താഴ്ന്ന രക്ത സമ്മർദ്ദം അഥവാ നിശബ്ദ കൊലയാളി

ശനി, 6 ഓഗസ്റ്റ് 2016 (16:13 IST)
രക്ത സമ്മർദം എന്നത് വെറുതെ തള്ളിക്കളയാൻ കഴിയുന്ന ഒരു അസുഖമല്ല, വളരെ നിസാരമായ രീതിയിൽ ഇതിനെ കാണുന്നത് അപകടമാണ്. രക്തസമ്മർദം കൂടിയാലും കുറഞ്ഞാലും അത് ആരോഗ്യത്തിന് ദോഷമാണ്. താഴ്ന്ന രക്ത സമ്മർദം നിശബ്‌ദ കൊലയാളിയാണ്. ഉയർന്ന രക്ത സമ്മർദത്തേക്കാൾ അപകടമാണ് താഴ്ന്ന രക്ത സമ്മർദം. സൂക്ഷിച്ചില്ലെങ്കിൽ അത് നമ്മുടെ ജീവനും കൊണ്ടേ പോവുകയുള്ളു.  
 
കേരളത്തിലെ ജനങ്ങളില്‍ 12%ത്തോളം പേർക്ക് രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനങ്ങള്‍ മൂലമുള്ള തകരാറുകളുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മാറിവരുന്ന ജീവിതശൈലിയാണ് ഇതിന് പ്രധാന കാരണം. വായന, ചിന്ത, പ്രഭാഷണം, രചന തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കും തലച്ചോറിലേക്ക് കൂടുതൽ രക്തം വേണ്ടിവരും. സിനിമ, ടെലിവിഷന്‍ തുടങ്ങിയവ കാണുമ്പോള്‍ പോലും നമ്മുടെ രക്ത സമ്മര്‍ദ്ദത്തിൽ വ്യതിയാനം ഉണ്ടാകുന്നത് കാണാൻ സാധിക്കും.
 
രക്ത സമ്മർദത്തിന്റെ സാധാരണ ക്രമം 120/80 എന്ന നിലയിലാണ്. രക്തം ധമനികളിലേയ്ക്ക് പമ്പു ചെയ്യുന്നതിന് കൂടുതല്‍ മര്‍ദ്ദമുപയോഗിക്കേണ്ടിവരുന്നു. പമ്പ് ചെയ്തതിനു ശേഷം ഹൃദയം വിശ്രമിക്കുമ്പോൾ മര്‍ദ്ദം കുറയുകയും രക്തം തിരികെ ഹൃദയത്തിനുള്ളില്‍ നിറയുകയും ചെയ്യുന്നു. സിസ്റ്റോളിക് പ്രഷര്‍ പ്രായപൂര്‍ത്തിയായ ഒരു വ്യക്തിയില്‍ 120 ല്‍ നിന്നും 90 വരെയും ഡൈസ്റ്റോളിക് 80ല്‍ നിന്നും 60 വരെയും താഴാം. ഈ ഒരു രേഖയിൽ നിന്നും താഴേക്കാണ് നിങ്ങളുടെ രക്ത സമ്മർദത്തിന്റെ അളവെങ്കിൽ അത് വളരെ അപകടം പിടിച്ച അവസ്ഥയാണ്. തികച്ചും വൈദ്യസഹായം തേടേണ്ടുന്ന അവസ്ഥ.
 
രക്തപ്രവാഹത്തിനു ശക്തി കുറയുമ്പോള്‍ ചില ലക്ഷണങ്ങള്‍ കാണിക്കും. രക്തപ്രവാഹത്തിന്‍റെ കുറവു മൂലം തലച്ചോറ്, ഹൃദയം, വൃക്കകള്‍ തുടങ്ങിയ ശരീരത്തിലെ പ്രധാന അവയവങ്ങളില്‍ പ്രാണവായുവും പോഷണങ്ങളും എത്തുന്നതു കുറയുന്നു. ഇതു മൂലം ഈ അവയവങ്ങള്‍ക്കു തകരാറു സംഭവിക്കാം. ലക്ഷണങ്ങൾ കൊണ്ടു മാത്രം എളുപ്പത്തിൽ കണ്ടെത്താൻ കഴിയുന്ന അവസ്ഥയാണിത്.
 
തലയ്ക്കു കനം കുറവു തോന്നുക, തലകറക്കം, എഴുന്നേറ്റു നിൽക്കുമ്പോൾ ബോധം കെടുക, ഛർദിക്കാൻ തോന്നുക തുടങ്ങിയവയാണ് താഴ്ന്ന രക്തസമ്മര്‍ദ്ദത്തിന്റെ ലക്ഷണം. നിവര്‍ന്നു നില്‍ക്കുമ്പോള്‍ രക്തപ്രവാഹത്തിന്‍റെ തോത് വര്‍ദ്ധിക്കുന്നു. ഇതിനു മതിയായ സമ്മര്‍ദ്ദം ചെലുത്തുവാന്‍ സാധാരണ വ്യക്തിയുടെ ഹൃദയത്തിനു സാധിക്കുന്നു. എന്നാല്‍ ഇങ്ങനെയുള്ള രക്തചംക്രമണ സ്ഥിതി നിലനിര്‍ത്തിപ്പോരാന്‍ ഹൈപോടെന്‍ഷനുള്ള വ്യക്തിയുടെ ഹൃദയത്തിനു സാധിയ്ക്കാതെ വരുന്നു. അതാണീ ആരോഗ്യ പ്രശ്നങ്ങളുടെ കാരണം. 
 
ശരീരഭാരം നിയന്ത്രിക്കുക, പുകവലി,മദ്യപാനം എന്നിവ ഒഴിവാക്കുക, ആഹാരത്തിലെ ഉപ്പിന്റെ അളവ് കുറയ്ക്കുക, ആവശ്യത്തിന് ഭക്ഷണം കഴിക്കുക, ധാരാളം വെള്ളം കുടിക്കുക. ശരീര ഭാരം വർധിപ്പിക്കുക ( അധികമാകരുത്) എന്നിവ വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ്. ജീവനു തന്നെ ഭീഷണിയുള്ള ഈ അസുഖത്തെ തീർത്തും നാടൻ രീതിയിൽ ക്രമീകരിക്കാൻ കഴിയുന്നതാണ്. ജീവിതരീതികളും ഭക്ഷണ ക്രമങ്ങളും ശ്രദ്ധിച്ചാൽ മാത്രം മതി.

വെബ്ദുനിയ വായിക്കുക