പുതുവര്‍ഷാഘോഷത്തിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് ഒരു നിമിഷം ശ്രദ്ധിക്കൂ !

ശനി, 31 ഡിസം‌ബര്‍ 2016 (15:19 IST)
ഒരു വര്‍ഷം കൂടി നാം പിന്നിടുന്നു. വളരെയേറെ സംഭവബഹുലവും പ്രത്യാശാഭരിതവും സംഘര്‍ഷനിര്‍ഭരവുമായ ഒരു വര്‍ഷമാണ് വിടവാങ്ങുന്നത്. സാങ്കേതികവും ശാസ്ത്രീയവുമായ മുന്നേറ്റങ്ങള്‍ ലോകമൊട്ടാകെയും ഇന്ത്യയിലും ഉണ്ടായിട്ടുണ്ട്. അതിനൊപ്പം തന്നെ മനുഷ്യത്വത്തെ കുത്തിമുറിവേല്‍പ്പിച്ച ഒരുപാടു സംഭവങ്ങളുമുണ്ടായിട്ടുണ്ട്. മനുഷ്യരാശിയുടെപുരോഗതിയാണോ അധോഗതിയാണോ എന്നു പറയാന്‍ കഴിയാത്ത ഒരവസ്ഥയാണ് ഇപ്പോളുള്ളത്. മുന്നോട്ടുള്ള പ്രയാണത്തില്‍ എന്താണ് കൈവശം വെക്കേണ്ടത് എന്താണ് വലിച്ചെറിയേണ്ടത് എന്നതിനെക്കുറിച്ച് നമുക്ക് ഒരു ധാരണയുണ്ടോ എന്നതും വളരെ വലിയചോദ്യമാണ്.
 
പുതുവര്‍ഷം ആഘോഷിക്കുന്നതിനായി എല്ലാ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പല സ്ഥലങ്ങളിലും പാര്‍ട്ടികള്‍ക്കും മറ്റുമെല്ലാം കര്‍ശന നിയന്ത്രമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊച്ചുകുട്ടികള്‍ മുതല്‍ വൃദ്ധര്‍ക്ക് വരെ പങ്കെടുക്കാന്‍ സാധിക്കുന്ന തരത്തിലുള്ള പാര്‍ട്ടികള്‍ക്ക് മാത്രമേ അനുമതി നല്‍കൂയെന്ന് പൊലീസ് വ്യക്തമാക്കിക്കഴിഞ്ഞു. രാത്രി 12.30 ന് ശേഷം സംഗീത വിരുന്നുകളോ പാര്‍ട്ടികളോ നടത്താന്‍ പാടില്ലെന്നും പാര്‍ട്ടികളില്‍ പൊലീസ് സാന്നിധ്യം നിര്‍ബന്ധമാക്കുമെന്നും നിര്‍ദേശത്തില്‍ പറയുന്നുണ്ട്. ഏതെല്ലാം രീതിയിലാണ് പുതുവര്‍ഷം സുരക്ഷിതമാക്കി ആഘോഷിക്കുകയെന്ന് നോക്കാം.
 
* ഒരു കാരണവശാലും മദ്യപിച്ച ശേഷം വാഹനമോടിക്കരുത്. അത്തരം സന്ദര്‍ഭത്തില്‍ ഒരു ഡ്രൈവറുടെ സഹായം തേടുകയോ അല്ലെങ്കില്‍ ടാക്സി ഏര്‍പ്പെടുത്തുകയോ ചെയ്യേണ്ടതാണ്.
 
* രാത്രി 8മണിയ്ക്കും പുലര്‍ച്ചെ 2 മണിക്കുമിടയില്‍ റോഡിലൂടെയുള്ള കാല്‍നടയാത്ര കഴിവതും ഒഴിവാക്കുക. എന്തെന്നാല്‍ മദ്യ ഉപയോഗത്തിലൂടെയുള്ള റോഡ് അപകടങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന സമയമാണ് അത്. 
 
* വാഹനം ഓടിക്കുന്ന വേളയില്‍ സൈക്കിള്‍ യാത്രക്കാരേയും മദ്യപിച്ചു നടക്കുന്നവരേയും പ്രത്യേകം ശ്രദ്ധിക്കുക.
 
* ഉയര്‍ന്ന ശബ്ദമോ കരിമരുന്ന് പ്രയോഗമോ ഉള്ള സ്ഥലങ്ങളിലേക്ക് നിങ്ങളുടെ വളര്‍ത്തു മൃഗങ്ങളെ കൊണ്ടുപോകരുത്. അവയെ വീടിനുള്ളില്‍ നിര്‍ത്താന്‍ ശ്രദ്ധിക്കണം
 
* പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ഒരു കാരണവശാലും മദ്യം കൊടുക്കരുത്.
 
*  സോഷ്യല്‍ മീഡിയയുടെ ഉപയോഗത്തില്‍ കുറച്ച് നിയന്ത്രണം ഏര്‍പ്പെടുത്തുക. 
 
ഏവര്‍ക്കും മലായാളം വെബ്ദുനിയയുടെ പുതുവത്സരാശംസകള്‍  

വെബ്ദുനിയ വായിക്കുക