ്‍ ഉപയോഗിക്കാറുണ്ട്. ഫോണ്‍ ചെയ്യുമ്പോഴുള്ള റേഡിയേഷന്‍ പ്രശ്‌നങ്ങള്‍ പരമാവധി കുറയ്ക്കാന്‍ ഇക്കാലത്ത് ഇയര്‍ഫോണ്‍ ഉപയോഗം പ്രോത്സാഹിപ്പിക്കപ്പെടുന്നു. എന്നാല്‍ യാത്രകള്‍ക്കും മറ്റും ഇറങ്ങുമ്പോള്‍ ഇയര്‍ഫോണ്‍ എടുക്കാന്‍ മറക്കുന്നവരുമുണ്ട്. മിക്ക ഇയര്‍ഫോണുകളും മാറി മാറി ഉപയോഗിക്കാന്‍ കഴിയുന്നവയായതിനാല്‍ ചിലരെങ്കിലും മറ്റുള്ളവരുടെ ഇയര്‍ഫോണ്‍ തല്‍ക്കാലത്തേക്ക് ഉപയോഗിക്കാറുണ്ട്.
 
സുഹൃത്തുക്കള്‍ക്കിടയിലും ഹോസ്റ്റലുകളിലും മറ്റും ഇത് നിത്യസംഭവമായിരിക്കാം. എന്നാല്‍ ഇങ്ങനെ ഇയര്‍ഫോണ്‍ മാറി ഉപയോഗിക്കുന്നവര്‍ ശ്രദ്ധിച്ചോളൂ. നിങ്ങളുടെ ചെവിയുടെ ആരോഗ്യം അപകടത്തിലാണ്. ഓരോരുത്തരുടേയും ചെവിയിലെ മാലിന്യങ്ങളില്‍ മാരകമായ ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ട്. ഇയര്‍ഫോണ്‍ കൈമാറി ഉപയോഗിക്കുന്നതിലൂടെ ബഡ് വഴി ഇവ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുകയും ചെയ്യുന്നു. ഇത് പുതിയ ബാക്ടീരിയകള്‍ രൂപപ്പെടുന്നതിനും കാരണമാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
 
സ്യൂഡോണോമസ്, സ്റ്റഫിലോകോക്കസ് എന്നീ ബാക്ടീരിയകളാണ് ചെവിയിലെ മാലിന്യത്തില്‍ അടങ്ങിയിരിക്കുന്നത്. എല്ലാവരുടെയും ചെവിയിലെ മെഴുകില്‍ ഈ ബാക്ടീരിയ അടങ്ങിയിട്ടുണ്ട്. എന്നാല്‍, അവര്‍ക്ക് ഇത് ആ സമയങ്ങളില്‍ ദോഷമുണ്ടാക്കില്ല. പക്ഷേ, പുതിയ ബാക്ടീരിയകള്‍ ശരീരത്തിലേക്ക് പ്രവേശിക്കുകയോ മറ്റോ ചെയ്യുമ്പോള്‍ ഇതിന്റെ എണ്ണം കൂടുകയും അത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു.
 
തുടര്‍ന്ന് ഇത് ചെവിയിലെ അണുബാധയ്ക്ക് വഴിവെയ്ക്കുകയും ചെവിയിലെ ചെറിയ എല്ലുകളുടെ ആരോഗ്യത്തെ ബാധിക്കുതയും ചെയ്യുന്നു. തന്‍മൂലം ഭാവിയില്‍ കേള്‍വിക്കുറവിന് വരെ ഇവ കാരണമായേക്കാം. ഇത്തരം ബാക്ടീരിയകള്‍ ശരീരത്തിലോ രോമകൂപത്തിലോ കടക്കുന്നത് ചര്‍മ്മത്തിലെ അണുബാധയ്ക്കും വഴിവെയ്ക്കും. അതുകൊണ്ടു തന്നെ ഇനി മുതല്‍ മറ്റൊരാളുടെ ഇയര്‍ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ഓര്‍ക്കുക നിങ്ങളെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍