ഇന്‍സുലിന്‍ ഉത്പാദനം കൃത്യമായി നടക്കാത്ത അവസ്ഥയാണ് പ്രമേഹം. അങ്ങനെ വരുമ്പോള്‍ ശരീരത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി വര്‍ധിക്കും. ഇത് ചിലരില്‍ അമിതമായ ഉറക്കത്തിനു കാരണമാകും. വാഹനമോടിക്കുമ്പോള്‍ ചിലര്‍ക്ക് സ്ഥിരമായി ഉറക്കം വരുന്നത് കണ്ടിട്ടില്ലേ? അതിനു കാരണം പ്രമേഹമായിരിക്കും. അമിതമായി ഉറക്കക്ഷീണം തോന്നുന്നവര്‍ പ്രമേഹ പരിശോധന നടത്തുകയും വൈദ്യചികിത്സ തേടുകയും വേണം.
പ്രമേഹമുള്ളവര്‍ക്ക് ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ തോന്നും. രാത്രി സമയത്ത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതാണ് ഇടയ്ക്കിടെ മൂത്രശങ്ക തോന്നാന്‍ കാരണം. ഗ്ലൂക്കോസിന്റെ അളവ് വര്‍ധിക്കുമ്പോള്‍ ശരീരത്തില്‍ നിന്ന് വെള്ളം പുറന്തള്ളാനുള്ള സാധ്യത വര്‍ധിക്കും. ഇതിനെ തുടര്‍ന്ന് ചിലപ്പോള്‍ നിര്‍ജ്ജലീകരണവും സംഭവിക്കും.
ടൈപ്പ് 2 പ്രമേഹമുള്ളവരില്‍ കാണപ്പെടുന്ന മറ്റൊരു പ്രധാന ലക്ഷണമാണ് കൂര്‍ക്കംവലി. ഇത്തരക്കാര്‍ ഉറക്കം തുടങ്ങിയാല്‍ ഉടനെ കൂര്‍ക്കംവലി ആരംഭിക്കും. അമിതമായ ശരീരഭാരമാണ് ഇതിനു പ്രധാന കാരണം. ശരീരഭാരം കൂടുമ്പോള്‍ വായുസഞ്ചാരത്തിന്റെ താളം തെറ്റുന്നതാണ് കൂര്‍ക്കംവലിക്ക് കാരണം. പ്രമേഹ രോഗികള്‍ വ്യായാമത്തിലൂടെ ശരീരഭാരം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്.