മസില്‍ വലിയ കാര്യമാണെങ്കിലും സംഗതി എളുപ്പമല്ല; മസിലുകള്‍ക്ക് എങ്ങനെ കരുത്തുണ്ടാക്കാം ?

തിങ്കള്‍, 22 ഓഗസ്റ്റ് 2016 (20:05 IST)
ആരോഗ്യമുള്ള ശരീരമാണ് ഏറ്റവും വലിയ സമ്പത്തെന്നതില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. വ്യത്യസ്ഥമായ ജീവിത സാഹചര്യത്തിനിടെ കരുത്തുള്ള ശരീരം ഉണ്ടാക്കിയെടുക്കുക എന്നത് വെല്ലുവിളിയാണ്. ആവശ്യമായ വ്യായാമവും ചിട്ടയായ ഭക്ഷണക്രമവുമുണ്ടെങ്കില്‍ ആര്‍ക്കും കരുത്തുള്ളതും ഉറച്ചതുമായ ശരീരം ഉണ്ടാക്കിയെടുക്കാന്‍ കഴിയും.

സിക്‍സ് പായ്‌ക്കം ഉറച്ച മസിലുകളും ഇന്നത്തെ യുവാക്കളുടെ ഹരമാണ്. എന്തൊക്കെ ഭക്ഷണമാണ് മസില്‍ വര്‍ദ്ധിപ്പിക്കുന്നതിന് കഴിക്കേണ്ടതെന്ന സംശയമാണ് എല്ലാവരിലുള്ളത്. സംശയങ്ങളില്‍ നിന്ന് സത്യാവസ്ഥ പറഞ്ഞു തരുന്നതിന് ആരും ഇല്ലാത്തതും ഒരു പ്രശ്‌നമാണ്.



1. ചിട്ടയായ വ്യായാമമുറകള്‍:-

കരുത്തുള്ള ശരീരത്തിന് ചിട്ടയായ വ്യായാമമുറകള്‍ ആവശ്യമാണ്. ജിമ്മില്‍ പോകുന്നതിനൊപ്പം തന്നെ മസിലിന് കരുത്ത് പകരുന്ന നിരവധി വ്യായാമ രീതികളുണ്ട്. നിശ്ചിത മണിക്കൂര്‍ ഓടുകയോ നടക്കുകയോ ചെയ്യുക, നീന്തുക, ഏതെങ്കിലും കായിക വിനോദത്തില്‍ ഏര്‍പ്പെടുക എന്നത് ശരീരത്തിന് കരുത്തുണ്ടാക്കാന്‍ സഹായിക്കും. മസില്‍ വര്‍ദ്ധിപ്പിക്കുന്നതിന് ജിമ്മില്‍ പോകുക തന്നെയാണ് നല്ലത്. ശരീരത്തിന്റെ എല്ലാ ഭാഗങ്ങള്‍ക്കും ഒരു പോലെ ലഭിക്കുന്നതു പോലെ വേണം വ്യായാമങ്ങള്‍ ചെയ്യാന്‍.



2. ഭക്ഷണക്രമം:-

ആരോഗ്യമുള്ള ശരീരത്തിന് ഭക്ഷണക്രമം അനിവാര്യമാണ്. മുട്ടയും, പാലും, മാംസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിനൊപ്പം പച്ചക്കറികളും പഴവര്‍ഗങ്ങളും ഉള്‍പ്പെടുത്തുകയും വേണം. പയറും കലയും മുളപ്പിച്ച് കഴിക്കുന്നത് തൂക്കം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കും. ഇതിനൊപ്പം കൃത്യമായ വ്യായാമവും ഒത്തുചേര്‍ന്നാല്‍ മസില്‍ എന്ന സ്വപ്‌നം യാഥാര്‍ഥ്യമാകും. കൊഴുപ്പ് കൂടുതലായി അടങ്ങിയ ആഹാരങ്ങള്‍ ഒഴിവാക്കണം.



3. എന്ത് കഴിക്കണം:-

മസില്‍ വളര്‍ത്തും ഭക്ഷണങ്ങള്‍ ഓട്‌സ് ഇതിനു ചേര്‍ന്നൊരു ഭക്ഷണമാണ്. മുട്ട മസിലുകള്‍ വളരാന്‍ കഴിച്ചിരിക്കേണ്ട ഭക്ഷണങ്ങളിലൊന്നാണ്. ഇതില്‍ വൈറ്റമിന്‍ എ, ഡി, ഇ, കോളിന്‍, നല്ല കൊളസ്‌ട്രോള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. പൈനാപ്പിളില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് അണുബാധ തടയുന്നതിനും മസിലുകളുടെ വളര്‍ച്ചയ്ക്കും സഹായിക്കും

മസിലുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ കഴിച്ചിരിക്കേണ്ട ഒരു ഭക്ഷണമാണ് ബദാം. ഇത് പുരുഷഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ ഉല്‍പാദനത്തിന് സഹായിക്കും. കോട്ടേജ് ചീസ് കൊഴുപ്പില്ലാതെ മസിലുകള്‍ വളര്‍ത്താനുള്ള മറ്റൊരു വഴിയാണ്. കക്കയിറച്ചി മസിലുകളുടെ വളര്‍ച്ചയ്ക്കു പറ്റിയ ഒരു ഭക്ഷണമാണ്. പഴം മസിലിനായി വ്യായാമം ചെയ്യുന്നവര്‍ക്കു കഴിയ്ക്കാവുന്ന നല്ലൊന്നാന്തരം ഭക്ഷണമാണ്. ഇതില്‍ പൊട്ടാസ്യം, കാല്‍സ്യം എന്നിവ ധാരാളം അടങ്ങിയിട്ടുമുണ്ട്.



4. പ്രോട്ടീന്‍ മരുന്നുകള്‍:-

മസില്‍ വര്‍ദ്ധിപ്പിക്കുന്നതിന് പ്രോട്ടീന്‍ മരുന്നുകള്‍ ഉപയോഗിക്കുന്നത് ഇന്ന് പതിവാണ്. നിലവാരമുള്ള ഒരു പരിശീലകന്റെ നിയന്ത്രണത്തില്‍ മാത്രമെ പ്രോട്ടീന്‍ മരുന്നുകള്‍ കഴിക്കാവു. ഇതിനൊപ്പം വ്യായാമം തെറ്റാതെ ഒപ്പം കൊണ്ടു പോകാനും സാധിക്കണം. ഈ മരുന്നുകള്‍ കഴിക്കാതെയും മസില്‍ വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. അതിന് നല്ല വ്യായാമവും ഭക്ഷണ ക്രമവും മാത്രം മതി. ഇത്തരം മരുന്നുകള്‍ കൂടുതലായി കഴിക്കുന്നത് തിരിച്ചടിയുണ്ടാക്കുന്നതിനും കാരണമാകും.



 5. വിശ്രമം:-

മസിലുകള്‍ക്ക് ഏറ്റവും അത്യാവശ്യമായ ഘടകമാണ് വിശ്രമം. ജിമ്മില്‍ പോകുന്നതിനൊപ്പം ഓരോ ഭാഗങ്ങള്‍ക്കും നിശ്ചിത ഇടവേളകളില്‍ വിശ്രമം അനിവാര്യമാണ്. വിശ്രമം ഇല്ലാതെ മസില്‍ എന്ന സ്വപ്‌നവുമായി നടന്നാല്‍ ശരീരം ശോഷിക്കുന്നതിന് കാരണമാകും. ഒപ്പം തന്നെ ഏറെ വെള്ളം കുടിക്കുകയും വേണം.

വെബ്ദുനിയ വായിക്കുക