തോൽവിക്ക് പിന്നാലെ പ്രതിഷേധം, നിലയ്ക്കാത്ത കൂവൽ, നാണം കെട്ട് ലയണൽ മെസ്സി

തിങ്കള്‍, 20 മാര്‍ച്ച് 2023 (17:38 IST)
ഖത്തർ ലോകകപ്പിൽ അർജൻ്റീനയെ കിരീടനേട്ടത്തിലേക്കെത്തിച്ച് കരിയറിലെ മികച്ച ഘട്ടത്തിലൂടെയാണ് ലയണൽ മെസ്സി പോകുന്നതെങ്കിലും ക്ലബ് ഫുട്ബോളിൽ കഴിഞ്ഞ 2 വർഷമായി വളരെ മോശം ഘട്ടമാണ് മെസ്സി നേരിടുന്നത്. ചാമ്പ്യൻസ് ട്രോഫി പാരീസിലെത്തിക്കുക എന്ന ലക്ഷ്യവുമായി മെസ്സി, നെയ്മർ, എംബാപ്പെ എന്നിവരെ ടീമിലെത്തിച്ചിട്ടും കഴിഞ്ഞ 2 വർഷമായി നിരാശപ്പെടുത്തുന്ന പ്രകടനമാണ് പിഎസ്ജി നടത്തുന്നത്.
 
ഫ്രഞ്ച് ലീഗിൽ റെന്നെയ്സിനെതിരെ നടന്ന കഴിഞ്ഞ മത്സരത്തിലും പരാജയപ്പെട്ടതോടെ കടുത്ത പ്രതിഷേധമാണ് പിഎസ്ജി താരങ്ങൾക്കെതിരെ ഉയരുന്നത്. ഫ്രാൻസിനെ ലോകകപ്പ് ഫൈനലിൽ തോൽപ്പിച്ച് ഫ്രഞ്ച് ലീഗിൽ കളിക്കുന്ന മെസ്സിക്കെതിരെ അനിഷ്ടമുണ്ടായിരുന്നെങ്കിലും ഫ്രഞ്ച് ലീഗിൽ മെസ്സിക്ക് മികച്ചപിന്തുണ ലഭിച്ചിരുന്നു. എന്നാൽ കഴിഞ്ഞ മത്സരത്തിൽ മെസ്സിയുടെ പേര് വിളിച്ചതോടെ കൂക്കിവിളികളോടെയാണ് സ്റ്റേഡിയം അതിനെ വരവേറ്റത്.
 
ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ ബയേൺ മ്യൂണിച്ചിനെതിരെ പുറത്തായതിന് പിന്നാലെയാണ് സൂപ്പർ താരത്തിനെതിരെ പ്രതിഷേധം ശക്തമായത്. കഴിഞ്ഞ മത്സരത്തിൽ റെന്നെയ്സിനെതിരെ പിഎസ്ജി തോൽക്കുക കൂടി ചെയ്തതോടെയാണ് പ്രതിഷേധം പരിധിവിട്ടത്, മത്സരത്തിൽ 3 സുവർണാവസരം മെസ്സി സൃഷ്ടിച്ചെങ്കിലും 2 അവസരവും എംബാപ്പെ നഷ്ടപ്പെടുത്തിയിരുന്നു. അതേസമയം സ്വന്തം ക്ലബിൻ്റെ ആരാധകരിൽ നിന്ന് തന്നെ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ മെസ്സി ടീം വിടാനുള്ള സാധ്യതയും വർധിച്ചിട്ടുണ്ട്.
 

വെബ്ദുനിയ വായിക്കുക