ഈദ് റിലീസിന് ഒരുങ്ങുന്ന മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ഉണ്ടയെക്കുറിച്ച് തന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് ഉണ്ടയിൽ ഒരു പ്രധാന വേഷവും കൈകാര്യം ചെയ്തിട്ടുള്ള റോണി ഡേവിഡ്. യഥാർത്ഥ ജീവിതത്തിൽ ഒരു ഡോക്ടർ കൂടിയായ റോണി പറയുന്നത് അദ്ദേഹം പഠിച്ച എംബിബിഎസിനെക്കാൾ വലിയ പഠനമായിരുന്നു ഉണ്ട എന്ന സിനിമ എന്നാണ്. സിനിമയ്ക്ക് അപ്പുറം ചിലതെല്ലാം കണ്ടതും കേട്ടും പഠിപ്പിച്ച അധ്യാപനാണ് മമ്മൂട്ടി സാർ എന്നും റോണി പറഞ്ഞു. അതിനൊപ്പം ഇന്ത്യ എന്താണെന്ന് പഠിക്കാൻ കഴിഞ്ഞ യാത്ര. മമ്മൂക്കയുടെ തന്നെ ഡയലോഗ് പോലെ. പുസ്തകത്താളുകളിൽ നിങ്ങൾ കണ്ടത് ഇന്ത്യയല്ല യഥാർത്ഥ ഇന്ത്യ. അതു തിരിച്ചറിഞ്ഞ നിമിഷം. ആറുമാസത്തോളം തുടർന്ന ഷൂട്ടിങ് അനുഭവം. ഛത്തിസ്ഗഡിനെ കണ്ട നടുക്കുന്ന ചിത്രങ്ങൾ. വാക്കുകളിൽ ഇപ്പോഴും മമ്മൂട്ടിയും ഉണ്ട എന്ന സിനിമയും സമ്മാനിച്ച അനുഭവങ്ങളുമാണ് റോണി ഡേവിഡിന് ആവേശം.
ഇപ്പോഴും കണ്ണിൽ നിന്നും അമ്പരപ്പ് മാറിയിട്ടില്ല അദ്ദേഹം ഈ സിനിമയ്ക്ക് വേണ്ടി എടുത്ത പരിശ്രമങ്ങൾ കാണുമ്പോൾ. ഇത്ര വലിയ നടനായിട്ടും സിനിമയ്ക്ക് വേണ്ടി എന്തും സഹിക്കാനും പഠിക്കാനും അദ്ദേഹം തയ്യാറാണ്. ചിത്രത്തിന്റെ ഷൂട്ടിങ് മൈസൂരിൽ വച്ച് അദ്ദേഹം സെറ്റിലുള്ളവർക്ക് ട്രീറ്റ് ചെയ്തിരുന്നു. അന്ന് ഭക്ഷണം കഴിക്കുമ്പോൾ അദ്ദേഹം ഞങ്ങളുടെ അടുത്ത് വന്ന് പറഞ്ഞു. ഇത്രത്തോളം മത്സരം സമ്മാനിച്ച ഒരു ചിത്രം വേറെയില്ല. കാരണം കൃത്യമായ ഗൃഹപാഠം ചെയ്തത് എന്താണ് ചെയ്യേണ്ടതെന്ന ഉത്തമ ബോധ്യത്തോടെ വരുന്ന ഷൂട്ടിങ് സംഘം. ഒപ്പമുള്ള അഭിനേതാക്കളും അങ്ങനെ തന്നെ. ഉണ്ട പുതിയ അനുഭവമായിരുന്നു. ആ വാക്കുകൾക്ക് അദ്ദേഹം വിളമ്പിയ ഭക്ഷണത്തേക്കാൾ രുചിയും ആരോഗ്യവും ഉണ്ടായിരുന്നു: റോണി ഡേവിഡ് പറഞ്ഞു.