കുടുംബ വഴക്കും പൊണ്ണത്തടിയും തമ്മില്‍ എന്താണ് ബന്ധമെന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? പൊണ്ണത്തടിക്ക് കുടുംബവഴക്കും കാരണമാകുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. ഭാര്യയോടു പിണങ്ങി പട്ടിണിയാണെന്നു പറയുന്നവര്‍ക്കും പൊണ്ണത്തടിയുണ്ടാകുന്നതിന്റെ രഹസ്യം തേടി പോയവരാണ് ഭാര്യാ ഭര്‍ത്തൃ ബന്ധങ്ങളിലെ ചില്ലറ കുഴപ്പങ്ങള്‍ പോലും ആത്യന്തികമായി പൊണ്ണത്തടിയിലേക്ക് എത്തിക്കുമെന്ന് കണ്ടെത്തിയത്.
കുടുംബകലഹം വിഷാദത്തിലേക്കു നയിക്കുന്നതാണ് പ്രശ്നം. ഇത് ദഹനം ശരിയായി നടക്കുന്നത് തടസ്സപ്പെടുത്തും. ഇങ്ങനെ ഭക്ഷണത്തിലെ കൊഴുപ്പ് ശരീരത്തില്‍ അടിഞ്ഞുകൂടുന്നതാണ് പൊണ്ണത്തടിയിലേക്കു നയിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. ഭര്‍ത്താവിനു മാത്രമല്ല ഭാര്യയ്ക്കും ഇക്കാര്യത്തില്‍ ഇളവില്ല. വിഷാദം മൂലം കൊഴുപ്പുകൂടിയ ആഹാരം കഴിക്കുന്ന ഭാര്യയുടെ കാര്യത്തിലും പൊണ്ണത്തടിതന്നെ ഫലം. കൂടാതെ ഇത്തരക്കാര്‍ക്ക് പ്രമേഹവും ഹൃദയസംബന്ധമായ രോഗങ്ങളും വരാന്‍ സാധ്യത ഏറെയാണെന്നും ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു.
കുടുംബകലഹങ്ങള്‍ മാത്രമല്ല, വിഷാദമുണ്ടാക്കാവുന്ന ഏതുകലഹത്തിന്റെയും ഫലമായി പൊണ്ണത്തടി ഉണ്ടായേക്കാമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. ഒഹിയോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് ബിഹേവ്യറല്‍ മെഡിസിന്‍ റിസര്‍ച്ച് ഡയറക്ടര്‍ ജാന്‍ ഗ്ലേസറിന്റെ നേതൃത്വത്തിലാണ് ഈ പഠനം നടത്തിയത്. പഠനത്തിനായി 24 നും 61 വയസ്സിനും ഇടയില്‍ പ്രായമുള്ള 43 ദമ്പതികളെ ഇവര്‍ നിരീക്ഷിച്ചു.
ഇവര്‍ക്ക് ഭക്ഷണം നല്‍കിയശേഷം പതിവായി കലഹിക്കാറുള്ള വിഷയങ്ങളെക്കുറിച്ച് പരസ്പരം സംസാരിക്കാന്‍ ആവശ്യപ്പെട്ടു. സ്വാഭാവികമായി ഇവര്‍ വഴക്കിന്റെ വക്കോളമെത്തുകയും ചെയ്തു. എന്നാല്‍ ഇവരുടെ പെരുമാറ്റം, സംഭാഷണം എന്നിവ വിഡിയോയില്‍ പകര്‍ത്തുകയും ഭക്ഷണശേഷം എത്ര കലോറി ഊര്‍ജം ചെലവഴിച്ചുവെന്നതും രേഖപ്പെടുത്തി.
നിരീക്ഷണ ഫലങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു. ആഹ്ലാദഭരിതരായി സമയം ചെലവഴിച്ചവരേക്കാള്‍ 31 കലോറിയെങ്കിലും കുറവ് ഊര്‍ജമേ കലഹവും വിഷാദവുമായിരുന്ന ദമ്പതികള്‍ ചെലവഴിച്ചുള്ളൂ എന്ന് ഇവര്‍ കണ്ടെത്തി. മൂന്നോ നാലോ നേരം ഭക്ഷണം കഴിക്കുന്നവര്‍ക്ക് ഒരു വര്‍ഷം കൊണ്ട് അഞ്ചര കിലോവരെ തൂക്കം കൂടാന്‍ നിരന്തരം കലഹിക്കുന്നവര്‍ക്ക് സാധ്യതയുണ്ടെന്നാണ് ഗവേഷകര്‍ എത്തിച്ചേര്‍ന്ന നിരീക്ഷണം.