ഗ്രില്‍ഡ് ചിക്കന്‍ ശീലമാക്കിയോ ? ഉറപ്പിച്ചോളൂ... അത് എട്ടിന്റെ പണി തരും !

തിങ്കള്‍, 26 ഡിസം‌ബര്‍ 2016 (12:07 IST)
കാലം മാറിയതിനൊപ്പം നമ്മുടെ കോലവും ഭക്ഷണ ശീലവുമെല്ലാം മാറി. ഈ കാലഘട്ടത്തിലെ ഏറ്റവും പ്രിയപ്പെട്ട ഒരു ഭക്ഷണമാണ് ഗ്രില്‍ഡ് ചിക്കന്‍. വൈകുന്നേരമായി കഴിഞ്ഞാല്‍ ഗ്രില്‍ഡ് ചിക്കന്‍ ലഭിക്കുന്ന കടകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. സത്യത്തില്‍ ഈ ഗ്രില്‍ഡ് ചിക്കന്‍ നമ്മുടെ ആരോഗ്യത്തിന് നല്ലതാണോ? എണ്ണയില്‍ വറുക്കാത്തതുകൊണ്ടും കനലില്‍ ചുട്ടെടുക്കുന്നതുകൊണ്ടും ഇത് കഴിക്കുന്നത് നല്ലതാണെന്നാണ് കൂടുതല്‍ ആളുകളും വിശ്വസിക്കുന്നത്. എന്നാല്‍ ഗ്രില്‍ഡ് ചിക്കന്‍ ശരീരത്തിന് നല്ലതല്ലെന്നാണ് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നത്.   
 
നല്ലപോലെ വേവാത്ത ഒരു ഭക്ഷണമാണ് ഗ്രില്‍ഡ് ചിക്കന്‍. അമേരിക്കയില്‍ നടത്തിയ പഠനത്തില്‍ വ്യക്തമായത്, ഗ്രില്‍ഡ് ചിക്കന്‍ പോലെയുള്ളവ സ്ഥിരമായി കഴിച്ചാല്‍, ഗില്ലന്‍-ബാര്‍ സിന്‍ഡ്രോം എന്ന തരത്തിലുള്ള പക്ഷാഘാതം ഉണ്ടാകുന്നതിന് കാരണമാകുമെന്നാണ്. ഗ്രില്ലിലെ ചെറു ചൂടിലുള്ള കനലില്‍ ചുട്ടെടുക്കുമ്പോള്‍ ചിക്കന്‍ വേണ്ടത്ര രീതിയില്‍ വേവുന്നില്ല. ഇക്കാരണംകൊണ്ടുതന്നെ ചിക്കനിലുള്ള കാംപിലോബാക്‌ടര്‍ ജെജുനി എന്ന ബാക്‌ടീരിയ നമ്മുടെ ശരീരത്തില്‍ എത്തുകയും ഗില്ലന്‍-ബാര്‍ സിന്‍ഡ്രോമിന് കാരണമാകുകയും ചെയ്യുന്നുയെന്നാണ് പഠനങ്ങള്‍ പറയുന്നത്. 
 
ഗ്രില്‍ഡ് ചിക്കന് മാത്രമല്ല ഈ പ്രശ്നം ഉണ്ടാക്കുന്നതെന്നും പഠനങ്ങള്‍ പറയുന്നു. ചിക്കന്‍ വേണ്ടത്ര തോതില്‍ വേവിച്ചില്ലെങ്കിലും ഇത്തരം പ്രശ്‌നം ഉണ്ടാകാന്‍ സാധ്യതയുണ്ട്. അമേരിക്കയിലെ മിഷിഗണ്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ ലിന്‍ഡ് മാന്‍സ്‌ഫീല്‍ഡിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതേക്കുറിച്ചുള്ള പഠനം നടത്തിയത്. കാംപിലോബാക്‌ടര്‍ ജെജുനി എന്ന ബാക്‌ടീരിയ കാരണം ഗുരുതരമായ സന്ധിവാതങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പഠനസംഘം അറിയിച്ചു. ഇതിനെകുറിച്ചുള്ള പഠനറിപ്പോര്‍ട്ട് ഓട്ടോഇമ്മ്യൂണിറ്റി എന്ന ജേര്‍ണലിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

വെബ്ദുനിയ വായിക്കുക