ഈ ആഗ്രഹമുണ്ടെങ്കില്‍ മദ്യാസക്‍തി നിങ്ങളെ ഉപേക്ഷിച്ചു പോകും, അതും ദിവസങ്ങള്‍ കൊണ്ട്
ശനി, 18 മാര്‍ച്ച് 2017 (14:32 IST)
സ്വന്തം ജീവിതത്തെ മാത്രമല്ല, ഉറ്റവരുടെയും ബന്ധപ്പെട്ടവരുടെയും ആഗ്രഹങ്ങളെയും മോഹങ്ങളെയും തകര്‍ക്കുന്ന വിപത്താണ് മദ്യപാനം. പലരും തമാശായിട്ടാണ് മദ്യം ആദ്യമായി ഉപയോഗിക്കുന്നത്. പിന്നെ അതിന് അടിമപ്പെട്ടു പോകുകയും ചെയ്യും. ഈ അവസ്ഥയില്‍ നിന്ന് മുക്തി നേടാന്‍ ആഗ്രഹിച്ചാലും പലര്‍ക്കും സാധിക്കില്ല.
തുടക്കത്തില്‍ പാര്‍ട്ടികളിലോ, വിനോദയാത്രയിലോ, കുടുംബ പരിപാടിയിലോ മദ്യപാനം തുടങ്ങിവെയ്ക്കുകയാണ് എല്ലാവരും. പിന്നീട് മദ്യം ഇല്ലാതെ മുന്നോട്ടു പോകാന്‍ സാധിക്കാതെ വരും. ഇതോടെ സാമ്പത്തിക പ്രശ്നങ്ങളും കുടുംബപ്രശ്നങ്ങളും ശക്തമാകും. പിന്നീട് ആരോഗ്യം നശിച്ച് രോഗങ്ങള്‍ കൂടെപ്പിറപ്പാകും.
ചിട്ടയായ ജീവിത ക്രമങ്ങള്‍ പാലിച്ചാല്‍ മദ്യാസക്തിയില്‍ നിന്ന് രക്ഷനേടാന്‍ കഴിയും. മദ്യപാനശീലത്തെ വിശദമായി മനസിലാക്കുകയാണ് ചികിത്സയിലെ ആദ്യപടി. അതിന് ശേഷമാകണം ചികിത്സകള്‍. ഈ അവസ്ഥയില്‍ നിന്ന് മുക്തമാകണമെന്ന ഉറച്ച തീരുമാനവും വേണം.
മദ്യം പെട്ടെന്ന് നിര്‍ത്തുമ്പോള്‍ വിറയല്‍, ഓക്കാനം, ക്ഷീണം, ച്ഛര്‍ദ്ദി, ഉറക്കക്കുറവ്, ശ്രദ്ധക്കുറവ് എന്നീ തരത്തിലുളള പ്രയാസങ്ങളും ഉണ്ടാകും. വ്യായാമം ചെയ്യുക, കുടുംബത്തിനൊപ്പം സമയം ചെലവഴിക്കുക, യോഗ പതിവാക്കുക എന്നീ കാര്യങ്ങള്‍ മദ്യത്തില്‍ നിന്ന് മുക്തി നേടാന്‍ സഹായിക്കുമെങ്കിലും മരുന്നിനാണ് ഏറെ പ്രാധാന്യം. തയാമിന്‍ വൈറ്റമിന്‍, ക്ളോര്‍ഡയാസിപോക്സൈഡ് തുടങ്ങിയ മരുന്നുകളാണ് ഈ ഘട്ടത്തില്‍ ചികിത്സക്കായി ഉപയോഗിക്കുന്നത്.
മദ്യപാനം നിര്‍ത്തുമ്പോള്‍ ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ വിഷമതകളെ തടഞ്ഞുനിര്‍ത്തുകയാണ് ഈ ഘട്ടത്തില്‍ ചെയ്യുന്ന്. ശാരീരികമായ വൈഷമ്യങ്ങള്‍ ഉണ്ടാകാതിരിക്കാനും, മദ്യം കഴിക്കാനുള്ള പ്രേരണ ഇല്ലാതാക്കുവാനും, രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കണം.
രോഗിയുടെ വിശ്വാസത്തോടെയും, സഹകരണത്തോടെയുമുള്ള ചികിത്സകളാണ് കൂടുതല്‍ ഫലപ്രദം. സൈക്യാട്രിസ്റ്റ്, സൈക്കോളജിസ്റ്, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ എന്നിവരുടെ ഇടപെടലുകള്‍ ചികിത്സയുടെ ഭാഗമാണ്. മദ്യത്തോടുള്ള ആസക്തി കുറയ്ക്കുന്ന മരുന്നുകള്‍ ഡൊക്‍ടറുടെ നിര്‍ദേശത്തോടെ ഉപയോഗിക്കുന്നത് നല്ലതാണ്.