ജൈവ കെണിയിലൂടെ കൊതുകിനെ തുരത്താം, ചെയ്യേണ്ടത് ഇങ്ങനെ

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 6 ജൂലൈ 2023 (09:40 IST)
മഴക്കാലമാണ്. റോഡുകളിലും റബ്ബര്‍ തോട്ടങ്ങളിലും വീട്ടു പരിസരങ്ങളിലും വെള്ളം കെട്ടിനിന്ന് കൊതുകുകള്‍ വളരാന്‍ സാധ്യത കൂടുതലാണ്. കൊതുകുകളെ ഓടിക്കാന്‍ പരസ്യങ്ങളില്‍ കാണുന്ന വിഷവാതകങ്ങളും കൊതുകു തിരികളും വാങ്ങി ആരോഗ്യം നശ്പ്പിക്കാന്‍ നമ്മള്‍ ഒരുങ്ങിക്കഴിഞ്ഞു. എന്നാല്‍ ഒന്നു ശ്രദ്ധിക്കൂ. അല്‍പ്പം മെനക്കെട്ടാല്‍ ആരോഗ്യത്തിന് ഹാനിയുണ്ടാക്കാത്ത കൊതുകു കെണി ഉണ്ടാക്കി വീടിനും പരിസരത്തുനിന്നും കൊതുകുകളെ തുരത്താന്‍ നമുക്ക് സാധിക്കും.
 
ഈ കൊതുകു കെണി തയ്യാറാക്കാന്‍ ആവശ്യമായ വസ്തുക്കള്‍ രണ്ടുലിറ്റര്‍ പെറ്റ് ബോട്ടില്‍ ,അമ്പതു ഗ്രാം പഞ്ചസാര,ഒരു ടേബിള്‍ സ്പൂണ്‍ യീസ്റ്റ്,മൂന്ന് ഗ്ലാസ് വെള്ളം എന്നിവ മാത്രമാണ്. ഇനിന്‍ കൊതുകു കെണി തയ്യാറാക്കുന്ന വിധം പറയാം. ആദ്യമായി രണ്ടുലിറ്റര്‍ പെറ്റ് ബോട്ടില്‍... നമ്മള്‍ കൊക്കക്കോളയും പെപ്‌സിയുമൊക്കെ വാങ്ങിക്കാറില്ലെ. ഇതേപോലത്തെ രണ്ട് ലിറ്ററിന്റെ വലിയ ബോട്ടില്‍ എടുത്ത് അതിന്റെ മുകള്‍ ഭാഗം ഏകദേശം പകുതി കണ്ട് മുറിച്ച് മാറ്റുക. ഇപ്പോള്‍ ഇതിന്റെ മുകള്‍ ഭാഗം ഏകദേശം ഒരു ചോര്‍പ്പ് പോലെ ആയിട്ടുണ്ടാകും.
 
ഇനി ഇത് ബോട്ടിലിന്റെ മറുപാതിയില്‍ ചോര്‍പ്പ് പോലെ ഇറക്കിവയ്ക്കുക. എന്നിട്ട് ഇവ രണ്ടും കൂടിച്ചേരുന്ന ഭാഗത്ത് പശയോ ടേപ്പോ ഉപയോഗിച്ച് ഒട്ടിച്ചുചേര്‍ക്കുക. ടേപ്പ് ഉപയോഗിക്കുന്നതാകും ഉചിതം. ഇനി ഒരു പാത്രത്തില്‍ പഞ്ചസാര ഇട്ടു അടുപ്പില്‍ വച്ച് ബ്രൌണ്‍ നിറമാകുന്നതുവരെ വറക്കുക ,അതിലേക്കു ഒരുഗ്ലാസ് വെള്ളം ഒഴിച്ച് പഞ്ചസാര മുഴുവന്‍ അലിയുന്നത് വരെ ഇളക്കുക,അടുപ്പില്‍ നിന്നും വാങ്ങുക,ലായനിയിലെക്ക് രണ്ടു ഗ്ലാസ് വെള്ളം കൂടി ഒഴിച്ച് തണുപ്പിക്കുക,ഒരു സ്പൂണ്‍ യീസ്റ്റ് ലായനിയില്‍ ചേര്‍ത്തിളക്കുക. ഈ ലായനി നമ്മള്‍ ഉണ്ടാക്കി വച്ചിരിക്കുന്ന ബോട്ടില്‍ കെണിയിലേക്ക് ഒഴിക്കുക.
 
ഈ ലായനി മണിക്കൂറുകള്‍ക്കകം കാര്‍ബണ്‍ ഡയോക്‌സൈഡ് പുറപ്പെടുവിക്കാനാരംഭിക്കും ,കാര്‍ബണ്‍ഡൈ ഓക്‌സൈഡ് ഗന്ധം മനുഷ്യ സാമീപ്യമെന്നു ധരിക്കുന്ന കൊതുകുകള്‍ ഇടുങ്ങിയ കുപ്പിക്കഴുത്തിലൂടെ അകത്തേക്ക് കടന്നു ട്രാപ്പില്‍ പെട്ട് നശിക്കും. എന്നാല്‍ ഈ ലായനി ദിവസവും മാറ്റിക്കൊണ്ടേയിരിക്കണം. കൊതുകകള്‍ ഏറെ വരുന്ന ഭാഗത്തായിരിക്കണം ഇത് വയ്‌ക്കേണ്ടത്. കിടപ്പുമുറിയില്‍ വയ്ക്കുന്നുണ്ടെങ്കില്‍ വായൂ സഞ്ചാരം സുഗമമായിരിക്കുന്നു എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. ഇതേ പോലത്തെ കെണികള്‍ കുറേ ഉണ്ടാക്കി ബ്വീടിന്റെ പരിസരങ്ങളില്‍ കുട്ടികള്‍ക്ക് കൈയ്യെത്താത്ത ഉയര്‍ത്തില്‍ വയ്ക്കുന്നത് വീടിനുള്ളില്‍ കൊതുകിന്റെ ശല്യം ഇല്ലാതാക്കാന്‍ സഹായിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍