സിനിമാ താരങ്ങൾക്ക് പ്രായമായി കഴിഞ്ഞാൽ ഒരുമിച്ച് താമസിക്കാൻ ഗ്രാമമുണ്ടാക്കാൻ 'അമ്മ' ശ്രമങ്ങൾ തുടങ്ങിയതായി നടൻ ബാബുരാജ്. നമ്മുടേതായ ഗ്രാമം എന്ന ആശയം മോഹൻലാലിന്റേതാണെന്നും അതിനുള്ള ധൈര്യം നമുക്കുണ്ടെന്നും ബാബുരാജ് പറഞ്ഞു. മോഹൻലാലിന്റെ ആശയത്തിന് അമ്മ സംഘടന അനുകൂല മറുപടിയാണ് നല്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. അമ്മ നടപ്പാക്കുന്ന സഞ്ജീവനി ജീവൻരക്ഷാപദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘടനയിലെ 82 അംഗങ്ങൾക്ക് സ്ഥിരമായി ജീവൻരക്ഷാ- ജീവിതശൈലീ രോഗങ്ങൾക്കുള്ള മരുന്ന് വിതരണം ചെയ്യുന്ന പദ്ധതിയാണ് സഞ്ജീവനി. 'നമുക്ക് നമ്മുടേതായ ഗ്രാമമെന്ന ആശയം ലാലേട്ടന്റേതാണ്. നമുക്കെല്ലാം വയസ്സായിക്കഴിഞ്ഞാൽ ഒരുമിച്ച് ജീവിക്കാൻ പറ്റിയ ഗ്രാമം ഉണ്ടാക്കണം. അതിനുള്ള പ്രയത്നം തുടങ്ങിക്കഴിഞ്ഞു.' വേദിയിലിരിക്കുന്ന മമ്മൂട്ടിയേയും മോഹൻലാലിനേയും കേന്ദ്രമന്ത്രികൂടിയായ സുരേഷ് ഗോപിയേയും ചൂണ്ടിക്കാണിച്ച് ഈ മൂന്ന് തൂണുകളുണ്ടെങ്കിൽ നമ്മൾ ഗ്രാമമല്ല, ഒരുപ്രദേശം മുഴുവൻ വാങ്ങുമെന്നും ബാബുരാജ് പറഞ്ഞു.