വി‌എസ് എങ്ങോട്ട് പോകും? കൂടെക്കൂട്ടാന്‍ സിപി‌ഐയും , ആം ആദ്മിയും

ശനി, 21 ഫെബ്രുവരി 2015 (13:03 IST)
പാര്‍ട്ടി പുറത്താക്കിയില്ലെങ്കില്‍ സ്വയം പുറത്തുപോകാന്‍ തയ്യാറാണെന്ന് രീതിയില്‍ അസാധാരണ തരത്തില്‍ വി‌എസ് പ്രതികരിക്കുമ്പോള്‍ പ്രതീക്ഷയൊടെ വി‌എസിലേക്ക് ഉറ്റുനോക്കുന്ന രണ്ട് പാര്‍ട്ടികള്‍ കേരളത്തിലുണ്ട്. ഒന്ന് ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ഇന്ത്യയിലെ ആദ്യത്തെ പ്രസ്ഥാനമയ സി‌പി‌ഐയും രാഷ്ട്രീയത്തിലെ നവ മുകുളമായ ആം ആദ്മിയുമാണ് ആ രണ്ട് പാര്‍ട്ടികള്‍. രണ്ടുകൂട്ടരും വി‌എസ് പൊലെയുള്ള ഒരു രാഷ്ട്രീയ പ്രതിഛായ ഏറ്റവും അത്യാവശ്യമായ ഘട്ടത്തില്‍ കൂടിയാണ് കടന്നുപോകുന്നത്.
 
വി‌എസിനെ കൂടെ കൂട്ടുന്നതില്‍ സി‌പിഐയില്‍ ആര്‍ക്കും തന്നെ എതിര്‍പ്പുണ്ടാകാന്‍ സാധ്യതയില്ല. കാരണം സിപി‌എമ്മിന്റെ ഏകാധിപത്യ നിലപാടുകള്‍ക്കെതിരെ വേണ്ട രീതിയില്‍ പ്രതികരിക്കുന്നതില്‍ ഇപ്പോഴത്തെ സിപി‌ഐയുടെ സംസ്ഥാന നേതൃത്വം പരാജയമാണെന്ന വിലയിരുത്തല്‍ പാര്‍ട്ടിയില്‍ തന്നെയുണ്ട്. അതിനാല്‍ വി‌എസിനേപ്പൊലെയുള്ള കരുത്തനായ നേതാവ് പാര്‍ട്ടിയിലേക്കെത്തുകയാണെങ്കില്‍ സംഘടനാപ്രമായ ഉണര്‍വും അടിത്തറയില്‍ വ്യാപകമായ വളര്‍ച്ചയും ഉണ്ടാകുമെന്ന് സിപി‌ഐയ്ക്ക് നല്ലതുപോലെ അറിയാം.
 
കൂടാതെ വി‌എസ് അനിഷേധ്യനായ നേതാവാണെന്ന് സിപി‌ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞതും വി‌എസിനേപ്പോലെ ഒരാള്‍ക്കെതിരായ നീക്കങ്ങള്‍ വേദനാജനകമാണെന്ന് മുതിര്‍ന്ന നേതാവായ സി ദിവാകരനും പറയുന്നത് ഇതിനോട് കൂട്ടിവായിക്കേണ്ടതാണ്. നേരത്തേ തന്നെ സിപി‌ഐ വി‌എസ് അനുകൂല നിലപാടുകള്‍ പരസ്യമാക്കി പ്രഖ്യാപിച്ചിട്ടുള്ളതാണ്. കഴിഞ്ഞ പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ വി‌എസിനെ സിപി‌ഐ മുഖ്യാതിഥിയായി ക്ഷണിച്ചത് ഈ സൂചനകള്‍ നല്‍കിക്കൊണ്ടാണ്.
 
അതേസമയം കേരളത്തിലെ ആം ആദ്മി പാര്‍ട്ടി സംഘടനാപരമായി ദൌര്‍ബല്യവും ശക്തമായ നേതൃത്വത്തിന്റെ അഭാവത്തിലും പ്രതിസന്ധിയിലാണ്. നിലവിലെ സംസ്ഥാന സമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ കെജ്രിവാള്‍ അസംതൃപ്തനുമാണ്. ശക്തമായൊരു സമരം നടത്താന്‍ തക്ക നേതൃത്വ ശേഷി നിലവില്‍ ആം ആദ്മിയില്‍ ഇല്ലാത്തതിനാല്‍ വി‌എസിനെ ലഭിക്കുന്നത് കേരളത്തില്‍ മാത്രമല്ല ദേശീയ തലത്തില്‍ തന്നെ ആം ആദ്മിക്ക് രാഷ്ട്രീയ മൈലേജാണ് ഉണ്ടാക്കുക. ഇക്കാര്യം പാര്‍ട്ടി നേതൃത്വത്തിന് നന്നായി അറിയാം.
 
അതിനാല്‍ കെജ്രിവാളിന്റെ കണ്ണ് വി‌എസിന്റെ മേല്‍ എപ്പോഴുമുണ്ട്. കെജ്രിവാള്‍ രണ്ടാമത് അധികാരത്തിലെ ഏറുന്ന സമയത്ത് വി‌എസിനെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചത് ഈ താല്പര്യത്തിന്റെ വ്യക്തമായ സൂചനയാണ്. കൂടാതെ പാര്‍ട്ടിയുടെ സ്ഥാപനം നടന്ന ആദ്യ കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ കേരളത്തിലെത്തിയ ആം ആദ്മി ദേശീയ നേതാക്കള്‍ വി‌എസിനെ ആം ആദ്മിയിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അനുകൂല പ്രതികരണമല്ല അന്ന് നല്‍കിയത്. എങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ വി‌എസ് എന്ത് നിലപാടുകള്‍ എടുക്കുമെന്ന് കേരളത്തോടൊപ്പം ആം ആദ്മിയും താല്പര്യപൂര്‍വ്വമാണ് ശ്രദ്ധിക്കുക.

 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക