ഫ്‌ളാറ്റായ തിരക്കഥ, കാര്യമായി ഒന്നും ചെയ്യാനില്ലാതെ മമ്മൂട്ടി; നിരാശപ്പെടുത്തി ക്രിസ്റ്റഫര്‍ (റിവ്യു)

വെള്ളി, 10 ഫെബ്രുവരി 2023 (10:22 IST)
നീതി വൈകുന്നത് നീതി നിഷേധിക്കപ്പെട്ടതിനു തുല്യമാണ്. അങ്ങനെ വരുമ്പോള്‍ പലരും നീതി നടപ്പിലാക്കാന്‍ ഇറങ്ങി പുറപ്പെടും. രാജ്യത്തെ നീതിന്യായ വ്യവസ്ഥയിലൊന്നും വിശ്വാസമില്ലാതെ സ്വയം നീതി നടപ്പിലാക്കാനൊരുങ്ങിയ ഒരു ഐപിഎസ് ഓഫീസറുടെ കഥയാണ് ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ക്രിസ്റ്റഫര്‍ പറയുന്നത്. 
 
തീര്‍ത്തും പ്രവചനീയമാണ് സിനിമയുടെ കഥ. ക്രിസ്റ്റഫര്‍ ആന്റണി എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ഭൂതകാലത്തിലേക്കാണ് ചിത്രം പ്രേക്ഷകരെ കൂട്ടികൊണ്ടു പോകുന്നത്. പല കുറ്റവാളികളുടെയും വിധി തീരുമാനിക്കുന്നത് ഇവിടെ ക്രിസ്റ്റഫര്‍ തന്നെയാണ്. കോടതി വ്യവഹാരങ്ങള്‍ക്ക് വിട്ടുകൊടുത്താല്‍ ഈ പ്രതികളെല്ലാം നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് രക്ഷപ്പെടുമെന്ന് ഉറപ്പുള്ളതുകൊണ്ട് താന്‍ സ്വയം നീതി നടപ്പിലാക്കേണ്ടി വരികയാണെന്ന് ക്രിസ്റ്റഫര്‍ പറയുന്നു. നീതി നടപ്പിലാക്കാന്‍ ക്രിസ്റ്റഫറിന് അയാളുടേതായ ശരികളും ന്യായീകരണങ്ങളും ഉണ്ട്. ആ ശരികള്‍ ഭൂരിഭാഗം പ്രേക്ഷകരുടെ കൂടി ശരിയാകുന്നുണ്ട്. 
 
സമകാലിക വിഷയങ്ങളെല്ലാം കോര്‍ത്തിണക്കിയാണ് ഉദയകൃഷ്ണയുടെ തിരക്കഥ. പൊലീസ് എന്‍കൗണ്ടറുകളെ കുറിച്ചും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ കുറിച്ചും സിനിമ ചര്‍ച്ച ചെയ്യുന്നുണ്ട്. സമകാലിക വിഷയങ്ങളുടെ കുത്തൊഴുക്കില്‍ പലപ്പോഴും സിനിമ ആവര്‍ത്തനവിരസത സമ്മാനിക്കുന്നു. തിരക്കഥ തന്നെയാണ് സിനിമയെ പിന്നോട്ട് വലിക്കുന്നത്. വളരെ ഫ്‌ളാറ്റായ തിരക്കഥയില്‍ ഇതില്‍ കൂടുതലൊന്നും സംവിധായകന് ചെയ്യാനുള്ള സ്‌പേസ് ഇല്ല. 
 
സമീപകാലത്ത് വന്ന ഉദയകൃഷ്ണ ചിത്രങ്ങള്‍ പോലെ ഡബിള്‍ മീനിങ് ഡയലോഗുകളും ചളിപ്പ് തമാശകളും ക്രിസ്റ്റഫറില്‍ ഇല്ല എന്നതാണ് ഏറ്റവും വലിയ ആശ്വാസം. ത്രില്ലര്‍ ഴോണറുകളിലുള്ള ചിത്രങ്ങള്‍ ചെയ്യുമ്പോള്‍ ബി.ഉണ്ണികൃഷ്ണന്‍ പുലര്‍ത്തുന്ന കയ്യടക്കം ക്രിസ്റ്റഫറിലും കാണാം. വളരെ ഡീസന്റായ മേക്കിങ്ങാണ് ചിത്രത്തിന്റേത്. ജസ്റ്റിന്‍ വര്‍ഗീസിന്റെ പശ്ചാത്തല സംഗീതവും ഒരു പരിധിവരെ സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. 
 
അഭിനേതാക്കളുടെ പ്രകടനത്തിലേക്ക് വന്നാല്‍ മമ്മൂട്ടിയുടെ സ്‌ക്രീന്‍ പ്രസന്‍സും ആക്ഷന്‍ രംഗങ്ങളും തന്നെയാണ് എടുത്തുപറയേണ്ടത്. ക്രിസ്റ്റഫര്‍ ആന്റണി എന്ന പൊലീസ് ഉദ്യോഗസ്ഥനായി മമ്മൂട്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. എങ്കിലും മമ്മൂട്ടിയിലെ അഭിനേതാവിനെയോ താരത്തെയോ വേണ്ടവിധം ചൂഷണം ചെയ്യാന്‍ തിരക്കഥയ്ക്ക് ഒരിടത്തും കാര്യമായി സാധിച്ചിട്ടില്ല. അമല പോള്‍, സ്നേഹ, സിദ്ധിഖ്, ഐശ്വര്യ ലക്ഷ്മി, ദിലീഷ് പോത്തന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരും കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി. ഒരു തവണ കണാവുന്ന ശരാശരി അനുഭവമാണ് ക്രിസ്റ്റഫര്‍ സമ്മാനിക്കുന്നത്. 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍