കാവാലത്തിന്റെ സ്വപ്‌നം അരങ്ങിലെത്തി; അഭിജ്ഞാന ശാകുന്തളത്തില്‍ മഞ്ജു ശകുന്തളയായി

ചൊവ്വ, 19 ജൂലൈ 2016 (09:24 IST)
അന്തരിച്ച നാടകാചാര്യന്‍ കാവാലം നാരായണപ്പണിക്കര്‍ക്ക് പ്രണാമര്‍പ്പിച്ച് നടി മഞ്ജു വാര്യര്‍ ശകുന്തളയായി അരങ്ങിലെത്തി. കാവാലത്തിന്റെ നാടക കളരിയായ സോപാനം അവതരിപ്പിച്ച അഭിജ്ഞാന ശാകുന്തളം സംസ്‌കൃത നാടകത്തിലാണ് ശകുന്തളയായി മഞ്ജു നാടകവേദിയില്‍ അരങ്ങേറ്റം കുറിച്ചത്. 
 
സംസ്‌കൃത സംഭാഷണങ്ങളും ഗാനങ്ങളും നിറഞ്ഞ നാടകത്തിന്റെ പരിശീല ഒരുക്കങ്ങള്‍ക്കിടെയാണ് കാവാലം വിടപറഞ്ഞത്. അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം നിറവേറ്റാന്‍ ശിഷ്യരും കുടുംബാംഗങ്ങളും ഒത്തുചേര്‍ന്നു. 
 
ഇന്ത്യയിലും വിദേശത്തുമുള്ള വേദികളില്‍ നേരത്തെ തന്നെ കാവാലത്തിന്റെ അഭിജ്ഞാന ശാകുന്തളം അരങ്ങേറിയിരുന്നു. നാടകവേദിയിലെത്തണമെന്ന മഞ്ജുവന്റെ ആഗ്രഹം നിറവേറ്റാനാണ് വീണ്ടും ഇതേ നാടകം ചിട്ടപ്പെടുത്താന്‍ കാവാലം ഒരുങ്ങിയത്. ഒന്നേമുക്കാല്‍ മണിക്കൂറുള്ള നാടകത്തില്‍ ഗിരീഷ് സോപാനമാണ് ദുഷ്യന്തനെ അവതരിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെ പ്രമുഖര്‍ നാടകം കാണാനെത്തി. മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സിന്റെ പേരില്‍ മഞ്ജു തന്നെയാണ് നാടകം നിര്‍മ്മിച്ചത്. സ്വരലയയുടെ സഹകരണത്തോടെയാണ് സോപാനം നാടകം അരങ്ങിലെത്തിച്ചത്. (ഫോട്ടോ കടപ്പാട്: ശ്രീരാജ്)
 
 

വെബ്ദുനിയ വായിക്കുക