മോഹൻലാൽ മീശ പിരിയോടു പിരി, പിരിച്ച് പിരിച്ച് മീശ അവസാനം വാളു പോലെയായി; പുലിമുരുകന് വേറിട്ടൊരു റിവ്യു, പോസ്റ്റ് വൈറലാകുന്നു

തിങ്കള്‍, 10 ഒക്‌ടോബര്‍ 2016 (17:49 IST)
മോഹൻലാലിന്റെ ബിഗ്‌ബജറ്റ് ചിത്രം പുലിമുരുകൻ ബോക്സ് ഓഫീസിൽ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ആസ്വാദനത്തിന്റെ പല രീതിയിൽ കാണിക‌ൾ നിരൂപണമായും അല്ലാതെയും അഭിപ്രായങ്ങൾ രേഖപ്പെടുത്തി. ഇതിനിടയിൽ പുലിമുരുകന് വേറിട്ടൊരു റിവ്യു തയ്യാറാക്കിയിരിക്കുകയാണ് ഒരു പ്രേക്ഷക. നിഷ മേനോൻ ചെമ്പകശ്ശേരി എന്ന പ്രേക്ഷകയുടെ റിവ്യൂ വായിക്കാം.
 
നിഷ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്:
 
അപ്പൊ മുന്നൊരുക്കങ്ങള്‍ ഇതൊക്കെയായിരുന്നു, സൂര്‍ത്തുക്കളെ...
 
• ശിക്കാര്‍ + നരന്‍ + പട്ട, ഏലക്ക, ഗ്രാമ്പൂ, ജാതിപത്രി എന്നീ മസാലകള്‍ ഒരു അഞ്ചു ഗ്രാം വീതം... 
• ജീപ്പുകള്‍ - ഒരു 10 - 12 (മാരുതി ഓംനി, പജേറോ എന്നിവയുടെ ഫാഷനൊക്കെ കഴിഞ്ഞു, ഇപ്പോള്‍ മ്മടെ പഴേ ജീപ്പിലേയ്ക്ക് തന്നെ തിരിച്ചെത്തി)
• മുരുകനെ വാനോളം പൊക്കിയുള്ള "ഡയകോലുകള്‍" - 50 എണ്ണം (അതൊക്കെ കിറുകൃത്യമായി സഹതാരങ്ങളെ കൊണ്ട് ഇടയ്ക്കും തലയ്ക്കും പറയിപ്പിച്ചു മുഴുമിപ്പിച്ചു സംവിധായകേട്ടന്‍ ഗൊച്ചു ഗള്ളന്‍!)
• ഗുണ്ടകള്‍ - 100 (പഴയ സാന്ഡോ ബനിയന്‍ - കടും കളര്‍ പാന്റ്സ് ടീംസ് അല്ല...ഷര്ട്ടൊക്കെ ഇന്‍ ചെയ്ത നല്ല എക്സിക്കുട്ടന്മാര്‍ - ഗുണ്ടകള്‍ക്കും വേണ്ടേ, ഒരു പുരോഗതി!)
ഇത്രേം ഒരുക്കി വെച്ചിട്ടേ അവര് തിരക്കഥ എഴുതാന്‍ പേന എടുത്തുള്ളൂ...(അതിനു തിരക്കഥ ഉണ്ടോ? ആ...!!) പിന്നെ, അവടന്നാങ്ങട് പിടിച്ചില്ലേ....എന്റെ അത്തിപ്പാറ അമ്മച്ചീ...! അമ്പത്താറു വയസ്സുള്ള ആ മനുഷ്യനെ ഒരു സെക്കന്ഡ് വെറുതെ ഇരുന്നു അഞ്ചു ശ്വാസം വിടാന്‍ സമ്മതിച്ചിട്ടില്ല, ബലാലുകള്....!
കാട്ടിലടി, നാട്ടിലടി, വെള്ളത്തിലടി, മണ്ണിലടി, ഫാക്റ്ററിയിലടി, ഇരുട്ടടി എന്നുവേണ്ട, ലോകത്ത് ആകെ മൊത്തം ടോട്ടല്‍ എത്ര അടി ഉണ്ടോ, അതെല്ലാം ആ മൂപ്പരും, ഗുണ്ടകളും കൂടി തിമര്‍ത്തു...
"പുലിമുരുകന്‍" എന്നാണു അങ്ങേരുടെ പേര്, ആള് പുലീടെ അടുത്ത് ചെന്ന് (ഇന്നസെന്റ് പറയുന്ന പോലെ, "ഇങ്ങനെ വെര്‍തെ, അവിടെ പണിയൊന്നൂല്യാതെ ബോറടിച്ചിരിക്കുമ്പോ") അതിനെ ഇടി കൂടി കൊല്ലുന്ന പുപ്പുലി ആയതോണ്ടാ...പക്ഷേ, സില്‍മേല്, പുലീം, ചുള്ളനും കൂടീള്ള ഏര്‍പ്പാട് രണ്ടേ രണ്ടു തവണ മാത്രേള്ളൂ...അതിനെങ്ങനെയാ, അങ്ങേരെ മനുഷ്യര് ഒന്ന് വെര്‍തെ വിട്ടിട്ടു വേണ്ടേ? ഒരു മെയിന്‍ വില്ലന്‍, പിന്നെ വില്ലന്റെ എതിര്‍ വില്ലന്‍, മെയിന്‍ വില്ലന്റെ ശിങ്കിടി വില്ലന്‍, മകന്‍ വില്ലന്‍ എന്ന് വേണ്ട, നാട്ടിലെ വില്ലന്മാരു മൊത്തം ഇങ്ങേരുടെ പിന്നാലെ...അങ്ങനെ അവസാനം, വില്ലന്‍ ഒരു വശത്ത്, പുലി ഒരു വശത്ത്...മ്മടെ ഗഡി ഒടുക്കത്തെ ബുദ്ധ്യാ അങ്ങട് പ്രയോഗിച്ചു...പുലിയോട് പറഞ്ഞു, നിങ്ങള് തമ്മില്‍ തമ്മിലാ ആയിക്കോളാന്‍...അപ്പൊ അവര് തമ്മിലാങ്ങട് തീര്‍ത്തു...ഹല്ലാ പിന്നെ - പൈസ തരുന്നുണ്ടെന്നുംവെച്ച് പണിയെടുപ്പിച്ച് കൊല്ലുന്നെനും ഇല്യേ ഒരതിരൊക്കെ...!
നോട്ട് ദി പോയിന്റ്സ് :-
• മറുനാടന്‍ തൊഴിലാളികളുടെ കടന്നുകയറ്റം ഇവടേംണ്ട്, ട്ടാ...അവസാനത്തെ കൂട്ടപ്പൊരിച്ചിലില്‍ ഗുണ്ടകളുടെ അന്തര്‍സംസ്ഥാനസമ്മേളനം ആയിരുന്നു..ഊത്തുകുഴല്‍ പോലീള്ള ഐറ്റംസ് വെച്ച് നേപ്പാളികള്‍, ബംഗാളികള്‍, ഒറിയക്കാര്‍ മുതല്‍, മ്മടെ ബാബു, ബിജു, ഷാജി പോലുള്ള നാടന്‍ ടീംസ് വരെ...
• കാട്ടിലെ ചിത്രീകരണം കൊള്ളാം....നല്ല ഫോട്ടംപിടുത്തം...
• മോകന്‍ലാല്‍ നല്ല സ്ലിം & ട്രിം....മീശ പിരിയോടു പിരി...പിരിച്ചു പിരിച്ച് അവസാനം മീശ വാള് പോല്യായി...ഇഷ്ടന്റെ തമാശകള്‍ കേട്ടപ്പോള്‍ ഗദ്ഗദം വന്നൂന്ന് മാത്രം...
• മ്മടെ നാട്ടില്‍ നല്ല വില്ലന്മാര്‍ക്ക് ക്ഷാമാ...ദേ, കൊണ്ടന്ന്ണ്ട്, കര്‍ണ്ണാടകേന്നോ, ബംബായീന്നോ, ഒരെണ്ണത്തിനെ..."ആ" എന്നാണു ഡയലോഗ് എങ്കില്‍ "ഈ" എന്നാണു ലിപ് മൂവ്മെന്റ്!
• ചെന്നിരുന്നത് ചെന്നൈയിലാണോ എന്നൊരു "തമിശയം" തോന്നി...കോളേജ് പിള്ളേര് കടലാസൊക്കെ നല്ല ഭംഗിയായി കട്ടാ കട്ട് ചെയ്തു ഓരോ ഡയകോലിനും മോളിലെയ്ക്ക് ആഞ്ഞുവിതറി, ആര്‍പ്പുവിളി(അതൊക്കെ നായകനേക്കാള്‍ കൂടുതല്‍ പുലിയ്ക്കിട്ടാണ് കിട്ടിയിരുന്നത് ന്ന് മാത്രം)...
പീസ്‌ ഓഫ് വാല്‍:- MCR മുണ്ടുകള്‍ പുതീത് ഇറക്കാനുള്ള ഒരുക്കത്തിലാണെന്ന് എന്റെ മാര്‍ക്കറ്റിംഗ് അല്പബുദ്ധി ഉരുവിടുന്നു...കരയുള്ള കറുത്ത മുണ്ടുകള്‍ - "പുലിമുരുകന്‍ മുണ്ടുകള്‍" (ഇനി വന്നു തുടങ്ങിയോ ആവോ?) !!

വെബ്ദുനിയ വായിക്കുക