കാത്തിരിപ്പ് നീളില്ലെന്ന് മുരളിഗോപി;ലൂസിഫര്‍ രണ്ടാം ഭാഗമെന്ന് ആരാധകര്‍

ശനി, 11 മെയ് 2019 (14:33 IST)
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ആദ്യ സിനിമ ആഗോള ബോക്‌സ് ഓഫീസ് കളക്ഷനില്‍ 150 കോടി പിന്നിട്ടിരുന്നു. ലൂസിഫര്‍ 21 ദിവസം കൊണ്ട് 150 കോടി പിന്നിട്ടതായി നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസാണ് അറിയിച്ചിരുന്നത്. ലൂസിഫര്‍ രണ്ടാം ഭാഗമുണ്ടാകുമെന്ന സൂചന നല്‍കുന്നതായിരുന്നു സിനിമയുടെ ക്ലൈമാക്‌സ്.

സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ നേതാവില്‍ നിന്ന് അബ്‌റാം ഖുറേഷി എന്ന അധോലോക നായകനെന്ന ഒറിജിനല്‍ വ്യക്തിത്വത്തെ പരിചയപ്പെടുത്തിയാണ് സിനിമയുടെ കാരക്ടര്‍ പോസ്റ്റര്‍ സീരീസും അവസാനിപ്പിച്ചത്. ലൂസിഫര്‍ ഒരു സിനിമയില്‍ അവസാനിപ്പിക്കുന്നില്ലെന്നാണ് പൃഥ്വിരാജ് സുകുമാരനും രണ്ടാം ഭാഗത്തെക്കുറിച്ച് പറഞ്ഞത്. രണ്ടാം ഭാഗമുണ്ടാകുമെന്ന തരത്തില്‍ തിരക്കഥാകൃത്ത് മുരളി ഗോപിയും സംസാരിച്ചിരുന്നു. ഇപ്പോഴിതാ മുരളി ഗോപിയുടെ ഫേസ്ബുക്ക് കുറിപ്പാണ് ലൂസിഫര്‍ സെക്കന്‍ഡ് പാര്‍ട്ട് അഭ്യൂഹങ്ങളെ ബലപ്പെടുത്തുന്നത്. ആരാധകര്‍ എല്‍ ടു എന്ന് മുരളിക്ക് കമന്റായി ഇടുന്നുണ്ട്.
 
The wait... won't be 'L'ong എന്നാണ് പോസ്റ്റ്. എല്‍ എന്നത് ലൂസിഫറിന്റെ ചുരുക്കെഴുത്തായി തുടക്കം മുതല്‍ ഉപയോഗിച്ചിരുന്ന അക്ഷരവുമാണ്. ഇതാണ് ആരാധകരുടെ പ്രതീക്ഷ ഉയര്‍ത്തിയത്.
 
അതേ സമയം ആഗോള കളക്ഷനില്‍ സിനിമ 200 കോടിയിലേക്ക് കടന്നതിന്റെ പ്രഖ്യാപനം ഉടനുണ്ടാകുമെന്നും അറിയുന്നു. ഇതേക്കുറിച്ചാണോ മുരളി ഗോപിയുടെ പോസ്‌റ്റെന്നും ചിലര്‍ ചോദിക്കുന്നുണ്ട്.
 
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് മാസ് ആക്ഷന്‍ എന്റര്‍ടെയിനര്‍ സ്വഭാവമുള്ള ലൂസിഫര്‍ നിര്‍മ്മിച്ചത്. മോഹന്‍ലാലിനെ കൂടാതെ പൃഥ്വിരാജ്, വിവേക് ഒബ്‌റോയി, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് എന്നിവരും ചിത്രത്തിലുണ്ടായിരുന്നു. സുജിത് വാസുദേവ് ഛായാഗ്രഹണവും ദീപക് ദേവ് സംഗീതവും നിര്‍വഹിച്ച സിനിമയാണ് ലൂസിഫര്‍.
 
ലൂസിഫര്‍ രണ്ടാം ഭാഗമല്ല പ്രീക്വല്‍ സ്വഭാവത്തില്‍ ആരാണ് അബ്‌റാം എന്ന് വെളിപ്പെടുത്തുന്ന തുടര്‍ച്ചയാണ് ഇനി വരാനിരിക്കുന്നതെന്നും സൂചനയുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍