മിമിക്രി താരവും നടനുമായ കോട്ടയം നസീറിന്റെ ആദ്യ ഹ്രസ്വചിത്രമാണ് കുട്ടിച്ചൻ. ഇതിനെചൊല്ലിയുള്ള വിവാദങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിലെ ഇപ്പോഴത്തെ ചര്‍ച്ച വിഷയം. കുട്ടിച്ചനിലെ പ്രമേയം തന്റെ സിനിമയിലെ ഒരു ഭാഗവുമായി വളരെ സാദൃശ്യം തോന്നിക്കുന്നുവെന്ന വാദവുമായി സംവിധായകന്‍ സുദേവന്‍ പെരിങ്ങോടാണ് രംഗത്ത് വന്നിരിക്കുന്നത്.
സുദേവന്‍ പെരിങ്ങോടിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:
ശ്രീ കോട്ടയം നസീർ അറിയുവാൻ. അനുകരണകലയിലൂടെ മലയാളികൾക്ക് പരിചിതനായിട്ടുള്ള താങ്കൾ ഇപ്പോൾ തിരക്കഥ, സംവിധാന രംഗത്തേയ്ക്ക് കൂടി കടന്നിരിക്കുകയാണല്ലോ, സന്തോഷം. അനുകരണകലയിലേതു പോലെ ഈ രംഗത്തും താങ്കൾക്ക് ശോഭിക്കുവാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
താങ്കളുടെ ആദ്യത്തെ സംവിധാന സംരംഭമായ 'കുട്ടിച്ചൻ' എന്ന ഹ്രസ്വ ചിത്രം ഇന്നലെയാണ് കാണാനിടയായത്. പെയ്‌സ് ട്രസ്റ്റ് നിർമ്മിച്ച് ഞാൻ രചനയും സംവിധാനവും നിർവഹിച്ച ''അകത്തോ പുറത്തോ''എന്ന സിനിമയിലെ വൃദ്ധൻ എന്ന ഭാഗത്തിന്റെ ആശയവും പരിചരണ രീതിയും അതുപോലെ തന്നെ എടുത്തിരിക്കുന്നതായിട്ടാണ് എനിക്ക് തോന്നിയത്. ഇത് പോലെ മുന്നോട്ടു പോവുന്നത് ശരിയായിരിക്കില്ല എന്ന് വിചാരിക്കുന്നു. എന്തായാലും അനുകരണകലയിൽ താങ്കളുടെ ഭാവി ശോഭനമാവട്ടെ എന്ന് ആശംസിക്കുന്നു.