കനിയുമോ ഈ ദൈവങ്ങള്‍ ?; ശ്രീശാന്തിന്റെ ക്രിക്കറ്റ് ഭാവി ഇവരുടെ കൈകളില്‍

ചൊവ്വ, 8 ഓഗസ്റ്റ് 2017 (17:31 IST)
മാന്യന്മാരുടെ കളിയില്‍ ഇനി ശ്രീശാന്തിന്റെ ഭാവി എന്താകുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കേരള ഹൈക്കോടതി ശ്രീക്കൊപ്പം നിന്നപ്പോള്‍ ക്രിക്കറ്റിനെ സ്‌നേഹിക്കുന്നവരെല്ലാം ആ തീരുമാനത്തെ രണ്ടും കൈയും നീട്ടി സ്വീകരിച്ചു. എന്നാല്‍, ഇന്ത്യന്‍ ക്രിക്കറ്റില്‍ ഈ മലയാളീ താരത്തിന്റെ ഭാവി എങ്ങനെയാകുമെന്നതില്‍ ആര്‍ക്കും ഉറപ്പ് പറയാനാകുന്നില്ല.  

കേരള ക്രിക്കറ്റ് അസോസിയേഷൻ ശ്രീശാന്തിന് പിന്തുണ നല്‍കുമ്പോഴും രണ്ടു പ്രതിബന്ധങ്ങളാണ് അദ്ദേഹത്തിനു മുന്നിലുള്ളത്. ബിസിസിഐ എടുക്കുന്ന നിലപാടും പ്രായവുമാണ് ശ്രീ തരണം ചെയ്യേണ്ടത്. ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ ബിസിസിഐ അപ്പീൽ പോയാല്‍ ശ്രീക്ക് മുമ്പില്‍ ടീം ഇന്ത്യ സ്വപ്‌നലോകം അവസാനിക്കും.

ശ്രീ​ശാ​ന്തി​ന് ഏ​ർ​പ്പെ​ടു​ത്തി​യ ആജീവനാന്ത വി​ല​ക്ക് പി​ൻ​വ​ലി​ച്ച ഹൈക്കോടതി വിധിയില്‍ പ​ഠി​ച്ചി​ട്ട് പ്ര​തി​ക​രി​ക്കാ​മെ​ന്ന ബി​സി​സി​ഐ നിലപാട് ആശങ്കയുണ്ടാക്കുന്നതാണ്. വിധി ബിസിസിഐയുടെ നിയമകാര്യ വിഭാഗം പരിശോധിക്കുമെന്നും ശേഷം നിലപാട് ഉചിതമായ വേദിയിൽ അറിയിക്കുമെന്നും ബിസിസിഐ പറയുന്നത്. എന്നാല്‍, കോടതി വിധി നടപ്പാക്കാനായി ബിസലിസിഐ ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായി ഇടപെടുമെന്നും ശ്രീശാന്തിന്റെ പ്രതീക്ഷ.

വിലക്ക് നീക്കിയത് ബിസിസിഐ അംഗീകരിച്ചാൽ ശ്രീ​ശാ​ന്തി​ന് മുന്നില്‍ ക്രിക്കറ്റിന്റെ വാതിലുകള്‍ പടിപടിയായി തുറക്കും. വിലക്കുമൂലം നാല് വര്‍ഷമായി കയറാന്‍ പോലും സാധിക്കാത്ത ക്രിക്കറ്റ് ഗ്രൌണ്ടുകള്‍ ഉപയോഗിക്കാനും വിദേശ ലീഗുകളില്‍ കളിക്കാനും ഇതോടെ അദ്ദേഹത്തിനാകും. കൂടാതെ, തടയപ്പെട്ട പ്രതിഫലവും ലഭിക്കും. പക്ഷേ ഇതിനെല്ലാം ബിസിസിഐയുടെ നിലപാടാകും ശ്രീയുടെ ക്രിക്കറ്റ് ഭാവി നിര്‍ണയിക്കുക.

അതേസമയം, കേരള ക്രിക്കറ്റ് അസോസിയേന്‍ മുന്നിട്ടിറങ്ങിയാല്‍ ശ്രീക്ക് അനുകൂലമായ സാഹചര്യമൊരുങ്ങും. ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ ശ്രീശാന്തിന് അവസരമൊരുക്കുകയാണ് കെസിഎ ആദ്യം ചെയ്യേണ്ടത്. ഇതിലൂടെ ശാരീരിക ക്ഷമതയും ഫോമും തെളിയിക്കേണ്ടത്. വാക്കുകളിലൊതുങ്ങാതെ പ്രവര്‍ത്തിയിലൂടെ കെസിഎ നീക്കം ശക്തമാക്കിയാല്‍ ബിസിസിഐ അനുകൂലമായ തീരുമാനം സ്വീകരിച്ചേക്കും.

ഈ വര്‍ഷം അവസാനം ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ടെസ്‌റ്റ് പരമ്പര ലക്ഷ്യമാക്കുന്ന 34കാരനായ ശ്രീയെ പ്രായം വേട്ടയാടും. നിലവിലെ ഇന്ത്യന്‍ ടീമിലെ പേസ് ബോളര്‍മാരെല്ലാം അദ്ദേഹത്തിനേക്കാള്‍ ചെറുപ്പമാണ്. ഇവരെല്ലാം മികച്ച രീതിയില്‍ ബോള്‍ ചെയ്യുന്നവരും വിക്കറ്റ് സ്വന്തമാക്കുന്നവരുമാണ്. ഉമേഷ് യാദവ്, മുഹമ്മദ് ഷാമി, ഭുവനേശ്വര്‍ കുമാര്‍, ജസ്‌പ്രീത് ബൂമ്ര, ഇഷാന്ത് ശര്‍മ എന്നിവര്‍ ഇന്ത്യന്‍ ടീമിലെ സ്ഥിര സാന്നിധ്യമാണെന്നതും ശ്രീയുടെ വേട്ടയാടുന്നുണ്ട്.

വെബ്ദുനിയ വായിക്കുക