ആരോഗ്യത്തിനു ഏറെ വെല്ലുവിളി ഉയര്‍ത്തുന്ന സീസണ്‍ ആണ് മഴക്കാലം. ഭക്ഷണരീതില്‍ ഏറെ ശ്രദ്ധ പുലര്‍ത്തണം. മഴക്കാലത്ത് ചില ഭക്ഷണ സാധനങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. അതിലൊന്നാണ് ഇലക്കറികള്‍. മഴക്കാലത്ത് അന്തരീക്ഷത്തില്‍ ഈര്‍പ്പം വര്‍ധിക്കുകയും ബാക്ടീരിയ, ഫംഗസ് എന്നിവയുടെ വളര്‍ച്ച ത്വരിതഗതിയില്‍ ആകുകയും ചെയ്യുന്നു. അതുകൊണ്ടാണ് മണ്‍സൂണില്‍ ഇലക്കറികള്‍ ഒഴിവാക്കുന്നതാണ് നല്ലതെന്ന് പറയുന്നത്.
ചീര, ബ്രോക്കോളി, കോളിഫ്‌ളവര്‍, കാബേജ് എന്നീ ഇലക്കറികള്‍ മഴക്കാലത്ത് ഒഴിവാക്കുന്നതാണ് ഉചിതം. ഇലകള്‍ അടങ്ങിയ പച്ചക്കറികള്‍ മഴക്കാലത്ത് ദീര്‍ഘനേരം ചെളി നിറഞ്ഞ പ്രതലവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നു. ഇത് അണുബാധയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. മഴക്കാലത്തെ അമിതമായ മഴയും വെള്ളക്കെട്ടും മണ്ണില്‍ ബാക്ടീരിയ, ഫംഗസ് എന്നിവയുടെ വളര്‍ച്ചയ്ക്ക് കാരണമാകും. പച്ചക്കറികള്‍ നന്നായി വൃത്തിയാക്കുകയോ പാകം ചെയ്യുകയോ ചെയ്തില്ലെങ്കില്‍ ഈ അപകടകരമായ അണുക്കള്‍ അകത്തു കടക്കാനുള്ള സാധ്യത കൂടുതലാണ്. മറ്റ് സീസണുകളില്‍ സൂര്യപ്രകാശം മണ്ണിനെ അണുവിമുക്തമാക്കാന്‍ സഹായിക്കുന്നു. എന്നാല്‍ മഴക്കാലത്ത്, സൂര്യപ്രകാശത്തിന്റെ അഭാവം മൂലം ഇലകളില്‍ അണുബാധ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.