ചെയ്യുന്നതെല്ലാം വന്‍ തോല്‍വി സിനിമകള്‍, എന്നിട്ടും കോടികള്‍ മുടക്കാന്‍ നിര്‍മാതാക്കള്‍; ഉദയകൃഷ്ണയെ ട്രോളി സോഷ്യല്‍ മീഡിയ

ശനി, 11 നവം‌ബര്‍ 2023 (08:25 IST)
ഒരു കാലത്ത് തുടര്‍ച്ചയായി ഹിറ്റ് സിനിമകള്‍ സമ്മാനിച്ചിരുന്ന തിരക്കഥാകൃത്തുക്കള്‍ ആയിരുന്നു ഉദയകൃഷ്ണ-സിബി കെ.തോമസ്. പിന്നീട് സിബി കെ.തോമസ് ആയുള്ള കൂട്ടുകെട്ട് പിരിഞ്ഞ ശേഷവും ഉദയകൃഷ്ണ തനിച്ച് സിനിമകള്‍ ചെയ്തു. 2016 ല്‍ മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന്റെ തിരക്കഥ ഉദയകൃഷ്ണയായിരുന്നു. പുലിമുരുകന്‍ വന്‍ ഹിറ്റായെങ്കിലും പിന്നീട് ഉദയകൃഷ്ണ ചെയ്ത തിരക്കഥകളെല്ലാം പ്രേക്ഷകരെ നിരാശപ്പെടുത്തി. മാത്രമല്ല ബോക്‌സ്ഓഫീസിലും വലിയ ചലനങ്ങള്‍ സൃഷ്ടിച്ചില്ല. 
 
2019 ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം മധുരരാജ മാത്രമാണ് പുലിമുരുകന് ശേഷം തരക്കേടില്ലാതെ ഓടിയ ഉദയകൃഷ്ണ ചിത്രം. അതിനു ശേഷം ചെയ്ത നാല് സിനിമകളും തുടര്‍ച്ചയായി പരാജയപ്പെട്ടു. ഇന്നലെ പുറത്തിറങ്ങിയ ദിലീപ് ചിത്രം ബാന്ദ്രയാണ് അതില്‍ അവസാനത്തേത്. 
 
2022 ല്‍ രണ്ട് സിനിമകള്‍ക്കാണ് ഉദയകൃഷ്ണ തിരക്കഥ രചിച്ചത്. രണ്ടിലും മോഹന്‍ലാല്‍ ആയിരുന്നു നായകന്‍. ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ആറാട്ടും വൈശാഖ് സംവിധാനം ചെയ്ത മോണ്‍സ്റ്ററും. രണ്ട് ചിത്രങ്ങളും തിയറ്ററുകളില്‍ വന്‍ പരാജയമായി. ഈ വര്‍ഷം ആരംഭത്തില്‍ ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ക്രിസ്റ്റഫറും തിയറ്ററുകളില്‍ പരാജയമായി. ഇപ്പോള്‍ ഇതാ ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്ത ബാന്ദ്രയും തകര്‍ന്നടിഞ്ഞിരിക്കുന്നു. 
 
സൂപ്പര്‍താര ചിത്രങ്ങള്‍ ആയതിനാല്‍ തന്നെ ഉദയകൃഷ്ണയുടെ അവസാന നാല് സിനിമകളും വന്‍ ബജറ്റിലാണ് ഒരുങ്ങിയത്. തുടര്‍ പരാജയങ്ങളില്‍ വീണുകിടക്കുന്ന തിരക്കഥാകൃത്തിന് സൂപ്പര്‍താരങ്ങള്‍ വീണ്ടും വീണ്ടും അവസരങ്ങള്‍ നല്‍കുന്നത് എന്തിനാണെന്നാണ് ആരാധകരുടെ ചോദ്യം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍