സോണിയ ഗാന്ധിക്കെതിരേ ഉമാഭാരതി മത്സരിച്ചേക്കും

വെള്ളി, 28 മാര്‍ച്ച് 2014 (11:52 IST)
PTI
PTI
റായ്ബറേലിയില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും തീപ്പൊരി നേതാവുമായ ഉമാഭാരതി മത്സരിച്ചേക്കും. ഉമാഭാരതിയുടെ തീരുമാനത്തിനുവേണ്ടിയാണ് ബിജെപി കാക്കുന്നത്

നേരത്തെ ഝാന്‍സി മണ്ഡലത്തില്‍ മത്സരിക്കുന്നതിനായി ഉമാഭാരതിക്ക് ബിജെപി സീറ്റ് അനുവദിച്ചിരുന്നു. എന്നാല്‍ സോണിയാ ഗാന്ധിയെ അവരുടെ മണ്ഡലത്തില്‍ മുട്ടുകുത്തിക്കാന്‍ ശക്തമായ സ്ഥാനാര്‍ത്ഥി വേണമെന്ന ചിന്തയാണ് ഉമാഭാരതിയെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ആലോചിക്കാന്‍ കാരണം.

യോഗഗുരു ബാബ രാംദേവാണ് നിര്‍ദേശം ആദ്യമായി ഉന്നയിച്ചത്. സോണിയക്കെതിരേ ഉമാഭാരതിയെ സ്ഥാനാര്‍ഥിയാക്കിയാല്‍ പ്രചരണത്തിന് ഇറങ്ങാമെന്നായിരുന്നു ബാബ രാംദേവ് ബിജെപി നേതൃത്വത്തെ അറിയിച്ചത്. എന്നാല്‍ വാര്‍ത്തയോട് പ്രതികരിക്കാന്‍ ഉമാഭാരതി തയ്യാറായില്ല.

അതേസമയം റായ്ബറേലിയില്‍ സോണിയയെ കീഴടക്കുക അത്രയൊന്നും എളുപ്പമാകാനിടയില്ല. കഴിഞ്ഞ തവണ 3,72,165 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സോണിയ ജയിച്ചു കയറിയത്. രണ്ടാം സ്ഥാനത്തെത്തിയ ബിഎസ്പിയുടെ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് വെറും 109325 വോട്ടുകള്‍ മാത്രമാണ്. ബിജെപിയിലെ സ്ഥാനാര്‍ത്ഥിക്ക് റായ്ബറേലിയില്‍ ലഭിച്ചത് വെറും 25444 വോട്ടുകള്‍ മാത്രമാണ്.

വെബ്ദുനിയ വായിക്കുക