ട്രോളൻ‌മാർക്ക് നന്ദി, പൃഥ്വിയുടെ ലംബോർഗിനി വീട്ടിലെത്തിയതിന്റെ സന്തോഷം പങ്കുവച്ച് മല്ലിക സുകുമാരൻ

ബുധന്‍, 30 ജനുവരി 2019 (13:07 IST)
പൃഥ്വിരാജിന്റെ ലംബോർഗിനി കാർ വീട്ടിലെത്തിക്കാൻ കഴിയുന്നില്ല എന്ന് നേരത്തെ മല്ലിക സുകുമാരൻ പറഞ്ഞത് സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചാവിഷയമായിരുന്നു. ആ സമയത്തെ ട്രോളൻ‌മാരുടെ പ്രധാന ഇര മല്ലികാ സുകുമാരനായിരുന്നു.  എന്നാൽ ട്രോളുകൾ കൊണ്ട് ഗുണം തന്നെയാണുണ്ടായത്. പൃഥ്വി തന്റെ ലംബോർഗിനി കാറുമായി തിരുവനതപുരത്തെ തറവാട്ടുവീട്ടിലെത്തി.
 
റോഡിന്റെ മോശം അവസ്ഥ കാരണം പൃഥ്വിക്ക് കാറുമായി കുണ്ടമൺ ഭാഗത്തെ വീട്ടിലെത്താൻ സാധിക്കുന്നില്ല എന്ന് ഒരു അഭിമുഖത്തിൽ പറഞ്ഞതാണ് ട്രോളൻ‌മാർ ആയുധമാക്കിയത്. മല്ലികയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ രംഗത്ത് വന്നു. 3 കോടി രൂപ മുടക്കിയ കാറിന് 49ലക്ഷം രൂപയോളം പൃഥ്വി ടാക്സ് നൽകിയിട്ടുണ്ട്. റോഡ് നന്നാക്കി നൽകാൻ ആവശ്യപ്പെടിന്നതിൽ തെറ്റ് എന്താണെന്ന് വരെ ചർച്ചകൾ വന്നതോടെ അധികാരികൾ ഉണർന്ന് പ്രവർത്തിച്ചു. 
 
റോഡ് നന്നാക്കി നൽകണം എന്നാവശ്യപ്പെട്ട് പൃഥ്വി ലംബോർഗിനി വാങ്ങുന്നതിന് മുൻപ് തന്നെ മല്ലികാ സുകുമാരൻ നിവേദനം നൽകിയതാണ്. എന്നാൽ ട്രോളുകൾ വലിയ ചർച്ചാ വിഷയമായതോടെ ചുവപ്പുനാടയിൽ കുടുൺഗിയ ഫയലുകൾ നീങ്ങി. 
 
കുറച്ചു ദിവസങ്ങൾക്ക് മുൻപ്  റോഡ് വീതികൂട്ടി ടാറ് ചെയ്തു. ഇതോടെ വീട്ടിലേക്ക് കയറുന്ന ഭാഗം ഇന്റർലോക്ക് പാകി വൃത്തിയാക്കി. റോഡ് നന്നാക്കിയതോടെ പൃഥ്വി ലംബോർഗിനിയുമായി വീട്ടിലെത്തി. എന്നെക്കാളേറെ സന്തോഷം അവനായിരുന്നു. തൊട്ടുപിന്നാലെ ഇന്ദ്രനും അവന്റെ വലിയ വാഹനവുമായി എത്തി അങ്ങനെ എന്റെ വീട്ടിൽ വീണ്ടും ഒത്തുകൂടൽ ഉണ്ടാ‍യി സന്തോഷത്തോടെ മല്ലിക സുകുമാരൻ പറഞ്ഞു 
 
ആരോഗ്യകരമായ ട്രോളുകളോട് എനിക്ക് നന്ദിയുണ്ട്. ഈ വിഷയം അധികാരികളുടെ മുന്നിൽ എത്തിക്കാൻ സഹായിച്ചത് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ച ട്രോളുകളാണ്. ഒരു ചെറു ചിരിയോടെ കണാൻ കഴിയുന്ന ട്രോളുകളെ എനിക്കിഷ്ടമാണ് എന്നും മല്ലിക സുകുമാരൻ പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍