സിദ്ധാർഥ് ശുക്ല, വിവേക്, പുനീത് രാജ്‌കുമാർ അപ്രതീക്ഷിത വിയോഗങ്ങൾ ‌ഞെട്ടിച്ച 2021

വെള്ളി, 31 ഡിസം‌ബര്‍ 2021 (20:53 IST)
മരണമെന്നത് ജീവിതത്തിൽ അനിവാര്യമാണെങ്കിലും ചില അപ്രതീക്ഷിത മരണങ്ങൾ ഏൽപ്പിക്കുന്ന ആഘാതം വളരെ വലുതാണ്. പുനീത് രാജ്‌കുമാറിന്റെയും വിവേകിന്റെയുമടക്കം പല അപ്രതീക്ഷിതമായ മരണങ്ങളും സംഭവിച്ച വർഷമാണ് 2021.
 
കന്നഡ സിനിമയിലെ ഇതിഹാസതാരങ്ങളിലൊരാളായി മാറാനുള്ള യാത്രയ്ക്കിടെയാണ് കന്നഡ സൂപ്പർ താരം പുനീത് രാജ്‌കുമാറിന്റെ മരണം സംഭവിക്കുന്നത്.ഒക്ടോബര്‍ 29ന് ആയിരുന്നു ഇന്ത്യൻ ചലച്ചിത്രലോകത്തെ ഞെട്ടിച്ച വാർത്ത വന്നത്. ഹൃദയാഘാതത്തെ രൂപത്തില്‍ കന്നഡ താരം പുനീത് രാജ്‍കുമാറിനെ മരണം തട്ടിയെടുക്കുകയായിരുന്നു. 
 
ഇത്തരത്തിൽ അപ്രതീക്ഷിതമായ മരണമായിരുന്നു ഹിന്ദി റിയാലിറ്റി ഷോയായ ബിഗ്‌ബോസിലൂടെ പ്രേക്ഷകമനസ്സ് കീഴടക്കിയ ടെലിവിഷൻ അവതാരകനും മോഡലും നടനുമായ സിദ്ധാർഥ് ശുക്ലയുടെ അപ്രതീക്ഷിത മരണം. ദിവസം രാത്രി മരുന്നുകഴിച്ച് ഉറങ്ങാന്‍ കിടന്ന താരം പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്.
 
അതേസമയം തമിഴ് സിനിമയിൽ ചിരിയുടെ തരംഗം തീർത്ത വിവേകിനെയും 2021 തിരികെ വിളിച്ചു. ഏപ്രില്‍ 17ന് സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അമ്പത്തിയൊമ്പതുകാരനായ വിവേകിന്റെ മരണം. അന്യൻ,ശിവാജി തുടങ്ങി ഇരുന്നൂറിലധികം സിനിമകളിൽ അഭിനയിച്ച താരം മൂന്ന് തവണ തമിഴ്‍നാട്  സർക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്‍കാരവും നേടിയിട്ടുണ്ട്.
 
തമിഴിലെ മുൻനിര സംവിധായകനും ഛായാഗ്രാഹകനുമായ കെ വി ആനന്ദിനെയും 2021ല്‍ നഷ്‍ടമായി.  ഹൃദയാഘാതം തന്നെയായിരുന്നു 54 വയസ്സുകാരനായ കെ‌വി ആനന്ദിന്റെയും ജീവൻ കവർന്നത്.മലയാളത്തിൽ തേന്മാവിൻ കൊമ്പത്ത്, മിന്നാരം,ചന്ദ്രലേഖ തുടങ്ങിയ സിനിമകളിൽ ഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ട്. അയണ്‍,കോ,മാട്രാന്‍ എന്നിവയാണ് സംവിധായകനായുള്ള പ്രധാനചിത്രങ്ങൾ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍