1995 ല്‍ പുറത്തിറങ്ങിയ ഹല്‍ചുല്‍ എന്ന സിനിമയുടെ സെറ്റില്‍വച്ചാണ് കജോളും അജയ് ദേവ്ഗണും ആദ്യമായി കണ്ടുമുട്ടുന്നത്. വളരെ അപ്രതീക്ഷിതമായാണ് കജോള്‍ ഈ സിനിമയിലേക്ക് എത്തുന്നത്. നടി ദിവ്യ ഭാരതിയുടെ മരണമാണ് കജോളിന് ഹുല്‍ചുല്‍ എന്ന സിനിമയിലേക്ക് വഴി തുറന്നത്. അജയ് ദേവ്ഗണിനെ കണ്ടപ്പോള്‍ തന്നെ വളരെ മോശം അനുഭവമാണ് കജോളിനുണ്ടായത്.
സിനിമയുടെ സെറ്റിലെത്തുന്ന അജയ് എപ്പോഴും ഒരു മൂലയില്‍ ഒറ്റക്കിരുന്ന് സിഗരറ്റ് വലിക്കുന്നത് കാണാം. ഈ കാഴ്ച കജോളിനെ അലോസരപ്പെടുത്തി. ആദ്യ കാഴ്ചയില്‍ തന്നെ അജയ് ദേവ്ഗണിനോട് കജോളിന് ദേഷ്യമാണ് തോന്നിയത്. എപ്പോഴും സിഗരറ്റ് വലിക്കുന്ന അജയ് ദേവ്ഗണിനോട് തനിക്ക് യാതൊരു താല്‍പര്യവും തോന്നിയിരുന്നില്ല എന്ന് പില്‍ക്കാലത്ത് കജോള്‍ ഒരു അഭിമുഖത്തില്‍ തുറന്നുപറഞ്ഞിട്ടുണ്ട്. മാത്രമല്ല അജയ് ഒരു അന്തര്‍മുഖനായിരുന്നു. അധികം ആരുമായും സൗഹൃദമൊന്നും ഇല്ലാത്ത വ്യക്തി. കജോളിന്റെ സ്വഭാവം നേരെ തിരിച്ചും. എപ്പോഴും ഉല്ലസിക്കുകയും എല്ലാവരുമായും കൂട്ടുകൂടുകയും ചെയ്യുന്ന സ്വഭാവക്കാരിയായിരുന്നു കജോള്‍. അതുകൊണ്ട് തന്നെ ഇന്‍ട്രോവെര്‍ട്ടായ അജയ് ദേവ്ഗണിനോട് കജോളിന് വലിയ താല്‍പര്യമൊന്നും ഇല്ലായിരുന്നു.
ഹല്‍ചുലിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെ ഇരുവരും സുഹൃത്തുക്കളായി. ഒന്നിച്ചുള്ള സീനുകള്‍ ഇരുവരും ആസ്വദിക്കാന്‍ തുടങ്ങി. ഷൂട്ടിങ് അവസാന ദിവസം ആകുമ്പോഴേക്കും സൗഹൃദം ദൃഢമായി. മാത്രമല്ല, അജയ് ദേവ്ഗണില്‍ നിന്ന് കജോള്‍ ഉപദേശങ്ങള്‍ സ്വീകരിക്കാനും തുടങ്ങി. ഇരുവരും ഡേറ്റിങ്ങിലായിരുന്നു. അടുത്ത വര്‍ഷങ്ങളില്‍ ഇരുവരും തമ്മിലുള്ള പ്രണയബന്ധം കൂടുതല്‍ ശക്തിപ്പെടുകയും പരസ്പരം പിരിയാന്‍ കഴിയാത്ത വിധം ആകുകയും ചെയ്തിരുന്നു.