വിജയ് നായകനായ തമിഴ് ചിത്രം ബിഗിൽ പുതിയ കളക്ഷൻ റെക്കോർഡുകൾ എഴുതിച്ചേർക്കുകയാണ്. ചിത്രത്തിന്റെ ടോട്ടൽ കളക്ഷൻ 300 കോടിയിലേക്ക് പ്രവേശിക്കുന്നു. അജിത് ചിത്രം വിശ്വാസം, രജനീകാന്തിന്റെ പേട്ട എന്നീ സിനിമകളുടെ കളക്ഷൻ റെക്കോർഡുകൾ ബിഗിൽ ഭേദിച്ചുകഴിഞ്ഞു. വിജയ് സിനിമകളിൽ ഏറ്റവും വലിയ സാമ്പത്തിക വിജയമായി അറ്റ്ലി ഒരുക്കിയ ഈ സ്‌പോർട്സ് ഡ്രാമ മാറിക്കഴിഞ്ഞു.
ആദ്യ അഞ്ചുദിവസം കൊണ്ടുതന്നെ 200 കോടി കളക്ഷൻ നേടിയ സിനിമ പിന്നീടും സ്റ്റഡി കളക്ഷനിൽ തുടരുകയായിരുന്നു. വിജയ്, നയൻതാര എന്നിവരുടെ തകർപ്പൻ അഭിനയവും എ ആർ റഹ്‌മാന്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ജി കെ വിഷ്ണുവിന്റെ ക്യാമറാചലനങ്ങളുമാണ് ഈ സിനിമയുടെ പ്രധാന ആകർഷണം. ഈ വിജയത്തോടെ രജനീകാന്തിന്റെ താരമൂല്യത്തോട് വിജയ് കൂടുതൽ അടുത്തു എന്ന് പറയാം.
അതേസമയം, ബിഗിൽ തകർത്തോടുന്ന പശ്ചാത്തലത്തിൽ വിക്രമിന്റെ മകൻ ധ്രുവ് വിക്രം നായകനായ ആദിത്യ വർമയുടെ റിലീസ് മാറ്റിവച്ചു. ചിത്രം ഇന്ന് റിലീസ് ചെയ്യാനിരുന്നതാണ്. എന്നാൽ ബിഗിൽ തരംഗത്തിൽ ആദിത്യ വർമ മുങ്ങിപ്പോകാൻ സാധ്യതയുണ്ടെന്ന് മനസിലാക്കിയ വിക്രം, ചിത്രത്തിന്റെ റിലീസ് മാറ്റാൻ നിർമ്മാതാക്കളെ നിർബന്ധിച്ചു എന്നാണ് റിപ്പോർട്ടുകൾ. നവംബർ മൂന്നാം വാരത്തിലേക്ക് ആദിത്യ വർമയുടെ റിലീസ് മാറ്റി എന്നറിയുന്നു.