നിമിഷങ്ങൾക്കകം തൊണ്ടവേദന മാറ്റാം... ഈ വീട്ടുവൈദ്യത്തിലൂടെ !

വ്യാഴം, 20 ഏപ്രില്‍ 2017 (10:53 IST)
മനുഷ്യ ഗ്രസനിയെ ആവരണം ചെയ്തിരിക്കുന്ന കലകള്‍ക്ക് വീക്കം വരുന്നതുമൂലം തൊണ്ടയിൽ അനുഭവപ്പെടുന്ന വേദനയാണ് തൊണ്ടവേദന. ജലദോഷം, ഇൻഫ്ലുവെൻസ, ഡിഫ്തീരിയ, അഞ്ചാംപനി, ടോൺസിലൈറ്റിസ് എന്നിങ്ങനെയുള്ള രോഗങ്ങളുടെയെല്ലാം പ്രാരംഭ ലക്ഷണങ്ങളിലൊന്നായാണ് തൊണ്ടവേദന അനുഭവപ്പെടുക. ഇതിനു പരിഹാരമായി ഉപ്പു വെള്ളം കവിൾകൊള്ളുകയാണ് പലരും ചെയ്യുക. എന്നാൽ വേദന കൂടുന്നതോടെ ഉമിനീരിറക്കാനും ഭക്ഷണം കഴിക്കാനും വളരെയേറെ ബുദ്ധിമുട്ടനുഭവപ്പെടും. എന്നാല്‍ നമ്മുടെ വീട്ടിൽ തന്നെ എളുപ്പത്തിൽ ലഭിക്കുന്ന ചില സാധനങ്ങൾ കൊണ്ടുതന്നെ ഇതിനെല്ലാം പരിഹാരം കാണാന്‍ സാധിക്കും.
 
ഒരു സ്പൂണ്‍ ഉപ്പുചേര്‍ത്ത് ഒരു ഗ്ലാസ് വെള്ളത്തില്‍ കാല്‍ ചെറിയ സ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്തു ചൂടാക്കി ഇളം ചൂടോടെ കവിള്‍ക്കൊള്ളുന്നത് തൊണ്ടവേദന മാറാന്‍ ഉത്തമമാണ്. ഒരു ഗ്ലാസ് തേയിലവെള്ളത്തില്‍ അരമുറി നാരങ്ങ പിഴിഞ്ഞൊഴിക്കുക. ഇത് ചെറുചൂടോടെ തൊണ്ടയില്‍ അല്‍പനേരം കൊള്ളിച്ചു നിര്‍ത്തുക. ദിവസം നാലു തവണയെങ്കിലും ഇങ്ങനെ ചെയ്യുന്നതും തൊണ്ടവേദനയെ ശമിപ്പിക്കും. തൊണ്ട ഉണങ്ങാതിരിക്കാനും തൊണ്ടവേദന കുറയാനുമായി ധാരാളം വെള്ളം കുടിക്കുന്നതും വളരെ നല്ലതാണ്. അല്‍പം കറുവപ്പട്ട പൊടിച്ച് ഒരു നുള്ള് കുരുമുകുപൊടിയും രണ്ടു വലിയ സ്പൂണ്‍ തേനും ഒരു ഗ്ലാസ് വെള്ളത്തില്‍ ചേര്‍ത്ത് കുടിക്കുന്നതും ഉത്തമമാണ്.
 
ഇഞ്ചിവേര് നന്നായി വൃത്തിയാക്കി കുറച്ചുസമയം ചൂടുവെള്ളത്തിലിട്ട ശേഷം കുടിക്കുന്നതും തൊണ്ടവേദന കുറയാന്‍ സഹായിക്കും. ഒരു വലിയ സ്പൂണ്‍ തേനും രണ്ടു വലിയ സ്പൂണ്‍ എള്ളെണ്ണയും ചേര്‍ത്ത് ദിവസം മൂന്നുനേരം കഴിക്കുന്നതും ഇതിന് ഉത്തമപ്രതിവിധിയാണ്. മൂന്നോ നാലോ അല്ലി വെളുത്തുള്ളി ചായയില്‍ ചേര്‍ത്തോ ചവച്ചരച്ചോ കഴിക്കുന്നതിലൂടേയും വേദന ശമിക്കും. ഉപ്പുവെള്ളം തുടര്‍ച്ചയായി വായില്‍ കൊള്ളുന്നത് ബാക്ടീരിയകള്‍ നശിക്കുന്നതിനും തൊണ്ടവേദന കുറയുന്നതിനും സഹായിക്കും. ജാതിക്ക, ഇരട്ടിമധുരം എന്നിവ തുല്യ അളവിലെടുത്ത് അതില്‍ തേന്‍ ചേര്‍ത്ത് ചാലിച്ചു കഴിക്കുന്നതിലൂടേയും തൊണ്ടവേദന ശമിക്കും.

വെബ്ദുനിയ വായിക്കുക