കൊമ്പന്‍മാര്‍ ഹ്യൂമേട്ടനെതിരെ; ബ്‌ലാസ്‌റ്റേഴ്‌സ് -അത്ലറ്റികോ പോരാട്ടം ഇന്ന്
ചൊവ്വ, 13 ഒക്‌ടോബര്‍ 2015 (09:17 IST)
കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളായ കേരള ബ്ലാസ്റ്റേഴ്സും അത്ലറ്റികോ ഡി കൊല്‍ക്കത്തയും ഇന്ന് നേര്‍ക്കുനേര്‍. ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം പെലെ മുഖ്യാതിഥിയായി എത്തുന്ന മത്സരം കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ രാത്രി 10 മണിക്കാണ്.
ആർത്തുവിളിക്കുന്ന പതിനായിരങ്ങൾ നൽകുന്ന പ്രോത്സാഹനത്തിന്റെ അകമ്പടിയോടെ കളിക്കാനിറങ്ങുന്ന അത്ലറ്റികോ ഡി കൊമ്പന്മാര്‍ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തുമെന്ന കാര്യത്തില്‍ സംശയമില്ല. കഴിഞ്ഞ ഐഎസ്എൽ ഫൈനലിലേറ്റ പരാജയത്തിന് മറുപടി നല്‍കാന്‍ ലഭിക്കുന്ന അവസരം മുതലെടുക്കാന്‍ ഒരുങ്ങിയാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്.
ആദ്യ സീസണില്‍ കേരളത്തിന്റെ ഹീറോ ആയിരുന്ന ഇയാന്‍ ഹ്യൂം കൊല്‍ക്കത്തയ്ക്ക് വേണ്ടി ഇറങ്ങുന്നത് മത്സരത്തിന് ആവേശം വര്‍ധിപ്പിക്കും. ആദ്യ സീസണില്‍ അത്ലറ്റികോയ്ക്ക് വേണ്ടി കളിച്ച റാഫി കേരളത്തിന് വേണ്ടി ബൂട്ടുകെട്ടും എന്നതും ശ്രദ്ധേയമാണ്. രണ്ട് മത്സരങ്ങളിലും വ്യത്യസ്ത സംഘത്തെ പരീക്ഷിച്ച ഇരുടീമുകളുടെയും അന്തിമ ഇലവനില്‍ ആരൊക്കെ ഉണ്ടാകുമെന്ന് ഉറപ്പില്ല. പരിക്കിന്റെ പേടിയിലാണ് കൊല്‍ക്കത്ത. മാര്‍ക്വീ താരം ഹെല്‍ഡര്‍ പോസ്റ്റിഗയും നാറ്റോയുംകൊല്‍ക്കത്ത നിരയിലുണ്ടാകില്ല.
പരിക്കിൽ നിന്ന് മോചിതനായ മാർക്വിതാരം കാർലോസ് മർച്ചേന, ഇന്ന് കളത്തിലിറങ്ങുമെന്ന വാർത്തയാണ് ബ്ളാസ്റ്റേഴ്സ് ആരാധകരെ ഏറെ സന്തോഷിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പകരക്കാരനായിറങ്ങി നന്നായി കളിച്ച സാഞ്ചസ് വാട്ടിനെ ഇന്ന് ബ്ളാസ്റ്റേഴ്സ് ആദ്യ ഇലവനിൽ ഇറക്കിയേക്കും.
ആദ്യ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ തകർപ്പൻ കളി പുറത്തെടുത്ത് 3-1 ന്റെ ഗംഭീര ജയം നേടിയ കേരള ബ്ളാസ്റ്റേഴ്സ് കഴിഞ്ഞ മത്സരത്തിൽ മുംബയ് സിറ്റി എ.എഫ്.സിയോട് ഗോൾ രഹിത സമനില വഴങ്ങിയിരുന്നു. മറുവശത്ത് ആദ്യ മത്സരത്തിൽ ചെന്നൈയെ 3-1 ന് തകർത്ത കൊൽക്കത്ത കഴിഞ്ഞ മത്സരത്തിൽ എഫ്.സി ഗോവയ്ക്കെതിരെ ഗോൾ രഹിത സമനില വഴങ്ങിയിരുന്നു.