മനുഷ്യ ശരീരത്തിനു ഏറ്റവും അത്യാവശ്യമുള്ള ഒന്നാണ് ഉറക്കം. കൃത്യമായ ഉറക്കമില്ലെങ്കില്‍ പലവിധ ആരോഗ്യപ്രശ്നങ്ങള്‍ നിങ്ങളെ തേടിയെത്തും. പ്രായപൂര്‍ത്തിയായ ഒരാള്‍ രാത്രി തുടര്‍ച്ചയായി ആറ് മുതല്‍ ഏഴ് മണിക്കൂര്‍ വരെ നിര്‍ബന്ധമായും ഉറങ്ങണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. രാത്രി നേരം വൈകി ഉറങ്ങുന്നത് ആരോഗ്യത്തിനു ദോഷം ചെയ്യുമെന്ന് സാരം. സ്ഥിരമായി രാത്രി നേരം വൈകി ഉറങ്ങുമ്പോള്‍ നിങ്ങളുടെ ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കും. അവയെ ഒരിക്കലും നിസാരമായി കാണരുത്.
രാത്രി നേരം വൈകി ഉറങ്ങുന്നത് സ്ഥിരമാക്കിയാല്‍ കണ്ണുകളുടെ ചുറ്റിലും കറുപ്പ് നിറം പടരും. ഇത് കണ്ണുകളുടെ ആരോഗ്യം മോശമാകുന്നതിന്റെ ലക്ഷണമാണ്. പകല്‍ സമയങ്ങളില്‍ കണ്ണ് നന്നായി ജോലി ചെയ്യുന്നതുകൊണ്ട് രാത്രിയില്‍ കൃത്യമായ വിശ്രമം ആവശ്യമാണ്. ഈ വിശ്രമം ലഭിച്ചില്ലെങ്കില്‍ കണ്ണിന്റെ ചുറ്റിലും ചില പാടുകളും നിറങ്ങളും വരും. രാത്രി കൃത്യമായി ഉറക്കം ലഭിക്കാത്തവരില്‍ മുടി കൊഴിച്ചില്‍ ഉണ്ടാകുന്നതായി പഠനങ്ങളുണ്ട്.
രാത്രി നേരംവൈകി ഉറങ്ങുകയും കൃത്യമായി ഉറക്കം ലഭിക്കാതിരിക്കുകയും ചെയ്യുന്നവരില്‍ ഉത്കണ്ഠ കൂടുതലായി കാണപ്പെടുന്നു. നേരം വൈകി ഉറങ്ങുമ്പോള്‍ രാവിലെ നേരം വൈകി എഴുന്നേല്‍ക്കാനുള്ള പ്രവണതയുണ്ടാകും. ഇത് നമ്മുടെ ജോലിഭാരം കൂട്ടും. ഉത്തരവാദിത്തങ്ങള്‍ കൃത്യമായി ചെയ്തു തീര്‍ക്കാന്‍ പറ്റുന്നില്ലെന്ന് തോന്നുകയും അത് മൂലം അമിതമായ ഭയവും നിരാശയും തോന്നുകയും ചെയ്യും.