ആ കണ്ണുകളിലേക്ക് നോക്കരുത്, നമുക്കും പകരും!

ഞായര്‍, 25 മാര്‍ച്ച് 2018 (16:31 IST)
പ്രായഭേദമില്ലാതെ എല്ലാവരെയും ഒരുപോലെ ബാധിക്കുന്ന വൈറല്‍ രോഗമാണ് ചെങ്കണ്ണ്. ചൂട് കാലങ്ങളിലാണ് ചെങ്കണ്ണ് ഏറ്റവും അധികം കണ്ടുവരുന്നത്. നമ്മള്‍ കരുതുന്നതുപോലെ ചെങ്കണ്ണ് അത്ര ഭീകരനൊന്നുമല്ല. ചില പ്രത്യേക കാലാവസ്ഥയില്‍ പടര്‍ന്നുപിടിക്കുന്ന സാംക്രമിക രോഗങ്ങളിലൊന്ന് മാത്രമാണിത്. 
 
സാധാരണ പനിയും മറ്റ് പകര്‍ച്ച വ്യാധികളും പോലെ ഏതാനും ദിവസത്തേക്ക് നമ്മുടെ സാധാരണ ജീവിതം അലങ്കോലപ്പെടുന്ന ഒന്നാണ് ചെങ്കണ്ണ്. കണ്ണിന് ചുവപ്പുനിറം, പോളയിടുങ്ങല്‍, വെള്ളമൊലിക്കല്‍, തരുതരുപ്പ് എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. ചിലരില്‍ ഒന്നു രണ്ടു ദിവസത്തെ തരുതരുപ്പിനു ശേഷം ചുവപ്പു നിറം പ്രത്യക്ഷപ്പെടുകയാണ് ചെയ്യുന്നതെങ്കില്‍ മറ്റു ചിലര്‍ക്ക് കരടുവീണെന്ന പ്രതീതിയാണുണ്ടാവുക.
 
ചെങ്കണ്ണ് രണ്ട് വിധമുണ്ട്, ബാക്ടീരിയ മൂലവും വൈറസ് മൂലം ഉണ്ടാകുന്നവയും. കണ്ണിന് കടുത്ത ചുവപ്പുനിറത്തിന് പുറമെ കണ്ണിനകത്ത് മണ്‍തരികള്‍ അകപ്പെട്ടത് പോലെ ഒരുതരം അസ്വസ്ഥത അനുഭവപ്പെടുക, ഉറക്കമുണരുമ്പോഴും മറ്റ് സമയങ്ങളിലും കണ്ണില്‍ പീളകെട്ടല്‍, അസഹ്യമായ ചൊറിച്ചിലും വേദനയും , കണ്ണീര്‍ ധാരളമായി വരിക എന്നി ലക്ഷണങ്ങളുണ്ടായാല്‍ അത് ബാക്ടീരിയ മൂലമുള്ള ചെങ്കണ്ണ് ആകാനാണ് സാധ്യത.
 
വൈറസ് ബാധയുണ്ടായാല്‍ രോഗം ഒരു കണ്ണിനെ മാത്രമായും ബാധിച്ചക്കോം. ഈ അവസ്ഥയില്‍ പീളകെട്ടലും കുറവാകും. കണ്‍പോളകള്‍ നീരുവന്ന് വീര്‍ത്ത് കണ്ണുകള്‍ ഇടുങ്ങുന്നത് വൈറസ് ബാധയുടെ ലക്ഷണമാണ്. ചിലതരം വൈറസ് ബാധയുണ്ടായാല്‍ കൃഷ്ണമണിക്കുള്ളില്‍ വെളുത്ത പൊട്ടുപോലെ കാണുകയും മറ്റു ചില വൈറസുകള്‍ മൂലം കണ്‍പോളകള്‍ക്കുള്ളില്‍ വെളുത്ത പാടപോലെ കാണപ്പെടുകയും ചെയ്യും. ഇത്തരം ചെങ്കണ്ണ് സുഖപ്പെട്ട് കണ്ണുകള്‍ പൂര്‍വ സ്ഥിതിയിലാവാന്‍ ചുരുങ്ങിയത് മൂന്നാഴ്ചയെങ്കിലുമെടുക്കും.
 
കണ്ണുകള്‍ ഇടക്കിടെ തണുത്ത ശുദ്ധജലത്തില്‍ കഴുകുന്നത് രോഗാണുക്കള്‍ പെരുകുന്നത് തടയാന്‍ സഹായിക്കുകയും അസ്വസ്ഥതകള്‍ കുറക്കുകയും ചെയ്യം. രോഗം ബാധിച്ചാല്‍ കണ്ണിന് പരിപൂര്‍ണ വിശ്രമമാണാവശ്യം. വായന പൂര്‍ണമായി ഒഴിവാക്കുകയും കമ്പ്യൂട്ടര്‍ ഉപയോഗവും ടി.വി കാണലും ഉപേക്ഷിക്കുകയും വേണം.
 
വീട്ടിലോ ഓഫിസിലോ ഒരാള്‍ക്ക് രോഗം വന്നാല്‍ അത് എല്ലാവരെയും ബാധിക്കാന്‍ സാധ്യതയുണ്ട്. രോഗി ഉപയോഗിച്ച ടവല്‍, കണ്ണട, കമ്പ്യൂട്ടര്‍ മൗസ്, ആഹാരം കഴിക്കുന്ന പാത്രങ്ങള്‍, വാഷ്ബേസിനിലെ ടാപ്പ്, സോപ്പ്, കുളിമുറിയില്‍ ഉപയോടിക്കുന്ന തോര്‍ത്തുമുണ്ട്, ടെലിവിഷന്‍ റിമോട്ട് കണ്‍ട്രോള്‍, പുസ്തകം, പേന തുടങ്ങിയവയിലൂടെ രോഗാണു അടുത്ത വ്യക്തിയുടെ കൈകളിലേക്കും തുടര്‍ന്ന് കണ്ണുകളിലേക്കും പടരുന്നു.
 
മാരകമായ രോഗമല്ലെങ്കിലും കാര്യമായി പരിഗണിച്ചില്ലെങ്കില്‍ ചെങ്കണ്ണ് കോര്‍ണിയയെ ബാധിച്ച് കാഴ്ച പ്രതികൂലമാകാന്‍ കാരണമാവും. സാധാരണയായി കോര്‍ണിയയെയല്ല ഈ രോഗം ബാധിക്കാറ്. ചുറ്റുമുള്ള വെള്ള സ്ഥലങ്ങളിലാണ് ചുവപ്പുനിറം പടരുക. ഏതെങ്കിലും പ്രത്യേക കാലത്തല്ല രോഗം പടരുന്നത്. രോഗകാരണം വൈറസ് ആയതുകൊണ്ട് ചികില്‍സ ഫലപ്രദമല്ല. എന്നാല്‍ അസ്വസ്ഥതകള്‍ രൂക്ഷമാക്കുന്ന ബാക്ടീരിയകളെ തടയാനാണ് മരുന്നു ഉപയോഗിക്കുന്നത്.
 
പ്രകൃതിദത്ത സംരക്ഷണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തണുത്തവെള്ളത്തിലായാലും തുടര്‍ച്ചയായി കണ്ണു കഴുകുന്നത് ദോഷമാണ്. മല്ലിയിട്ടു തിളപ്പിച്ചാറിയ വെള്ളവും തണുത്ത വെള്ളവും കണ്ണിലൊഴിക്കുന്നത് പൊതുവെ കാണുന്ന പ്രവണതയാണെങ്കിലും ശരിയല്ലെന്നാണ് വിദഗ്ധാഭിപ്രായം. ചെങ്കണ്ണ് രോഗത്തെ പ്രതിരോധിക്കാന്‍ ഹോമിയോ മരുന്നുകളും ലഭ്യമാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍