സൂക്ഷിച്ചോളൂ... കോണ്‍ടാക്റ്റ് ലെന്‍സ് നിങ്ങളുടെ കാഴ്ച നഷ്ടപ്പെടുത്തും ?

ശനി, 25 ഫെബ്രുവരി 2017 (15:55 IST)
കോണ്‍ടാക്റ്റ് ലെന്‍സ് എന്നത് ഇന്ന് കാഴ്ചയുമായി ബന്ധപ്പെട്ടു മാത്രമല്ല, സൗന്ദര്യത്തിനായും ഉപയോഗിക്കുന്നുണ്ട്. കണ്ണട ധരിക്കുമ്പോഴുള്ള അഭംഗി ഒഴിവാക്കാനും കണ്ണിന്റെ നിറം മാറ്റുന്നതിനുമുള്ള ഒരു മാര്‍ഗമാണ് കോണ്‍ടാക്റ്റ് ലെന്‍സ്. 
 
എന്നാല്‍ ഇത്തരം ലെന്‍സുകള്‍ വെക്കുന്നത് കണ്ണിന് വലിയ ദോഷങ്ങളുണ്ടാക്കുമെന്നാണ് വസ്തുത. ഇത്തരം ലെന്‍സ് വെക്കുമ്പോള്‍ കണ്ണിന് ആവശ്യമായ രീതിയില്‍ ഓക്‌സിജന്‍ ലഭിക്കാതിരിക്കുകയും ഇത് കണ്ണ് ചുവക്കുന്നതിനും കണ്ണില്‍ ചൊറിച്ചിലുണ്ടാക്കുന്നതിനും ഇട വരുത്തുകയും ചെയ്യും. 
 
ആദ്യമായി കോണ്‍ടാക്റ്റ് ലെന്‍സ് ഉപയോഗിക്കുമ്പോള്‍ കണ്ണിന് അലര്‍ജിയുണ്ടാകാന്‍ സാധ്യത കൂടുതലാണ്. ചിലര്‍ ഈ അലര്‍ജി കാര്യമായി എടുക്കാറില്ല. എന്നാല്‍ അത്തരത്തില്‍ ചെയ്താല്‍ പിന്നീടൊരിക്കലും ഇത്തരം കോണ്‍ടാക്റ്റ് ലെന്‍സ് ധരിക്കേണ്ടതായി വരില്ലെന്നതാണ് പ്രധാന കാര്യം. 
 
കണ്ണില്‍ കോര്‍ണിയല്‍ ഒപാസിറ്റി എന്നൊരു അവസ്ഥയുണ്ട്. നമ്മുടെ കൃഷ്ണമണിയില്‍ ഉണ്ടാകുന്ന കുത്തുകളും മുറിവുകളുമാണ് ഇത്. കോണ്‍ടാക്റ്റ് ലെന്‍സ് ധരിക്കുന്നത് ചിലപ്പോള്‍ ഇത്തരം ഒരു അവസ്ഥക്ക് കാരണമാകുകയും ഇതുമൂലം നമ്മുടെ കാഴ്ച കുറയുകയും ചെയ്തേക്കാം.  
 
കൃഷ്ണമണിയുടെ ആകൃതി തന്നെ മാറ്റാന്‍ ചില കോണ്‍ടാക്റ്റ് ലെന്‍സിന് സാധിക്കും. ഇത് ഒരു ചര്‍മ്മപാളി പോലെ കണ്ണില്‍ പറ്റിപ്പിടിക്കുകയാണ് ചെയ്യുന്നത്. തുടര്‍ച്ചയായി കോണ്‍ടാക്റ്റ് ലെന്‍സ് ഉപയോഗിക്കുന്നവരില്‍ കൃഷ്ണമണിയുടെ ഈ സ്വാഭാവിക ആകൃതി മാറിപ്പോകാനും സാധ്യതയുണ്ട്.
 
വൃത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ കോണ്‍‌ടാക്റ്റ് ലെന്‍സ് കാരണം കണ്ണില്‍ അണുബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഒരു കാരണവശാലും കോണ്‍ടാക്റ്റ് ലെന്‍സ് എട്ടു മണിക്കൂറില്‍ കൂടുതല്‍ ഉപയോഗിക്കരുത്. ഡോക്ടറെ കണ്ട ശേഷമല്ലാതെ ഇവ ഉപയോഗിക്കാനും പാടില്ല.

വെബ്ദുനിയ വായിക്കുക