ചെങ്കണ്ണ് വ്യാപനം; സ്‌കൂളിലേക്ക് പോകുന്ന കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുക

ബുധന്‍, 26 ജൂലൈ 2023 (12:29 IST)
മഴക്കാലമായതോടെ സംസ്ഥാനത്ത് ചെങ്കണ്ണ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. വിദ്യാര്‍ഥികളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കുട്ടികള്‍ കണ്ണില്‍ എന്തെങ്കിലും അസ്വസ്ഥത ഉണ്ടെന്ന് പറയുകയോ കണ്ണ് ചുവക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ വൈദ്യസഹായം തേടേണ്ടതാണ്. 
 
വൈറസ്, ബാക്ടീരിയ, ഫംഗസ് എന്നിവ മൂലമുണ്ടാകുന്ന വൈറല്‍ കണ്‍ജക്ടിവൈറ്റിസ് ആണ് ചെങ്കണ്ണ്. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ കാഴ്ച നഷ്ടപ്പെടുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്തും. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് അതിവേഗം പകരുന്ന അസുഖമാണ് ഇത്. ചെങ്കണ്ണ് രോഗം ഏത് കാലാവസ്ഥയിലും പിടിപെടാം. 
 
കണ്ണില്‍ തരിതരിപ്പ്, ചുവപ്പ്, വേദന, ചൊറിച്ചില്‍, പീള കെട്ടല്‍, കണ്ണില്‍ പുകച്ചില്‍ എന്നിവയാണ് ചെങ്കണ്ണിന്റെ പ്രധാന ലക്ഷണങ്ങള്‍. കണ്ണുനീര്‍ ഉത്പാദനം കുറവുള്ളവരിലും ചെങ്കണ്ണ് പിടിപെടാന്‍ സാധ്യതയുണ്ട്. രോഗിയുമായുള്ള അടുത്ത സമ്പര്‍ക്കം മൂലം ഈ രോഗം പകരാന്‍ സാധ്യതയുണ്ട്. 
 
രോഗി ഉപയോഗിച്ച തോര്‍ത്ത്, സോപ്പ്, കിടക്ക, തലയണ എന്നിവയൊന്നും മറ്റുള്ളവര്‍ ഉപയോഗിക്കരുത്. ചെങ്കണ്ണ് വന്നാല്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രമേ കണ്ണില്‍ മരുന്ന് ഒഴിക്കാവൂ. ചെങ്കണ്ണിന്റെ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ കുട്ടികളെ സ്‌കൂളില്‍ വിടരുത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍