ഒരു ദിവസം ചുരുങ്ങിയത് എത്ര തവണ മൂത്രമൊഴിക്കണം?

ചൊവ്വ, 6 ജൂണ്‍ 2023 (11:21 IST)
ശരീരത്തിനു ഏറ്റവും ആവശ്യമായ ഒന്നാണ് വെള്ളം. മതിയായ അളവില്‍ ദിവസവും വെള്ളം കുടിച്ചില്ലെങ്കില്‍ നിങ്ങള്‍ക്ക് പല ആരോഗ്യപ്രശ്‌നങ്ങളും വരാം. ഒരു ദിവസം എത്ര തവണ മൂത്രമൊഴിക്കുന്നു എന്നത് നിങ്ങളുടെ ശരീരത്തിലേക്ക് ആവശ്യമായ വെള്ളം എത്തുന്നുണ്ടോ എന്ന ചോദ്യത്തിനുള്ള മറുപടിയാണ്. 24 മണിക്കൂറില്‍ ശരാശരി ആറോ ഏഴോ തവണ ഒരാള്‍ മൂത്രമൊഴിക്കണം എന്നാണ് പഠനം. അതിനു ആവശ്യമായ വെള്ളം നിര്‍ബന്ധമായും ശരീരത്തിലേക്ക് എത്തിയിരിക്കണം. 
 
രണ്ട് മുതല്‍ മൂന്ന് ലിറ്റര്‍ വരെ വെള്ളം ഒരു ദിവസം കുടിച്ചാല്‍ മാത്രമേ ഇത്ര തവണ മൂത്രമൊഴിക്കാന്‍ സാധിക്കൂ. ദിവസത്തില്‍ ഇടയ്ക്കിടെ മൂത്രശങ്ക തോന്നാത്തത് പല മൂത്രാശയ രോഗങ്ങള്‍ക്കും കാരണമാകും. ഇടവിട്ട സമയങ്ങളില്‍ ശരീരത്തിലേക്ക് വെള്ളം എത്തുകയും മൂത്രത്തിലൂടെ ശരീരത്തിനു ആവശ്യമില്ലാത്തവ പുറന്തള്ളപ്പെടുകയും വേണം. 
 
കൃത്യമായ ഇടവേളകളില്‍ മൂത്രമൊഴിക്കാത്തവരില്‍ മൂത്രനാളിയിലെ അണുബാധ സാധാരണയാണ്. മൂത്രമൊഴിക്കുമ്പോള്‍ വേദന, മൂത്രത്തിനു നിറം മാറ്റം, മൂത്രത്തിനു അസഹ്യമായ ദുര്‍ഗന്ധം എന്നിവ ശരീരത്തിലേക്ക് ആവശ്യമായ വെള്ളം എത്താത്തതിന്റെ ലക്ഷണമാകാം. മാത്രമല്ല മൂത്രശങ്ക ഒരുപാട് സമയം പിടിച്ചുനില്‍ക്കുന്നതും ദോഷം ചെയ്യും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍