അയ്യോ ചെങ്കണ്ണ്... പേടിക്കേണ്ട, ഓടിക്കോ....

ശനി, 8 നവം‌ബര്‍ 2014 (14:22 IST)
ചെങ്കണ്ണെന്നു കേള്‍ക്കുമ്പോഴെ ഓടണോ? ഒരു നിമിഷം നില്‍ക്കു. എന്നിട്ടിതൊന്നു വായിക്കൂ. നമ്മള്‍ കരുതുന്നതുപോലെ ചെങ്കണ്ണ് അത്ര ഭീകരനൊന്നുമല്ല. ചില പ്രത്യേക കാലാവസ്ഥയില്‍ പടര്‍ന്നുപിടിക്കുന്ന സാംക്രമിക രോഗങ്ങളിലൊന്ന് മാത്രമാണിത്. സാധാരണ പനിയും മറ്റ് പകര്‍ച്ച വ്യാധികളും പോലെ ഏതാനും ദിവസത്തേക്ക് നമ്മുടെ സാധാരണ ജീവിതം അലങ്കോലപ്പെടുന്ന ഒന്നാണ് ചെങ്കണ്ണ്.

ചെങ്കണ്ണ് അഥവാ കണ്‍ജണ്‍ക്ടിവൈറ്റിസ് (Conjunctivitis). ‘മദ്രാസ് ഐ’ എന്നും വിദേശ രാജ്യങ്ങളില്‍ ‘പിങ്ക് ഐ’ എന്നും അറിയപ്പെടുന്ന ഈ രോഗം വ്യാപകമായി കേരളത്തില്‍ ഇപ്പോള്‍പടര്‍ന്നുപിടിക്കുന്നതായാണ് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍. കാലമിത്ര കഴിഞ്ഞിട്ടും ചെങ്കണ്ണിനെ ചൊല്ലി പല അന്ധവിശ്വാസങ്ങളും നിലവിലുണ്ട്. രോഗം ബാധിച്ച കണ്ണിലേക്ക് നോക്കിയാല്‍ നോക്കുന്ന വ്യക്തിയിലേക്ക് രോഗം പകരുമെന്നതാണ് ഇതിലൊന്ന്.

ഇത് തികച്ചും അബദ്ധമാണെന്നു മാത്രമല്ല രോഗത്തിന് കാരണമാവുന്ന അണുക്കള്‍ കണ്ണില്‍നിന്ന് രോഗിയുടെ കൈകള്‍, കണ്ണട, തൂവാല തുടങ്ങിയവ വഴി പുറത്തത്തെുകയും ഈ രോഗാണുക്കള്‍ ഏതെങ്കിലും വിധേന മറ്റൊരു വ്യക്തിയുടെ കണ്ണുകളില്‍ എത്തിച്ചേരുകയും ചെയ്താല്‍ മാത്രമേ രോഗം പകരുകയുമുള്ളു. കണ്ണിന്‍െറ പുറത്തെ പാളിയായ കണ്‍ജങ്ക്റ്റൈവ എന്ന കോശ ഭിത്തിയെ ബാധിക്കുന്ന അണുബാധയാണ് ചെങ്കണ്ണ്.

ചെങ്കണ്ണ് രണ്ട് വിധമുണ്ട്, ബാക്ടീരിയ മൂലവും വൈറസ് മൂലം ഉണ്ടാകുന്നവയും. കണ്ണിന് കടുത്ത ചുവപ്പുനിറത്തിന് പുറമെ കണ്ണിനകത്ത് മണ്‍തരികള്‍ അകപ്പെട്ടത് പോലെ ഒരുതരം അസ്വസ്ഥത അനുഭവപ്പെടുക, ഉറക്കമുണരുമ്പോഴും മറ്റ് സമയങ്ങളിലും കണ്ണില്‍ പീളകെട്ടല്‍, അസഹ്യമായ ചൊറിച്ചിലും വേദനയും , കണ്ണീര്‍ ധാരളമായി വരിക എന്നി ലക്ഷണങ്ങളുണ്ടായാല്‍ അത് ബാക്ടീരിയ മൂലമുള്ള ചെങ്കണ്ണ് ആകാനാണ് സാധ്യത.

വൈറസ് ബാധയുണ്ടായാല്‍ രോഗം ഒരു കണ്ണിനെ മാത്രമായും ബാധിച്ചക്കോം. ഈ അവസ്ഥയില്‍ പീളകെട്ടലും കുറവാകും. കണ്‍പോളകള്‍ നീരുവന്ന് വീര്‍ത്ത് കണ്ണുകള്‍ ഇടുങ്ങുന്നത് വൈറസ് ബാധയുടെ ലക്ഷണമാണ്. ചിലതരം വൈറസ് ബാധയുണ്ടായാല്‍ കൃഷ്ണമണിക്കുള്ളില്‍ വെളുത്ത പൊട്ടുപോലെ കാണുകയും മറ്റു ചില വൈറസുകള്‍ മൂലം കണ്‍പോളകള്‍ക്കുള്ളില്‍ വെളുത്ത പാടപോലെ കാണപ്പെടുകയും ചെയ്യും. ഇത്തരം ചെങ്കണ്ണ് സുഖപ്പെട്ട് കണ്ണുകള്‍ പൂര്‍വ സ്ഥിതിയിലാവാന്‍ ചുരുങ്ങിയത് മൂന്നാഴ്ചയെങ്കിലുമെടുക്കും.

ഗുരുതരമായ ഒരു നേത്ര രോഗമല്ളെങ്കിലും അപൂര്‍വ്വം ചില അവസരങ്ങളില്‍ കണ്ണിന്‍െറ കാഴ്ചയെ ബാധിക്കാനും ഇത്തരം അണുബാധ കാരണമാവും. അതിനാല്‍ ചെങ്കണ്ണുരോഗം വന്നാല്‍ സ്വയം ചികിത്സ അരുത്. ഒരു നേത്രരോഗ വിദഗ്ധനെ സമീപിച്ച് രോഗം ഉറപ്പുവരുത്തി വിദഗ്ദ ചികിത്സ തേടണം. അണുബാധയുണ്ടായ സ്ഥലത്തേക്ക് സ്വാഭാവികമായി രക്തപ്രവാഹം വര്‍ധിക്കുക എന്നത് ശരീരത്തിന്റെ പ്രത്യേകതയാണ്. ഇത്തരത്തില്‍ രക്തപ്രവാഹം വര്‍ധിക്കുന്നതാണ് കണ്ണ് ചുവക്കുന്നതിന് കാരണമാകുന്നത്.

കണ്ണുകള്‍ ഇടക്കിടെ തണുത്ത ശുദ്ധജലത്തില്‍ കഴുകുന്നത് രോഗാണുക്കള്‍ പെരുകുന്നത് തടയാന്‍ സഹായിക്കുകയും അസ്വസ്ഥതകള്‍ കുറക്കുകയും ചെയ്യം. രോഗം ബാധിച്ചാല്‍ കണ്ണിന് പരിപൂര്‍ണ വിശ്രമമാണാവശ്യം. വായന പൂര്‍ണമായി ഒഴിവാക്കുകയും കമ്പ്യൂട്ടര്‍ ഉപയോഗവും ടി.വി കാണലും ഉപേക്ഷിക്കുകയും വേണം.

വീട്ടിലോ ഓഫിസിലോ ഒരാള്‍ക്ക് രോഗം വന്നാല്‍ അത് എല്ലാവരെയും ബാധിക്കാന്‍ സാധ്യതയുണ്ട്. രോഗം ബാധിച്ചവരുമായി അടുത്തിടപഴകുന്നതിലൂടെയും രോഗികളുടെ സ്പര്‍ശമേറ്റ വസ്തുക്കള്‍ വഴിയുമാണ് രോഗം പകരുന്നത്. രോഗി ഉപയോഗിച്ച ടവല്‍, കണ്ണട, കമ്പ്യൂട്ടര്‍ മൗസ്, ആഹാരം കഴിക്കുന്ന പാത്രങ്ങള്‍, വാഷ്ബേസിനിലെ ടാപ്പ്, സോപ്പ്, കുളിമുറിയില്‍ ഉപയോടിക്കുന്ന തോര്‍ത്തുമുണ്ട്, ടെലിവിഷന്‍ റിമോട്ട് കണ്‍ട്രോള്‍, പുസ്തകം, പേന തുടങ്ങിയവയിലൂടെ രോഗാണു അടുത്ത വ്യക്തിയുടെ കൈകളിലേക്കും തുടര്‍ന്ന് കണ്ണുകളിലേക്കും പടരുന്നു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക