മിക്ക സൂപ്പര്‍താരങ്ങള്‍ക്കും നല്ല സമയവും മോശം സമയവും ഉണ്ടാകുമല്ലോ. മമ്മൂട്ടിക്കും മോഹന്‍ലാലിനും രജനികാന്തിനുമെല്ലാം അത് സംഭവിക്കാറുണ്ട്. 1994 മുതല്‍ ഒരു നാലഞ്ച് വര്‍ഷം തെലുങ്കിലെ മെഗാസ്റ്റാര്‍ ചിരഞ്ജീവിക്ക് അത്ര നല്ല സമയമായിരുന്നില്ല. ഇറങ്ങിയ സിനിമകളൊക്കെ ബോക്സോഫീസില്‍ നിരാശ നല്‍കി. മനസുമടുത്ത് ഒന്നുരണ്ടുവര്‍ഷം ചിരഞ്ജീവി സിനിമാലോകത്തുനിന്ന് വിട്ടുനില്‍ക്കുകയും ചെയ്‌തു.
1994ല്‍ എസ് പി പരശുറാം, ദി ജെന്‍റില്‍മാന്‍ എന്നീ സിനിമകള്‍ പരാജയമായത് ചിരഞ്ജീവി ആരാധകര്‍ക്ക് ഞെട്ടലാണ് നല്‍കിയത്. ചിരഞ്ജീവി ക്യാമ്പും ആ പരാജയത്തില്‍ നടുങ്ങി. തമിഴിലെ ബ്ലോക്‍ബസ്റ്റര്‍ ചിത്രമായ ജെന്‍റില്‍മാന്‍റെ റീമേക്ക് ആയിരുന്നിട്ടും ദി ജെന്‍റില്‍മാന്‍ വീണത് സിനിമാലോകത്തിനുതന്നെ വിശ്വസിക്കാനായില്ല.
1995ലും കഥ വ്യത്യസ്തമായില്ല. അലുഡാ മസാക്ക, ബിഗ് ബോസ്, റിക്ഷാവോടു എന്നീ ചിരഞ്ജീവി സിനിമകള്‍ തുടര്‍ച്ചയായി പരാജയം രുചിച്ചു. ഇതോടെ ചിരഞ്ജീവിയുടെ കാലം കഴിഞ്ഞെന്ന് പലരും വിധിയെഴുതി. സിനിമാലോകത്തുനിന്ന് മാറിനില്‍ക്കാന്‍ മെഗാസ്റ്റാര്‍ തയ്യാറാകുകയും ചെയ്തു. രണ്ടുവര്‍ഷമാണ് ചിരഞ്ജീവി സിനിമ ഉപേക്ഷിച്ച് വിട്ടുനിന്നത്.
എന്നാല്‍ പൂര്‍ണമായും മാറിനില്‍ക്കലായിരുന്നില്ല അത്. ഒരു വലിയ ഹിറ്റിനുള്ള കഥ അന്വേഷിക്കലിനാണ് ആ സമയം മെഗാസ്റ്റാര്‍ സമയം ചെലവഴിച്ചത്. തന്‍റെ ഇമേജിനും പ്രായത്തിനും ചേര്‍ന്ന കഥകള്‍ക്കായി സകല ഭാഷകളില്‍ ഇറങ്ങുന്ന സിനിമകളും ചിരഞ്ജീവി ക്യാമ്പ് പരിശോധിച്ചു. ഒടുവില്‍ അവര്‍ക്ക് ഒരു മലയാളചിത്രത്തിന്‍റെ കഥ വല്ലാതെ ഇഷ്ടമായി. അത് സാക്ഷാല്‍ മമ്മൂട്ടിയുടെ ‘ഹിറ്റ്‌ലര്‍’ എന്ന സിനിമയുടെ കഥയായിരുന്നു.
തന്‍റെ തിരിച്ചുവരവിനുള്ള ചിത്രം ‘ഹിറ്റ്‌ലര്‍’ തന്നെ എന്ന് ചിരഞ്ജീവി തീരുമാനിച്ചു. ഹിറ്റ്‌ലറിന്‍റെ റീമേക്ക് റൈറ്റ് സ്വന്തമാക്കി. ചിത്രീകരണവും മറ്റ് ജോലികളും പൂര്‍ത്തിയാക്കി. 1997 ജനുവരി നാലിന് റിലീസ് നിശ്ചയിച്ചു.
ചിരഞ്ജീവിയുടെ കഴിഞ്ഞ സിനിമകള്‍ പോലെ തന്നെ ഹിറ്റ്‌ലറും ബോക്‍സോഫീസില്‍ മൂക്കുംകുത്തി വീഴും എന്നായിരുന്നു വിമര്‍ശകരുടെ പ്രതികരണം. എന്നാല്‍ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് ഹിറ്റ്‌ലര്‍ തെലുങ്കിലെ ഇന്‍ഡസ്ട്രി ഹിറ്റായി മാറി. രാജകീയമായ ഒരു മടങ്ങിവരവായിരുന്നു അത്. മെഗാസ്റ്റാറിന്‍റെ പടയോട്ടം അവിടെ നിന്ന് വീണ്ടും തുടങ്ങുകയായിരുന്നു.
അങ്ങനെ തെലുങ്കിലെ മെഗാസ്റ്റാറിന് ഒരു വീഴ്‌ച സംഭവിച്ചപ്പോള്‍ താങ്ങായി നിന്നത് മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ ആയിരുന്നു എന്നതും മമ്മൂട്ടി ആരാധകര്‍ക്ക് അഭിമാനിക്കാവുന്ന കാര്യമാണ്.