മയോർഗയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് റൊണാള്‍ഡോയുടെ ഏറ്റുപറച്ചില്‍
വ്യാഴം, 11 ഒക്‌ടോബര്‍ 2018 (15:14 IST)
ലൈംഗികാരോപണത്തില്‍ കുടുങ്ങിയ പോർച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ പുതിയ വെളിപ്പെടുത്തലുമായി രംഗത്ത്. ആരോപണം ഉന്നയിച്ച അമേരിക്കൻ യുവതി കാതറിൻ മയോർഗയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് താരം വ്യക്തമാക്കി.
റൊണാള്‍ഡോയുടെ വക്കീല്‍ പീറ്റര്‍ ക്രിസ്റ്റ്യന്‍ സെന്‍ പുറത്തുവിട്ട വാര്‍ത്താകുറിപ്പിലൂടെയാണ് ഇക്കാര്യം പുറത്തുവന്നത്.
2009ല്‍ ലാസ് വേഗാസിനെ നിശാക്ലബില്‍ വച്ച് മയോര്‍ഗയെ കാണുകയും പരിചയപ്പെടുകയുമായിരുന്നു. പരസ്‌പര സമ്മതത്തോടെയാണ് ഞങ്ങള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. അതൊരിക്കലും ബലാത്സംഗമോ അല്ലെങ്കില്‍ അതിക്രമമോ ആയിരുന്നില്ലെന്നും വാര്‍ത്താകുറിപ്പില്‍ റൊണാള്‍ഡോ പറയുന്നു.
മയോര്‍ഗയുടെ ആരോപണത്തോടെ എല്ലാവരിലും ആശങ്കയുണ്ടായി. ഈ സാഹചര്യത്തില്‍ സംഭവത്തിന്റെ സത്യാവസ്ഥ എല്ലാവരും അറിയേണ്ടതുണ്ട്. ഇതിനാലാണ് വാര്‍ത്താകുറിപ്പ് പുറത്തുവിട്ടതെന്നും പീറ്റര്‍ ക്രിസ്റ്റ്യന്‍സെന്‍ പറഞ്ഞു.
മുപ്പത്തിമൂന്നുകാരനായ സൂപ്പർതാരം കരിയറിലെ ഏറ്റവും വലിയ പ്രതിസന്ധിയാണിപ്പോള്‍ നേരിടുന്നത്. മയോര്‍ഗയെ കൂടാതെ മറ്റു രണ്ടു സ്‌ത്രീകള്‍ കൂടി റൊണാള്‍ഡോയ്‌ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ചിട്ടുണ്ട്.
സംഭവം പുറത്തായതോടെ പോളണ്ടിനും സ്കോട്ട്ലന്‍റിനും എതിരായ മത്സരങ്ങള്‍ക്കുള്ള ദേശീയ ടീമില്‍ നിന്ന് പോർച്ചുഗൽ താരത്തെ ഫുട്ബോൾ ഫെഡറേഷൻ ഒഴിവാക്കിയിരുന്നു.