കില്ലര്‍ ലുക്കില്‍ മമ്മൂട്ടി, ബിലാല്‍ എല്ലാ റെക്കോര്‍ഡുകളും തകര്‍ക്കും!

ചൊവ്വ, 12 മാര്‍ച്ച് 2019 (11:45 IST)
മമ്മൂട്ടിയും അമല്‍ നീരദും - ഇതൊരു ഡ്രീം കോമ്പിനേഷനാണ്. അതേ, മലയാളത്തിന് ‘ബിഗ്ബി’ സമ്മാനിച്ച കൂട്ടുകെട്ട്. ബിഗ്ബിയുടെ രണ്ടാം ഭാഗത്തേക്കുറിച്ച് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചുനാളായി. എന്നാല്‍ അത് എപ്പോള്‍ സംഭവിക്കും എന്നതിനെക്കുറിച്ച് കൃത്യമായ ഒരു വിവരം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന വിവരം അനുസരിച്ച് ഈ വര്‍ഷം തന്നെ ‘ബിലാല്‍’ ചിത്രീകരണം ആരംഭിക്കും. ചിത്രത്തിന്‍റെ തിരക്കഥ ഏകദേശം പൂര്‍ത്തിയായതായാണ് അറിയുന്നത്.
 
അമല്‍ നീരദും ഉണ്ണി ആറും ചേര്‍ന്നെഴുതിയ തിരക്കഥയില്‍ അമല്‍ നീരദ് ബിഗ്ബി എന്ന തന്‍റെ
ആദ്യ സിനിമ സംവിധാനം ചെയ്തത് 2007ലാണ്. അന്നുമുതല്‍ ഇന്നുവരെ മലയാളത്തിലെ ഏറ്റവും സ്റ്റൈലിഷായ സിനിമകളുടെ പട്ടികയെടുക്കുമ്പോള്‍ അതില്‍ ഒന്നാമനായി ബിഗ്ബിയും അതിലെ നായകന്‍ ബിലാല്‍ ജോണ്‍ കുരിശിങ്കലുമുണ്ടാവും.
 
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും അടിപൊളി കഥാപാത്രങ്ങളിലൊന്നായിരുന്നു ബിലാല്‍. അധികം ഡയലോഗുകളൊന്നും മമ്മൂട്ടിക്ക് ആ സിനിമയില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഉണ്ടായിരുന്ന ഡയലോഗുകളൊക്കെ അഡാറ്‌ ഐറ്റംസ് ആയിരുന്നു - കൊച്ചി പഴയ കൊച്ചിയായിരിക്കും, പക്ഷേ ബിലാല്‍ പഴയ ബിലാല്‍ അല്ല!
 
ജെയിംസ്, ശിവ, ഡര്‍ന സരൂരി ഹൈ തുടങ്ങിയ രാംഗോപാല്‍ വര്‍മ ചിത്രങ്ങളുടെ ക്യാമറാമാന്‍ എന്ന നിലയില്‍ നിന്ന് ബിഗ്ബിയിലൂടെ സംവിധായകനായി അമല്‍ നീരദ് മാറിയപ്പോള്‍, ആ സിനിമയ്ക്ക് ക്യാമറ ചലിപ്പിക്കാന്‍ അവസരം ലഭിച്ചത് സമീര്‍ താഹിറിനാണ്. ഗോപി സുന്ദറായിരുന്നു ബി ജി എം.
 
ബിലാല്‍ തിരിച്ചുവന്നിരുന്നെങ്കില്‍ എന്ന ഓരോ സിനിമാ പ്രേമിയുടെയും ആഗ്രഹം തിരിച്ചറിഞ്ഞാണ് അമല്‍ നീരദ് രണ്ടാം ഭാഗവുമായി എത്തുന്നത്. ഉണ്ണി ആര്‍ തന്നെയാണ് തിരക്കഥ. അമല്‍ നീരദ് തന്നെ ഛായാഗ്രഹണം നിര്‍വഹിക്കും.
 
കൈയില്‍ നിറതോക്കുമായി കൊച്ചിയുടെ വിരിമാറിലൂടെ സ്ലോമോഷനിലൂടെ ഡോണ്‍ ലുക്കില്‍ നടന്നുനീങ്ങുന്ന മമ്മൂട്ടി ഉടന്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍ ആരാധകര്‍ക്ക് ഇത് ആഘോഷകാലം. ആ കില്ലര്‍ ലുക്ക് വീണ്ടും തരംഗമാകുമ്പോള്‍ ബോക്സോഫീസിലെ നിലവിലുള്ള എല്ലാ റെക്കോര്‍ഡുകളും തകരുമെന്നും പ്രതീക്ഷിക്കാം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍