കുട്ടികളില്‍ ചെറിയ പനിയില്‍ തുടങ്ങി ചര്‍മ്മത്തില്‍ പാടുകള്‍ വരെ കാണപ്പെടും. അതേസമയം പ്രായമായവരില്‍ ശക്തമായ പനി, ചര്‍മത്തില്‍ ചുമന്ന് തടിച്ച പാടുകള്‍, അസഹനീയമായ പേശിവേദകള്‍ എന്നിവ ആയിരിക്കും പ്രധാനമായും കാണുക. പനി വന്ന് 2 ദിവസങ്ങള്‍ക്ക് ശേഷം കുറയുകയും 3-4 ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും വന്നാല്‍ അത് രോഗലക്ഷണമാണ്. വീണ്ടും പനി ഉണ്ടാകുമ്പോള്‍ ചര്‍മ്മത്തില്‍ പ്രത്യേകിച്ച് കൈകാലുകളില്‍ ചുമന്ന പാടുകളും ഉണ്ടാകാം. പാടുകള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ പനിയുടെ തീവ്രത കുറഞ്ഞേക്കാം. പനിയോടൊപ്പം ചുമ, ശ്വാസംമുട്ടല്‍, ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയവയും ഉണ്ടായേക്കാം.
ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും മടി കാണിക്കുക, മലം കറുത്ത നിറത്തില്‍ പോകുക, രോഗിയിലുണ്ടാകുന്ന സ്വഭാവ വ്യതിയാനങ്ങള്‍, കൈകാലുകള്‍ തണുത്ത് മരവിക്കുക, മൂത്രത്തിന്റെ അളവ് കുറയുക തുടങ്ങിയവയും ഡെങ്കിയുടെ ലക്ഷണമാണ്.
രോഗിക്ക് പരിപൂര്‍ണ വിശ്രമവും ആവശ്യത്തിനു പോഷകാഹാരവും ആവശ്യമാണ്. ധാരാളം വെള്ളം കുടിക്കണം. ഇത് ക്ഷീണം കുറയ്ക്കുവാനും നിര്‍ജ്ജലീകരണത്തെത്തുടര്‍ന്നുള്ള സങ്കീര്‍ണതകള്‍ അകറ്റാനും സഹായിക്കും. ചികിത്സയ്ക്കായി ആസ്പിരിന്‍, ആന്റി ബയോട്ടിക്കുകള്‍ എന്നിവ നല്‍കാറില്ല. ഡെങ്കിപ്പനിക്കെതിരായി ഫലപ്രദമായ വാക്‌സിന്‍ നിലവിലില്ല, അതിനാല്‍ ഈ സാഹചര്യത്തില്‍ രോഗാണുവാഹകരായ കൊതുകുകളെ നിയന്ത്രിക്കുന്നതാണ് പ്രതിരോധത്തിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം. വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചാല്‍ കൊതുകുകള്‍ പെറ്റുപെരുകുന്ന സാഹചര്യം ഒഴിവാക്കാം. പനി പൂര്‍ണമായും ഭേദമാകുന്നതു വരെ രോഗിയെ ശ്രദ്ധയോടെ പരിചരിക്കണം.