അമ്മമാരേ ശ്രദ്ധിക്കൂ... മുരിങ്ങയിലെ ആള് കേമനാണ്!

വെള്ളി, 2 മാര്‍ച്ച് 2018 (16:24 IST)
ഏതൊരു മലയാളിയുടെയും നിത്യ സമ്പത്തായി പടികടന്നെത്തിയ ഒരു അതിഥിയാണ് ബിപി അഥവാ ബ്ലഡ് പ്രഷർ. ജീവിതസാഹചര്യങ്ങളും കഴിക്കുന്ന ഭക്ഷണങ്ങളും ഈ ബിപിക്ക് കാരണമാകാറുണ്ട്. ബിപിയെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ കഴിയുന്നില്ലെങ്കില്‍ അത് വലിയ പ്രശ്‌നങ്ങളിലേക്ക് നമ്മെ കൊണ്ടെത്തിക്കും. ഈ അവസരത്തിലാണ് മുരിങ്ങയിലയുടെ വില നാം മനസിലാക്കേണ്ടത്.
 
വിറ്റാമിന്‍ എ, ബി1, ബി2, ബി3, സി, കാല്‍സ്യം, ക്രോമിയം, കോപ്പര്‍, നാരുകള്‍, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, പ്രോട്ടീന്‍, സിങ്ക് ഇവയെല്ലാം മുരിങ്ങയിലയില്‍ അടങ്ങിയിട്ടുണ്ട്. നാഡിയുടെയും തലച്ചോറിന്റെയും ആരോഗ്യത്തിനു ആവശ്യമായ പൊട്ടാസ്യം മുരിങ്ങയിലയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. 
 
കണ്ണ്, ഹൃദയം, ചര്‍മ്മം എന്നിവയെയും പലതരത്തിലുള്ള രോഗങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ കഴിവുള്ള വിറ്റാമിന്‍ എ യുടെ കൂടി സമ്പത്താണ് മുരിങ്ങയില. ഇത് ശീലമാക്കുന്നത് ബിപിയെ നിയന്ത്രിക്കാന്‍ സഹായിക്കും. പാലില്‍ അടങ്ങിയിരിക്കുന്നതിന്റെ നാലിരട്ടി കാല്‍സ്യമാണ് മുരിങ്ങയിലയിലുള്ളത്‍. അടിവയറ്റിലെ നീര്‍ക്കെട്ട്, സന്ധിവാതം, എന്നിങ്ങനെയുള്ള ചികിത്സയ്ക്കും മുരിങ്ങയുടെ വിവിധ ഭാഗങ്ങള്‍ ഉപയോഗിക്കാറുണ്ട്. 
 
ശരീര ഭാഗങ്ങളില്‍ ഉണ്ടാകുന്ന നീര് കുറയ്ക്കുന്നതിനും മുരിങ്ങയില സഹായകമാണ്. നാരുകള്‍കൊണ്ട് സമ്പുഷ്ടമായതിനാല്‍ ഈ ഹരിതസസ്യം ആമാശയത്തിന്റെ ആരോഗ്യവും കാത്തുസൂക്ഷിക്കും. മുരിങ്ങയിലയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി പകര്‍ച്ചവ്യാധികളുടെ അണുക്കള്‍ക്കെതിരെ പൊരുതാന്‍ സഹായകമാണ്. 
 
പാലൂട്ടൂന്ന അമ്മമാര്‍ മുരിങ്ങയില കഴിക്കുന്നതിലൂടെ മുലപ്പാലിന്റെ അളവ് കൂടും. സുഖപ്രസവത്തിനും പ്രസവശുശ്രൂഷയ്ക്കും മുരിങ്ങ അത്യുത്തമമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍